സെഷന്‍സ് കോടതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അധികാരമുണ്ടെങ്കിലും 14 വര്‍ഷത്തിനുമുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; 20 കൊല്ലം പള്‍സര്‍ സുനിയെ ശിക്ഷിച്ച ആ വിധിക്ക് ഇത് ബാധകമാകുമോ? നിയമവൃത്തങ്ങളില്‍ പരമോന്നത കോടതിയുടെ ഈ ഉത്തരവ് ചര്‍ച്ചകളില്‍; 14 കൊല്ലം ജയിലില്‍ കിടന്നവര്‍ക്കെല്ലാം മോചനമോ?
ന്യൂഡല്‍ഹി: പള്‍സര്‍ സുനിയ്ക്ക് 20 കൊല്ലം ശിക്ഷ വിധിച്ചത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്. ഈ കോടതി വിധിക്ക് എന്തു സംഭവിക്കും ? ഈ ചര്‍ച്ച സജീവമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി. ജീവപര്യന്തം തടവ് എന്നതിന്റെ അര്‍ഥം ജീവിതാവസാനംവരെ എന്നാണെങ്കിലും അത് ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവയ്ക്കും സിആര്‍പിസി ചട്ടത്തിനും വിധേയമായ ഇളവിന്റെ ആനുകൂല്യത്തോടെ മാത്രമേ വിധിക്കാനാകൂ എന്നാണ് സുപ്രീംകോടതി നിരീക്ഷണം.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ 25 മുതല്‍ 30 വര്‍ഷംവരെയോ അല്ലെങ്കില്‍ ജീവിതാന്ത്യംവരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാമെന്നും സുപ്രീംകോടതി പറയുന്നു. എന്നാല്‍, 14 വര്‍ഷത്തിനുമുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെ്ന്നാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. കൊലപാതകക്കേസുകളില്‍ പ്രതികള്‍ക്ക് ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു വയ്ക്കുകയാണ്. ഇത് അനുസരിച്ച് സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ച എല്ലാ പ്രതികളേയും 14 കൊല്ലം കഴിഞ്ഞാല്‍ മോചിപ്പിക്കേണ്ടി വരുമെന്നാണ് വ്യാഖ്യാനം.
ഭരണഘടനയുടെ 141-ാം അനുച്ഛേദമനുസരിച്ച് സുപ്രീം കോടതി മുന്‍പ് പുറപ്പെടുവിച്ച വിധികള്‍ ഉദ്ധരിച്ചാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ഒരു പ്രതിക്ക് ഇളവുകളില്ലാതെ നിശ്ചിത കാലയളവോ അല്ലെങ്കില്‍ മരണം വരെയോ തടവ് ശിക്ഷ നല്‍കുന്നത് പ്രത്യേക അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും അത് സെഷന്‍സ് കോടതികള്‍ക്ക് പ്രയോഗിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു. സെഷന്‍സ് കോടതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അധികാരമുണ്ടെങ്കിലും, വധശിക്ഷയ്ക്ക് പകരമായി ഇളവുകളില്ലാത്ത ജീവപര്യന്തം ശിക്ഷ നിശ്ചയിക്കുന്നത് ഹൈക്കോടതികളുടെയോ സുപ്രീം കോടതിയുടെയോ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഈ വിധി രാജ്യത്തെ വിചാരണ കോടതികള്‍ ഇനിമുതല്‍ പുറപ്പെടുവിക്കുന്ന ശിക്ഷാ വിധികളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
സുപ്രീംകോടതിക്ക് മുമ്പില്‍ വന്ന കേസില്‍ ശിക്ഷ 14 വര്‍ഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് അനുമതി നല്‍കി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് മാത്രമാണ് അധികാരമെന്ന് ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കുന്നത്. വിചാരണക്കോടതി ശിക്ഷ ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. പള്‍സര്‍ സുനിയുടെ ശിക്ഷ 20 കൊല്ലമാണ്. അതു കുറഞ്ഞെന്ന വിവാദങ്ങള്‍ ഉയരുമ്പോഴാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് ഈ ഉത്തരവ്. ശാരീരികബന്ധം എതിര്‍ത്തതിന് ബന്ധുവായ സ്ത്രീയെ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസില്‍ ക്രിമിനല്‍ നടപടിക്രമ ചട്ടത്തിലെ സെക്ഷന്‍ 428 പ്രകാരമുള്ള ഇളവിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കണോയെന്ന നിയമപ്രശ്‌നം മാത്രമാണ് പരിഗണിച്ചതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു കേസിലാണ് ശിക്ഷ 14 വര്‍ഷമായി കുറയ്ക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുന്നതുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതികളുടെ അധികാരപരിധി വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. പ്രതിക്ക് ഇളവുകളില്ലാതെ 'സ്വാഭാവിക മരണം വരെ' തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്നാണ് കോടതി പറയുന്നത്. ഇത്തരം കഠിനമായ ശിക്ഷകള്‍ വിധിക്കാനുള്ള അധികാരം ഭരണഘടനാ സ്ഥാപനങ്ങളായ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും മാത്രമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
സാധാരണ ഗതിയില്‍ ജീവപര്യന്തം തടവ് എന്നാല്‍ 14 വര്‍ഷത്തെ തടവിന് ശേഷം ഇളവുകള്‍ക്ക് അര്‍ഹതയുള്ള ശിക്ഷയാണ്. എന്നാല്‍, പ്രതിയുടെ കുറ്റത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും മരണം വരെ തടവില്‍ കഴിയണമെന്നും ഉത്തരവിടാന്‍ വിചാരണ കോടതികള്‍ക്ക് നിയമപരമായ അനുമതിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
