രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളെല്ലാം ഇഡി സസുക്ഷ്മം പരിശോധിക്കും; സംഭാവന നല്‍കിയവര്‍ക്ക് മുന്‍കൂര്‍ പണം കിട്ടിയോ എന്ന സംശയത്തിലും അന്വേഷണം; ഇലക്ഷന്‍ കമ്മീഷന് ഇഡിയുടെ കത്ത്; എസ് ഡി പി ഐയെ പൂട്ടാന്‍ ഉറച്ച് കേന്ദ്ര നീക്കങ്ങള്‍

Update: 2025-03-23 08:38 GMT

ന്യൂഡല്‍ഹി: എസ് ഡി പി ഐ എല്ലാ അര്‍ത്ഥത്തിലും പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യവിരുദ്ധ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ചെന്ന കേസില്‍ രാജ്യവ്യാപകമായി എസ് ഡ ിപി ഐ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെ കേസില്‍ മറ്റൊരു വഴിത്തിരിവ്. എസ്ഡിപിഐ അക്കൗണ്ടിലേക്ക് വന്ന സംഭാവനകള്‍ സംശയം ജനിപ്പിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തല്‍. റെയ്ഡുകള്‍ക്ക് പിന്നാലെയാണ് വിശദംശങ്ങള്‍ ആരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് നല്‍കിയത്.

തിരഞ്ഞെടുപ്പ് ചെലവുകള്‍, സംഭാവനകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉള്‍പ്പെടെ രണ്ട് മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കത്ത് അയച്ചത്. മാത്രമല്ല സംഭാവന നല്‍കിയവര്‍ക്ക് മുന്‍കൂര്‍ പണം എത്തുകയും പിന്നീട് ഇതേ പണം എടുത്ത് സംഭാവന എന്ന പേരില്‍ എസ്ഡിപിഐ നേതാക്കള്‍ക്ക് നല്‍കുന്ന രീതിയാണ് അവലംബിക്കുന്നതെന്നും ഇ ഡി വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ് തുടരും. എസ്ഡിപിഐ നിരോധനത്തിലേക്ക് കാര്യങ്ങളെത്താനും സാധ്യതയുണ്ട്.

എസ് ഡി പി ഐയ്ക്ക് സംഭാവന എന്ന രീതിയില്‍ വന്‍ തുക നല്‍കിയവര്‍ക്ക് തത്തുല്യമായ തുക പണമായി മൂന്‍കൂട്ടി ലഭിച്ചിരുന്നതായി ഇഡിക്ക് സൂചനകള്‍ കിട്ടി. കള്ളപ്പണ ഇടപാടിന്റെ സ്വഭാവം സംഭാവനകള്‍ക്കുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചു. എസ് ഡിപിയില്‍ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡി അറിയിച്ചു. കേരളത്തില്‍ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചെന്നാണ് സൂചനകള്‍. വഹിദുര്‍ റഹ്‌മാന്‍ എന്നയാളെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ ആയുധ പരിശീലനം നല്‍കിയിരുന്ന വ്യക്തിയെന്ന് ഇ ഡി കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരില്‍ എത്തിയ പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറി.

അനധികൃത പണമിടപാട് നടന്നെന്നും ഇഡി ആരോപിക്കുന്നു. പി എഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകളും കേന്ദ്ര ഏജന്‍സിയ്ക്ക് ലഭിച്ചു. പാലക്കാട് ഒറ്റപ്പാലത്തും കോട്ടയത്തും എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇ ഡി റെയ്ഡ് നടന്നിരുന്നു. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയുടെ വീട്ടില്‍ പരിശോധന നടന്നിരുന്നു. എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു പരിശോധനകള്‍. കോട്ടയത്ത് വാഴൂര്‍ ചാമംപതാല്‍ എസ് ബി ടി ജംഗ്ഷനില്‍ മിച്ചഭൂമി കോളനിയില്‍ നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലും ഇഡി എത്തി. നിരോധിച്ച പി എഫ് ഐയുടെ ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. ഡല്‍ഹിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ഇവിടെ പരിശോധന നടത്തിയത്.

എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കുമെന്നും സൂചനകളുണ്ട്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ)യ്ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയായ എസ്.ഡി.പി.ഐയും നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. പി.എഫ്.ഐക്കെതിരെ ഡല്‍ഹിയിലും കൊച്ചിയിലുമുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധിപ്പിച്ചാകും എസ്.ഡി.പി.ഐയിലേക്കും അന്വേഷണമുണ്ടാവുക. 2020 ഡിസംബറിലും തുടര്‍ന്നും വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നു. എസ്.ഡി.പി.ഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പി.എഫ്.ഐ പങ്ക് വഹിച്ചതായും കണ്ടെത്തി.

പി.എഫ്.ഐയെ നിരോധിക്കാന്‍ കാരണമായ ദേശവിരുദ്ധ,ഭീകരപ്രവര്‍ത്തനം എസ്.ഡി.പി.ഐ നേതാക്കള്‍ക്കെതിരെയും ചുമത്താന്‍ കഴിയുമോയെന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കോഴിക്കോട്ടെ പി.എഫ്.ഐ ഓഫീസില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത രേഖകളില്‍ എല്ലാ അര്‍ത്ഥത്തിലും ഇസ്ളാമിക പ്രസ്ഥാനമാണ് എസ്.ഡി.പി.ഐയെന്ന് വിവരിക്കുന്നുണ്ട്. 'ശാരീരികവും പ്രക്ഷോഭപരവും നിയമപരവും ആശയപരവുമായ പ്രതിരോധം തീര്‍ക്കുന്ന ജിഹാദാണ്' ലക്ഷ്യമെന്നും പറയുന്നു. പാര്‍ട്ടിയും അനുബന്ധ സംഘടനകളും ലക്ഷ്യം കൈവരിക്കാനുള്ള വഴികളാണ്. പുറമെ സാമൂഹികപ്രസ്ഥാനമെന്ന് പറയുമെങ്കിലും സംഘടന ഇസ്ളാമികമാണെന്നും രേഖയില്‍ പറയുന്നു.

പി.എഫ്.ഐ വിദേശത്തു നിന്നുള്‍പ്പെടെ ശേഖരിച്ച പണം എസ്.ഡി.പി.ഐ നേതാക്കള്‍ക്കും ലഭിച്ചതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 4.07 കോടി പി.എഫ്.ഐ സംശകരമായ ആവശ്യങ്ങള്‍ക്കായി എസ്.ഡി.പി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Tags:    

Similar News