തിരുവല്ല സ്പായിലെ പീഡനം: പ്രതികളായ വരുണും ബെര്‍ലിന്‍ ദാസും റവന്യൂ ടവറിലെ ഗുണ്ടാപ്പിരിവുകാര്‍; മദ്യവില്‍പ്പനശാലയില്‍ വരുന്നവരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടും; പരാതി കിട്ടിയിട്ടും പോലീസ് അനങ്ങിയില്ല
തിരുവല്ല സ്പായിലെ പീഡനം: പ്രതികളായ വരുണും ബെര്‍ലിന്‍ ദാസും റവന്യൂ ടവറിലെ ഗുണ്ടാപ്പിരിവുകാര്‍
തിരുവല്ല: മീന്തലക്കരയില്‍ സ്പാ ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കാപ്പ കേസ് പ്രതി മരണം സുബിനൊപ്പം പിടിയിലായ കൂട്ടാളികളായ നിരണം കോതേരില്‍ വീട്ടില്‍ വരുണ്‍ കുമാര്‍ (36), കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസ്(38) എന്നിവര്‍ തിരുവല്ല റവന്യൂ ടവറിലെ പിടിച്ചു പറിക്കാര്‍. റവന്യൂ ടവര്‍ പ്രവര്‍ത്തിക്കുന്ന ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലാണ് ബെവ്കോയുടെ ചില്ലറ മദ്യവില്‍പ്പനശാലയുമുള്ളത്. ഇതിനോട് തൊട്ടടുത്തായി തിരുവല്ല ട്രാഫിക് പോലീസ് സ്റ്റേഷനും പ്രവര്‍ത്തിക്കുന്നു. നേരത്തേ പോലീസ് സ്റ്റേഷനും ഇവിടെയായിരുന്നു.
ബെവ്കോ മദ്യവില്‍പ്പനശാലയില്‍ മദ്യം വാങ്ങാന്‍ വരുന്നവരെയും വിവിധ ആവശ്യങ്ങള്‍ക്കായി റവന്യൂ ടവറിലെ ഓഫീസുകളിലും കോടതികളിലും വരുന്നവരെയും വിരട്ടി പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി. ആജാനുബാഹുവായ വരുണിനെ കാണുമ്പോള്‍ പലരും ഭയന്നു പണം കൊടുക്കും. 50, 100 രൂപ വീതമാണ് ഇവര്‍ വാങ്ങിയിരുന്നത്. ഇത് കൂട്ടി വച്ച് മദ്യം വാങ്ങിയ ശേഷം റവന്യൂ ടവറിലെ ബാത്ത്റൂമില്‍ പോയി മദ്യപിക്കും. പുറത്തിറങ്ങി വീണ്ടും പിരിവ് തുടങ്ങും.
റവന്യൂ ടവറില്‍ തന്നെയുള്ള കോടതികളില്‍ വരുന്ന അഭിഭാഷകരോടും ഇവര്‍ പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസില്‍ അഭിഭാഷകര്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നാല്‍, മദ്യം വാങ്ങാന്‍ വരുന്നവരെ പിടിച്ചു നിര്‍ത്തി ഊതിച്ചും ട്രാഫിക് നിയമലംഘനങ്ങളുടെ പേര് പറഞ്ഞു പോലീസ് പെറ്റി ഈടാക്കുന്നുമുണ്ട്.
പട്ടാപ്പകലായിരുന്നു ഇവരുടെ പിടിച്ചു പറി. മുന്തിയ വാഹനങ്ങളില്‍ മദ്യം വാങ്ങാന്‍ വരുന്നവരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ പ്രശ്്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് പണം നല്‍കി പോവുകയാണ് ചെയ്തിരുന്നത്.