ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ കാറോടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ മാഞ്ചസ്റ്ററിലെ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് നാലു വര്‍ഷത്തെ തടവ് ശിക്ഷ; നാലു മക്കള്‍ അമ്മയില്ലാതെ വളരുന്ന സാഹചര്യം കണക്കിലെടുത്ത് കോടതി; നീതി കിട്ടിയില്ലെന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍

മാഞ്ചസ്റ്ററിലെ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് നാലു വര്‍ഷത്തെ തടവ് ശിക്ഷ

Update: 2024-11-23 05:04 GMT

കവന്‍ട്രി: മലയാളികള്‍ ഏറെ ആകാംഷയോടെയും പ്രയാസത്തോടെയും കാത്തിരുന്ന വാഹനാപകട കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി യുവതി സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. അപകടം ഉണ്ടായ സാഹചര്യത്തില്‍ യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചു പേരോ ചിത്രമോ നല്‍കാതെയാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയിരുന്നത്. പക്ഷെ ഇന്നലെ കോടതി വിധി കാത്തു പ്രാദേശിക മാധ്യമങ്ങളും മറ്റും കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ വിധി വന്ന ഉടന്‍ തന്നെ അതീവ പ്രാധാന്യത്തോടെ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെയുള്ള റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ മലയാളികള്‍ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളുടെ ലിങ്കും ചെഷയര്‍ പോലീസിന്റെ പത്രക്കുറിപ്പും ഒക്കെ വലിയ തോതില്‍ ഷെയര്‍ ചെയ്യുകയാണ്.

അതേസമയം സീനയ്ക്ക് ലഭിച്ച ശിക്ഷ വിധി സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. സൈക്കിള്‍ യാത്രക്കാരിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോയ സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു നിര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാലുവര്‍ഷം എന്നത് വളരെ കുറഞ്ഞ ശിക്ഷയായി പോയി എന്നാണ് സംഭവം നടന്ന പ്രദേശത്തെ നാട്ടുകാരുടെ ആദ്യ പ്രതികരണം. ശിക്ഷ വിധി പ്രസിദ്ധപ്പെടുത്തിയ പ്രാദേശിക മാധ്യമങ്ങളുടെ കമന്റ് കോളങ്ങളില്‍ ഇത് വ്യക്തവുമാണ്. എന്നാല്‍ നാലു വര്‍ഷത്തെ ശിക്ഷ എന്നത് ആശ്വാസത്തോടെയാണ് മലയാളികള്‍ കാണുന്നത്.

നാലു മക്കളുള്ള അമ്മയായ സീനയ്ക്ക് ഏറ്റവും വേഗത്തില്‍ പുറത്തിറങ്ങാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയില്‍ ആയിരുന്നു അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍. സീനയുടെ ഭര്‍ത്താവിന് മക്കളെ സംരക്ഷിക്കാന്‍ നിയമപരമായി സാധികാത്ത സാഹചര്യത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കുട്ടികളുടെ തുടര്‍ സംരക്ഷണവും വലിയ ചോദ്യ ചിഹ്നമായി മാറിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാകണം കോടതി കുറഞ്ഞ ശിക്ഷ നല്‍കിയത് എന്ന അനുമാനമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അപകടം ഉണ്ടായ ആദ്യ പകപ്പില്‍ കാര്‍ നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് 42കാരിയായ സീന കോടതിയില്‍ സമ്മതിച്ചിരുന്നു. ഗള്‍ഫില്‍ തരക്കേടില്ലാത്ത ജീവിതം നയിച്ചിരുന്ന സീനയും കുടുംബവും മറ്റു മലയാളികളെ പോലെ തന്നെ മക്കളുടെ സുരക്ഷിത ഭാവിയോര്‍ത്താണ് യുകെയിലേക്ക് കെയര്‍ വിസയില്‍ ജോലിക്കെത്തിയത്. എന്നാല്‍ പരിചിതമല്ലാത്ത ജോലി സാഹചര്യവും ജീവിത ചുറ്റുപാടുകളും അനേകം കുടുംബങ്ങളില്‍ പ്രയാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചത് എന്നതിന്റെ നേര്‍ ദൃഷ്ടാന്തമാണ് സീനയുടെ ഇന്നത്തെ അവസ്ഥ. യുകെയിലെ നിയമ സംവിധാനങ്ങള്‍ പരിചിതമാകും മുന്‍പ് കുടുംബ പ്രശ്‌നങ്ങള്‍ പോലീസിലും കോടതിയിലും എത്തിയതോടെ എണ്ണമില്ലാത്ത വിധം മലയാളി കുടുംബങ്ങള്‍ ഇപ്പോള്‍ ഒരു നെരിപ്പോട് കണക്കെ കഴിയുകയാണ്.

കേസിനെ തുടര്‍ന്ന് അറസ്റ്റില്‍ ആയതു മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സീനയ്ക്ക് ഈ മാസം 21 (വ്യാഴാഴ്ച) നാണു ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ പോലീസ് നിസാര കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തതെങ്കിലും അപകടത്തെ തുടര്‍ന്ന് 62കാരിയായ എമ്മ സ്മോള്‍വൂഡ് നാലു ദിവസത്തെ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുക ആയിരുന്നു. സെപ്റ്റംബര്‍ 14നാണു കേസിന് ആസ്പദമായ അപകടം സംഭവിക്കുന്നത്. സെപ്റ്റംബര്‍ 17 നാണു എമ്മയുടെ മരണം സംഭവിക്കുന്നത്. ഇതോടെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് കേസ് കോടതിയില്‍ എത്തിച്ചത്.

ഒരു സിനിമ ദൃശ്യത്തില്‍ പോലും കാണാനാകാത്ത വിധം ഭയപ്പെടുത്തുന്ന നിലയിലാണ് അപകടം സംഭവിച്ചത് എന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതായി സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ റേസ് സിം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ ഒരാളും ഡ്രൈവ് ചെയ്യരുതെന്നും അദ്ദേഹം കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിംഗിന്റെ പ്രാധാന്യം എല്ലാവരുടെയും സുരക്ഷയ്ക്ക് ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാകുന്നു.

എമ്മ സ്മോളിവുഡിന്റെ മരണത്തെ തുടര്‍ന്നുള്ള ഇന്‍ക്വസ്റ്റ് അടുത്ത വര്‍ഷം ഏപ്രില്‍ 20 വാറിംഗ്ടണ്‍ കൊറോണര്‍ കോടതിയില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യാനാകും എന്ന കാര്യവും കോടതി നിരീക്ഷിക്കും.

സീനയുടെ ശിക്ഷാ വിധി കണ്ണ് തുറപ്പിക്കണം; ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നേരെ ജയിലില്‍ എത്തിക്കും

പ്രത്യേകിച്ചും യുകെയില്‍ എത്തിയ പുതു തലമുറ മലയാളികള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലവും ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ വാഹനം ഓടിക്കുന്ന പതിവ് തുടരുന്നതിനാല്‍ സീന ചാക്കോയ്ക്ക് ഉണ്ടായ ദുര്‍വിധി മറ്റുള്ളവര്‍ക്ക് ഒരു പാഠം ആവുകയാണ്. ഡൊമൈസിലറി കെയര്‍ വിസയിലും മറ്റും എത്തിയ മലയാളി ചെറുപ്പക്കാര്‍ ഡ്രൈവിംഗ് പരിചയം ഇല്ലാതെ പോലും യുകെയിലെ തിരക്കേറിയ നഗര റോഡുകളില്‍ പോലും ഡ്രൈവ് ചെയ്യേണ്ട അപകടകരമായ സാഹചര്യമാണുള്ളത്. ഡ്രൈവ് ചെയ്തില്ലെങ്കില്‍ ജോലി ഇല്ല എന്നാണ് ഇവര്‍ക്ക് ജോലി നല്‍കിയിരിക്കുന്ന ഏജന്‍സികളുടെ നിലപാട്. ഇത്തരത്തില്‍ ലെസ്റ്റര്‍ ടൗണില്‍ ബസുമായി മലയാളി യുവതിയുടെ കാര്‍ കൂട്ടിയിടിച്ച സംഭവമടക്കം ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നെകിലും ഇപ്പോഴും അനേകമാളുകളാണ് യുകെയില്‍ അനധികൃത ഡ്രൈവിംഗ് നടത്തുന്നത് എന്ന് സീന ചാക്കോയുടെ ശിക്ഷാ വിധി വ്യക്തമാക്കുന്നു.

സീന ചാക്കോയുടെ അപകട റിപ്പോര്‍ട്ട് ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചപ്പോഴും അവരുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് മലയാളി വാര്‍ത്ത തെറ്റാണ് എന്ന ആക്ഷേപമാണ് അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ചെഷയര്‍ പോലീസ് പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പാണു ബ്രിട്ടീഷ് മലയാളി നല്‍കിയത്. ഇതില്‍ ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് കോടതിക്ക് നല്‍കിയതും. എന്നാല്‍ ഇത് തെറ്റാണു എന്ന് സീനയുടെ സുഹൃത്തുക്കള്‍ വാദിക്കുക ആയിരുന്നു. ലൈസന്‍സ് ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് ഉണ്ടെന്നായിരുന്നു പ്രധാന വാദം.

പക്ഷെ യുകെ നിയമം അനുസരിച്ച് അപകടം ഉണ്ടാകുമ്പോള്‍ ലൈസന്‍സ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് സ്വമേധയാ റദ്ദാകുന്ന നിയമമാണ് പോലീസ് പിന്തുടര്‍ന്നത്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് പ്രൊവിഷണല്‍ ലൈസന്‍സ് കാണിച്ചൊക്കെ ഇന്‍ഷൂറന്‍സ് ലഭിക്കുമെങ്കിലും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം ഇന്‍ഷൂറന്‍സുകള്‍ സ്വയം ഇല്ലാതാകും എന്ന അറിവില്ലായ്മയാണ് സീനയുടെ സുഹൃത്തുക്കളെ പ്രകോപനത്തിന് പ്രേരിപ്പിച്ചത്.

Tags:    

Similar News