അമേരിക്കയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ സ്വര്‍ണ്ണ ടോയ്‌ലറ്റ് ലേലം ചെയ്യുന്നു; 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ടോയ്‌ലറ്റിന്റെ തൂക്കം 101.2 കിലോഗ്രാം; 42 കോടി വിലമതിക്കുന്ന മറ്റൊരു സ്വര്‍ണ ടോയ്‌ലറ്റ് മോഷണം പോയത് 2016-ല്‍ ന്യൂയോര്‍ക്കിലെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ നിന്നും
അമേരിക്കയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ സ്വര്‍ണ്ണ ടോയ്‌ലറ്റ് ലേലം ചെയ്യുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ സ്വര്‍ണ്ണ ടോയ്‌ലറ്റ് ലേലം ചെയ്യാന്‍ പോകുന്നു. 2019ല്‍ ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ നിന്ന് ആദ്യ സ്വര്‍ണ ടോയ്ലറ്റ് മോഷ്ടിക്കപ്പെട്ടിരുന്നു. ഇറ്റാലിയന്‍ കണ്‍സെപ്ച്വല്‍ ആര്‍ട്ടിസ്റ്റ് മൗറീഷ്യോ കാറ്റെലന്‍ സൃഷ്ടിച്ച അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ടോയ്ലറ്റ് ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഇതിന്റെ തൂക്കം 101.2 കിലോഗ്രാമാണ്.
2016-ല്‍ ന്യൂയോര്‍ക്കിലെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തിലെ ഒരു പൊതു കുളിമുറിയിലാണ് ഈ സൃഷ്ടിയുടെ ആദ്യ പതിപ്പ് സ്ഥാപിച്ചത്, എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഓക്സ്ഫോര്‍ഡ്ഷയറിലെ ബ്ലെന്‍ഹൈമില്‍ നിന്ന് ഒരു സംഘം കള്ളന്മാര്‍ അത് മോഷ്ടിക്കുകയായിരുന്നു. ഈ മാസം18-ന് ന്യൂയോര്‍ക്ക് നഗരത്തിലെ സോത്ത്ബീസിലാണ് രണ്ടാമത്തെ സ്വര്‍ണ ടോയ്ലറ്റ് ലേലത്തിന് വെയ്ക്കുന്നത്.
ഗുഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ ആയിരുന്ന ഘട്ടത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ആദ്യത്തെ ടോയ്ലറ്റ് ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. പിന്നീടാണ് ഇത് ബ്ലെന്‍ഹൈം കൊട്ടാരത്തിലേക്ക് മാറ്റുകയായിരുന്നു. 2019 സെപ്റ്റംബര്‍ 14 ന് പുലര്‍ച്ചെ അഞ്ച് പേര്‍ അകത്തുകടന്ന് 4.8 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന സ്വര്‍ണ ടോയ്ലറ്റ് മോഷ്ടിച്ച് ഒരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ചയും തുടര്‍ന്നുണ്ടായ വിചാരണയും ലോകമെമ്പാടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓക്‌സ്‌ഫോഡുകാരായ ജെയിംസ് ഷീന്‍ , മൈക്കല്‍ ജോണ്‍സ് എന്നിവരാണ് ഈ കേസില്‍ പിടിയിലായത്. ഇരുവരും ഇപ്പോള്‍ ജയിലിലാണ്. കേസില്‍ ഗൂഡാലോചന നടത്തിയവരും കേസില്‍ പ്രതികളായിരുന്നു. 2016-ല്‍ കാറ്റെലന്‍ മൂന്ന് സ്വര്‍ണ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചുവെന്നും രണ്ടാമത്തെത് ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിയെന്നുമാണ് കരുതപ്പെടുന്നത്.
രണ്ടാമത്തെ പതിപ്പ് ന്യൂയോര്‍ക്കിലെ ബ്രൂവര്‍ ബില്‍ഡിംഗിലെ ഒരു കുളിമുറിയില്‍ ലേലത്തിന് വയ്ക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. ലോകത്ത് ആദ്യമായി, കലാസൃഷ്ടിയുടെ പ്രാരംഭ ബിഡ് വില്‍പ്പന ആരംഭിക്കുമ്പോള്‍ അതിന്റെ സ്വര്‍ണ്ണത്തിന്റെ കൃത്യമായ വിലയെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കുമെന്നാണ് ലേല സ്ഥാപനം പറയുന്നത്. അതായത്, ഇന്നത്തെ നിരക്കില്‍ വില്‍ക്കുകയാണെങ്കില്‍ സ്വര്‍ണ്ണ ടോയ്‌ലറ്റിന്റെ ലേലം ഏകദേശം 10 മില്യണ്‍ ഡോളറില്‍ ആയിരിക്കും ആരംഭിക്കുന്നത്.
