ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത പെണ്‍കുട്ടി, ചെറുപ്രായവും; കൊലപാതകത്തില്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവവും; അവസാന വട്ടം ഷാരോണ്‍ ബ്ലാക്മെയില്‍ ചെയ്‌തെന്ന വാദവും; ഗ്രീഷ്മയ്ക്ക് പരമാവധി പ്രതീക്ഷിച്ചത് ജീവപര്യന്തം വരെ; വധശിക്ഷയില്‍ ഞെട്ടി പ്രതിഭാഗം; ശിക്ഷ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും
ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത പെണ്‍കുട്ടി, ചെറുപ്രായവും; കൊലപാതകത്തില്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവവും
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍രാജ് കൊലക്കേസില്‍ സെഷന്‍സ് കോടതി പ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചതില്‍ നിയമവൃത്തങ്ങളിലും ഞെട്ടല്‍. കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പോലും ജീവപര്യന്തം ശിക്ഷ ലഭിച്ചപ്പോഴാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുന്നത്. വധശിക്ഷ ലഭിക്കുമെന്ന് പ്രതിഭാഗം കരുതിയിരുന്നില്ല. ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍, നേരിട്ടു തെളിവുകള്‍ ഇല്ലാത്ത കേസില്‍ വധശിക്ഷ ലഭിച്ചത് ഞെട്ടലിലാണ്.
സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ പരമാവധി ജീവപര്യന്തം വരെയാണ് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നത്. ഷാരോണിന്റെ ശരീരത്തിലെ വിഷത്തിന്റെ അംശം അടക്കമുള്ള തെളിവുകള്‍ ഹാജരാക്കാനും അന്വേഷണസംഘത്തിനായിരുന്നില്ല. മാത്രമല്ല, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുതെന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദേശിച്ചിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകമായിരുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ വീണ്ടും പ്രശ്നമായി മാറുന്ന പ്രതികള്‍ക്കാണ് സാധാരണ വധശിക്ഷ വിധിക്കുന്നത്. പക്ഷേ, ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ പരാതി.
തുടക്കത്തില്‍ ഗ്രീഷ്മ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഗ്രീഷ്മ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ കൊല്ലപ്പെട്ട ഷാരോണിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിഭാഗം കോടതിയിലെത്തി. ഇവര്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഷാരോണ്‍രാജ് ഗ്രീഷ്മയെ നിരന്തരം ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ സംഭവിച്ച കൊലപാതകമായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.
ഗ്രീഷ്മയുമായിട്ടുള്ള സ്വകാര്യ ചിത്രങ്ങള്‍ ഷാരോണ്‍ മൊബൈലില്‍ ചിത്രീകരിച്ചു സൂക്ഷിച്ചിരുന്നു. ഇതൊക്കെ ചിത്രീകരിച്ച് സൂക്ഷിച്ചത് ഷാരോണിന്റെ സ്വഭാവദൂഷ്യമായി കണക്കാക്കാന്‍ തയ്യാറായില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായ സമയത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ െവച്ച് ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലും ഷാരോണ്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായി ഗ്രീഷ്മ പറഞ്ഞിരുന്നു.
ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്റെ പരാതി. വിധി നിയമപരമായ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്താണ് ഹാജരായത്. ഇപ്പോഴത്തെ അവസ്ഥയില്‍ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നാണ് പ്രതീക്ഷ. വധശിക്ഷ ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് സ്വാഭാവിമായി പരിശോധിച്ചു. ഇവിടെ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ തുടക്കത്തില്‍ ഉറച്ചുനിന്ന ഗ്രീഷ്മ പിന്നീടു കുറ്റം സമ്മതിച്ചിരുന്നു. ഷാരോണ്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതിനാലാണു കൊലപ്പെടുത്തിയതെന്ന ന്യായവും നിരത്തി. കൊല ചെയ്തുവെന്ന് സമ്മതിച്ചതിനാല്‍ പ്രോസിക്യൂഷന്റെ ഭാഗം ബലപ്പെട്ടു. കൊലപാതകത്തെ ന്യായീകരിക്കാന്‍ നിരത്തിയ കാരണങ്ങള്‍ തള്ളിയതോടെ ഗ്രീഷ്മയ്ക്കുമേല്‍ കുരുക്കു മുറുകി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാര്‍, അല്‍ഫാസ് മഠത്തില്‍, വി.എസ്.നവനീത്കുമാര്‍ എന്നിവര്‍ ഹാജരായി.
അതിക്രൂരമായ കൊലപാതകം. കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായി. വിഷം നല്‍കി കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ഷാരോണിനെ വിടാതെ പിന്തുടര്‍ന്ന ഗ്രീഷ്മ ലൈംഗികമായി പ്രലോഭിപ്പിച്ചു. തന്ത്രപരമായി വീട്ടിലെത്തിച്ചു കളനാശിനി കലര്‍ന്ന കഷായം നല്‍കി. ഷാരോണിനെ ഇല്ലാതാക്കാന്‍ പ്രതി നടത്തിയതു മാസങ്ങള്‍ നീണ്ട തയാറെടുപ്പ്. കുറ്റകൃത്യം ആദ്യമല്ല. ജൂസില്‍ ഗുളികകള്‍ കലര്‍ത്തി കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമം നടത്തിയിരുന്നു. അതു പരാജയപ്പെട്ടതോടെയാണു കഷായത്തില്‍ കളനാശിനി കലര്‍ത്തിയത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം ഇതു ഖണ്ഡിക്കുന്നു. അതിക്രൂരമായ മനസ്സുള്ളയാള്‍ക്കേ ഇത്തരത്തില്‍ കാമുകനോ ഭര്‍ത്താവിനോ എതിരെ ഒരേ കുറ്റകൃത്യം ഒന്നില്‍ കൂടുതല്‍ തവണ ചെയ്യാനാവൂ. അതുകൊണ്ടുതന്നെ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.
ഷാരോണ്‍ അര്‍പ്പിച്ച വിശ്വാസം ഗ്രീഷ്മ ദുരുപയോഗിച്ചു. വിഷം നല്‍കി വഞ്ചിച്ചുവെന്നു മനസ്സിലാക്കിയിട്ടും മരണക്കിടക്കയില്‍ പോലും ഷാരോണ്‍ കാമുകിയെ കൈവിട്ടില്ല. ഗ്രീഷ്മയ്‌ക്കെതിരെ പരാതിയില്ലെന്നാണു മജിസ്‌ട്രേട്ടിന് മരണമൊഴി നല്‍കിയത്. ഇതാണ് നിര്‍ണായക തെളിവായി മാറിയതും. കൊലപാതകത്തെ ന്യായീകരിക്കാന്‍ ഗ്രീഷ്മ ആരോപിച്ച ബ്ലാക്ക്‌മെയിലിങ് കുറ്റത്തിനു തെളിവില്ല. ഗ്രീഷ്മയുടെ ചിത്രങ്ങള്‍ ഷാരോണ്‍ ദുരുപയോഗിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല.
മരണസമയത്തു പോലും ഗ്രീഷ്മയെ സംരക്ഷിക്കാനാണു ഷാരോണ്‍ ശ്രമിച്ചത്. മരിക്കുന്നതിനു തൊട്ടുമുന്‍പു വരെ ഗ്രീഷ്മയ്ക്കു ഷാരോണ്‍ അയച്ച സന്ദേശങ്ങള്‍ ഇതിനു തെളിവാണ്. ഗ്രീഷ്മയുടെ ചെറുപ്രായം കണക്കിലെടുത്തു ശിക്ഷയില്‍ ഇളവു നല്‍കണമെന്ന വാദം കോടതി തള്ളിയത് ഇങ്ങനെ കൊല്ലപ്പെട്ട ഷാരോണിനും ഗ്രീഷ്മയുടെ അതേ പ്രായമാണ്. അതുകൊണ്ടു പ്രായത്തിന്റെ ആനുകൂല്യം ഗ്രീഷ്മയ്ക്കു നല്‍കാനാവില്ലെന്നും നിലപാട് സ്വീകരിച്ചു.