'കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും' വീമ്പു പറഞ്ഞതെല്ലാം വെറുതെയായി; ഷഹബാസ് കൊലക്കേസിലെ അഞ്ച് പ്രതികളേയും വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി; പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അഞ്ചു പേര്‍ക്കും അനുമതി നല്‍കി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്; താമരശ്ശേരികൂട്ടതല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി തുടങ്ങുമ്പോള്‍

Update: 2025-03-01 07:37 GMT

കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റേതാണ് തീരുമാനം. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ബോര്‍ഡിന്റെ നടപടി. രാവിലെ 11ഓടെയാണ് ഇവരെ രക്ഷിതാക്കള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയത്. രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. കേസില്‍ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ടാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. എംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനു പകരം വീട്ടാന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ഗൂഡാലോചനയും ആസുത്രണവും വ്യക്തമാണ്.

താമരശ്ശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീട്ടിലേക്ക് കയറുമ്പോള്‍ കുട്ടി അവശനായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഷഹബാസിന് ബോധം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെത്തിച്ച മുഹമ്മദ് സ്വാലിഹ് പറഞ്ഞു. സംഘര്‍ഷത്തിനുശേഷം കൂടെയുണ്ടായിരുന്ന കുട്ടിയാണ് വീട്ടിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്കിടയില്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്വാലിഹ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാര്‍ഥി സംഘര്‍ഷം അധ്യാപകര്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നുവെന്ന് ട്രിസ് ട്യൂഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രശ്‌നം ഒഴിവാക്കാന്‍ ഇതില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാറില്‍ അവരുടെ വീട്ടില്‍ എത്തിച്ചിരുന്നു. ഈ വിദ്യാര്‍ഥികളോട് ഇനി ക്ലാസില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കി. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികളെന്നും പ്രിന്‍സിപ്പല്‍ അരുണ്‍ സത്യന്‍ പ്രതികരിച്ചു. ഷഹബാസ് പ്രശ്‌നക്കാരനായ ഒരു വിദ്യാര്‍ഥി അല്ലായിരുന്നുവെന്ന് ഏളേറ്റി വട്ടോളി എംജെ എച്ച് എസ് എസ് പ്രധാനാധ്യാപിക മിനി ജെ.യും പ്രതികരിച്ചു.

ഇന്നലെ രാത്രി 12.30ഓടെയാണ് മുഹമ്മദ് ഷഹബാസ് ആണ് മരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതിനിടെ അക്രമി സംഘത്തില്‍ പെട്ടവരുടെ ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്തായി. ഷഹബാസിനെ 'കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും' വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് വിദ്യാര്‍ഥികളിലൊരാള്‍ അയച്ച ഫോണ്‍ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News