കോണ്‍ഗ്രസ് കൊടിമരമെന്ന് കരുതി ആവേശത്തോടെ പിഴുതെടുത്ത സഖാക്കള്‍ പ്ലിംഗ്! കൊടിമരം ചുമലിലേറ്റി കണ്ണൂരില്‍ പ്രതിഷേധ പ്രകടനം; അക്കിടി പറ്റിയത് തിരിച്ചറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകി പോയി; എസ്എഫ്‌ഐക്കാര്‍ പിഴുതെടുത്തത് ഈ പാര്‍ട്ടിയുടെ കൊടിമരം

കോണ്‍ഗ്രസ് കൊടിമരമെന്ന് കരുതി ആവേശത്തോടെ പിഴുതെടുത്ത സഖാക്കള്‍ പ്ലിംഗ്!

Update: 2025-05-16 11:42 GMT

കണ്ണൂര്‍: എസ്എഫ്‌ഐക്കാര്‍ക്ക് ഇങ്ങനെയൊരു അക്കിടി പറ്റാനില്ല. മലപ്പട്ടത്ത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്ഐക്കാര്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി. കോണ്‍ഗ്രസിന്റെ കൊടിമരമെന്ന് കരുതി എസ്എഫ്ഐക്കാര്‍ പിഴുതെടുത്തത് പി.കെ രാഗേഷിന്റെ സംഘടനയുടെ കൊടിമരമായിരുന്നു. കോണ്‍ഗ്രസ് വിട്ട പി.കെ രാഗേഷ് രൂപീകരിച്ച രാജീവ്ജി കള്‍ച്ചറല്‍ ഫോറം സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്ഐക്കാര്‍ പിഴുതത്. പിഴുതെടുത്ത കൊടിമരം ചുമലിലേറ്റിയായിരുന്നു എസ്എഫ്ഐ പ്രകടനം. പിന്നീട് കൊടിമരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് മലപ്പട്ടത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തില്‍ 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന് മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ, പി കെ രാഗേഷ് നിലവില്‍ സിപിഎമ്മിനാണ് പിന്തുണ നല്‍കുന്നത്. പ്രകടനത്തിനിടെ കെ.സുധാകരന്‍ എംപിയുടെ ചിത്രമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു പഴയ സ്റ്റാന്‍ഡിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെ വഴിയരികില്‍ കണ്ട ഫ്‌ലക്‌സുകളും കൊടിമരവും നശിപ്പിക്കുകയായിരുന്നു.

മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ കെ നിവേദ്, ജോയല്‍ തോമസ്, സനന്ത്കുമാര്‍ , സ്വാതി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് കണ്ണൂര്‍ നഗരത്തില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്

Tags:    

Similar News