'ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ'! പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞ് എംപി താഹിര്‍ ഇഖ്ബാല്‍; മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഇഖ്ബാലിന്റെ പ്രതികരണം ഇന്ത്യ തിരിച്ചടി കടുപ്പിച്ചതോടെ; പാക്ക് ഭരണകൂടത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് പൊതുജനങ്ങള്‍
പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞ് എംപി താഹിര്‍ ഇഖ്ബാല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പല നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ചെറുത്തതിന് പിന്നാലെ ലാഹോറിലും കറാച്ചിയിലുമടക്കം ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതോടെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാന്‍ എംപി താഹിര്‍ ഇഖ്ബാല്‍. ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരച്ചില്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്‍.
പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് ആശങ്ക പങ്കുവച്ച് പൊട്ടിക്കരഞ്ഞത്. പിഎംഎല്‍എന്‍ (പാകിസ്ഥാന്‍ മുസ്ലീം ലീഗ്-എന്‍) എംപിയാണ് താഹിര്‍ ഇഖ്ബാല്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാര്‍ട്ടിയാണ് പിഎംഎല്‍എന്‍. ദൈവം നമ്മെ രക്ഷിക്കട്ടെ എന്ന് പറഞ്ഞാണ് താഹിര്‍ ഇഖ്ബാല്‍ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ കരഞ്ഞത് .
നേരത്തെ സൈനികുദ്യോഗസ്ഥനായിരുന്നു താഹിര്‍ ഇഖ്ബാല്‍. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച് പാകിസ്ഥാന്‍ ആശങ്കാകുലരാണ്. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ഇന്ത്യന്‍ നീക്കത്തില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാന്‍. മാത്രമല്ല പാകിസ്ഥാന്റെ തിരിച്ചടി ശ്രമങ്ങളെല്ലാം ഇന്ത്യ വേരോടെ പിഴുതുകളയുന്ന സാഹചര്യമാണ് നിലവില്‍.
ഇന്ത്യയിലെ പല നഗരങ്ങള്‍ക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാല്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെ തകര്‍ത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ഇന്ത്യയുടെ നടപടിയില്‍ ഭയപ്പെടുന്നു. ഇന്ത്യന്‍ സൈന്യം പിഒകെയിലെയും പാകിസ്ഥാനിലെയും നിരവധി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തുകയും തീവ്രവാദ ഒളിത്താവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം, പരിഭ്രാന്തരായ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.
ഇന്ത്യയുടെ എസ്-400 ആകാശത്ത് തന്നെ പാകിസ്ഥാന്റെ മിസൈല്‍ തകര്‍ത്തു. പാക്കിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളില്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പാകിസ്ഥാന്‍ ഭരണകൂടത്തിന്റെയും സൈനിക വിഭാഗത്തിന്റെയും തീവ്ര നീക്കങ്ങളില്‍ താത്പര്യമില്ലാത്ത സാധാരണ ജനങ്ങളുണ്ടെന്നും അവര്‍ നിലവില്‍ പാകിസ്ഥാന്റെ പല നിലപാടിനോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.