വെള്ളാപ്പള്ളിയോടും മുഖ്യമന്ത്രിയോടും ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാനാവില്ല, ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണം; സിപിഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ല; 'സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍': ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു
വെള്ളാപ്പള്ളിയോടും മുഖ്യമന്ത്രിയോടും ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാനാവില്ല
മലപ്പുറം: വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി യാത്ര ചെയ്തതില്‍ ഒരു പ്രശ്നവുമില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആര്‍ക്കും ആരോടൊപ്പവും യാത്ര ചെയ്യാം. അതില്‍ ഒരു പ്രശ്നവും ഇല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയോടോ മുഖ്യമന്ത്രിയോടോ ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാന്‍ സാധിക്കില്ല. ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും സിപിഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായ ഒരാള്‍ പോലും പുറത്ത് പോകരുതെന്നും അങ്ങനെ സംഭവിച്ചാല്‍ നാടിന്റെ ജനാധിപത്യ സംവിധാനത്തെ അത് ദുര്‍ബലപ്പെടുത്തും. രേഖകള്‍ ഉണ്ടായിട്ടും വോട്ട് തള്ളിയാല്‍ ആശങ്കയുണ്ടാകും. കേരളത്തില്‍ അങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതില്ലെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'സമസ്തയും ലീഗും തമ്മില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശതാബ്ദി സന്ദേശ യാത്രയില്‍ അബ്ബാസ് അലി തങ്ങള്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതികപ്രശ്നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് വരാന്‍ സാധിക്കാഞ്ഞത്. പിണക്കത്തിന്റെ ഭാഗമായല്ല. സാദിഖ് അലിയാണല്ലോ ചെയര്‍മാന്‍. താനുമായി ലീഗില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉള്ളതായി അറിയില്ല.'
'എല്ലാവരെയും ക്ഷണിച്ചു. വരാതിരുന്നതൊന്നും പിണക്കം കൊണ്ടല്ല, അസൗകര്യം കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെ കുറിച്ച് തന്നോടൊന്നും ചോദിക്കേണ്ട. സമസ്തക്ക് രാഷ്ട്രീയമില്ല.' അദ്ദേഹം വ്യക്തമാക്കി. 'ജമാഅത്ത് അടക്കമുള്ളവരോട് ആശയപരമായ എതിര്‍പ്പ് ഉണ്ട്. അവര്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നതിനോ ആരുടെയെങ്കിലും ഒപ്പം ചേരുന്നതിനോ ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഇത് ഒരു ജനാധിപത്യ രാജ്യമല്ലേ. ഇതില്‍ അഭിപ്രായം പറഞ്ഞാല്‍ താന്‍ അപഹാസ്യനാകും. ജമാഅത്തുമായി ഞങ്ങള്‍ കൂട്ടുകൂടുമോയെന്ന് എന്നോട് ചോദിക്കൂ.' ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതുകൊണ്ടാണ് പിണറായിയുമായി അടുപ്പം സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സമസ്തയുടെ നൂറാം വാര്‍ഷിക രാജ്യന്തര സമ്മേളനം ഫെബ്രുവരിയില്‍ നടക്കും. ശതാബ്ദി സന്ദേശ യാത്ര ഇന്നലെ നാഗര്‍കോവിലില്‍ നിന്ന് തുടങ്ങി മംഗലാപുരത്ത് അവസാനിക്കും. ഇന്ന് പുത്തരിക്കണ്ടത് മുഖ്യമന്ത്രി പങ്കെടുക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സാദിഖലി തങ്ങള്‍ പങ്കെടുക്കാത്തത് ഒരു പിണക്കത്തിന്റെയും ഭാഗമായല്ല. അദ്ദേഹത്തിന് ചില അസൗകര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ്. സമസ്തയ്ക്ക് രാഷ്ട്രീയമില്ല. വ്യക്തികള്‍ക്ക് രാഷ്ട്രീയമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
