പാര്‍ലമെന്റില്‍ 'മോദി സ്തുതി' തരൂര്‍ നടത്തുമോ എന്ന ആശങ്കയില്‍ രാഹുല്‍ ഗാന്ധിയും ടീമും; ലോക്‌സഭയില്‍ തിരുവനന്തപുരം എംപിയ്ക്ക് സംസാര വിലക്ക് ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ആലോചന; ഓപ്പറേഷന്‍ സിന്ദൂറിലെ വിദേശ യാത്രാ അനുഭവങ്ങള്‍ പറയാന്‍ നയതന്ത്ര വിദഗ്ധന് അവസരമൊരുക്കാന്‍ ബിജെപിയും; ശശി തരൂരിന് ഇനി എന്തു സംഭവിക്കും?
തിരുവനന്തപുരം: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം. ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമാണ്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ശശി തരൂര്‍ സംസാരിക്കുന്നത് വിലക്കും. പ്രസംഗിക്കുന്നത് വിലക്കി വിപ്പ് നല്‍കുന്നതും ആലോചനയിലുണ്ട്. എന്നാല്‍ ഇത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. അതിനിടെ ഓപ്പറേഷന്‍ സിന്ദുറിന് ശേഷം അമേരിക്കയില്‍ അടക്കം നടത്തിയ യാത്രയെ കുറിച്ച് തരൂര്‍ ലോക്‌സഭയില്‍ വിശദീകരണം നല്‍കാന്‍ സാധ്യത ഏറെയാണ്. ഇതിനുള്ള സാധ്യതകള്‍ ബിജെപിയും തേടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്താന്‍ ആലോചിക്കുന്ന വിഷയങ്ങളെ തരൂരിനെ മുന്നില്‍ നിര്‍ത്തി പ്രതിരോധിക്കും. ഇത് മനസ്സിലാക്കിയാണ് തരൂരിന് വിപ്പ് അടക്കം നല്‍കാനുള്ള ആലോചന. പ്രസംഗിക്കുന്നത് വിലക്കിയുള്ള വിപ്പിന് നിയമപരമായ അംഗീകാരം കിട്ടുമോ എന്നതും ഉയരുന്ന ചോദ്യമാണ്.
പാര്‍ലമെന്റില്‍ 'മോദി സ്തുതി' തരൂര്‍ നടത്തുമോ എന്ന ആശങ്ക രാഹുല്‍ ഗാന്ധിയ്ക്കും ടീമിനുമുണ്ട്. ഇതുകൊണ്ടാണ് ലോക്‌സഭയില്‍ തിരുവനന്തപുരം എംപിയ്ക്ക് സംസാര വിലക്ക് ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ആലോചന സജീവമായി നടക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലെ വിദേശ യാത്രാ അനുഭവങ്ങള്‍ പറയാന്‍ നയതന്ത്ര വിദഗ്ധന് അവസരമൊരുക്കാന്‍ ബിജെപിയും തന്ത്രപരമായ ആലോചനകളിലാണ്. ഇതോടെ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിിടെ ശശി തരൂരിന് എന്തു സംഭവിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കോണ്‍ഗ്രസില്‍ നിന്നും തരൂര്‍ പൂര്‍ണ്ണമായും പുറത്താകുമെന്ന് കരുതുന്നവരുമുണ്ട്.
സാധാരണ നിലയില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചാല്‍ തരൂരിന് ലോക്സഭാംഗത്വം നഷ്ടമാകും. എന്നാല്‍, അത് തരൂര്‍ അവസരമാക്കുമോയെന്നും ആശങ്കയുമുണ്ട്. തനിക്ക് മതിയായ സമയം പാര്‍ലമെന്റില്‍ കിട്ടുന്നില്ലെന്നും പല വിഷയങ്ങളും ഭാഷപോലും അറിയാത്ത കോണ്‍ഗ്രസ് എംപിമാരെയാണ് ഏല്‍പ്പിക്കുന്നതെന്നും തരൂരിന് പരാതിയുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള വിദേശയാത്ര അനുഭവങ്ങള്‍ പറയാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ക്ക് ബിജെപി അവസരമൊരുക്കും. അതിലൂടെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കാമെന്ന് ബിജെപി പ്രതീക്ഷ. കേരളത്തിലെ നേതൃത്വം പൂര്‍ണമായും തരൂരിനെ കൈയൊഴിഞ്ഞിട്ടുണ്ട്. തരൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. ഇതിനുള്ള തീരുമാനം ഹൈക്കമാന്‍ഡിനെ ഏല്‍പ്പിച്ചു. നിരന്തരമായ മോദി സ്തുതിക്കുപുറമെ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ദിരഗാന്ധിയെ തള്ളിപ്പറയാനും തരൂര്‍ മടിച്ചില്ല. കേരളത്തിലെ പരിപാടികളില്‍നിന്ന് പൂര്‍ണമായും അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലുണ്ടായിട്ടും ശനിയാഴ്ച എറണാകുളം ഡിസിസിയുടെ സമരപരിപാടിയിലേക്ക് തരൂരിനെ ക്ഷണിച്ചില്ല. ഇതെല്ലാം തരൂരിനെ കോണ്‍ഗ്രസ് തഴിയുന്നതിന്റെ സൂചനയാണ്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, കെ മുരളീധരന്‍ തുടങ്ങി പല നേതാക്കളും തരൂരിനെ പരിഹസിച്ചു. ഇരപിടിയന്‍ പക്ഷികളുടെ ചിത്രം പങ്കുവച്ചാണ് കോണ്‍ഗ്രസ് എം പി മാണിക്കം പരിഹസിച്ചത്. തരൂര്‍ അവസരവാദിയാണെന്ന് കോണ്‍ഗ്രസ് മുഖപത്രം ലേഖനവുമെഴുതി. അതിനിടെയിലും ആദ്യ പരിഗണന രാജ്യത്തിനാണെന്നും പിന്നീടാണ് പാര്‍ടി വരുന്നതെന്നും ശശി തരൂര്‍ ആവര്‍ത്തിക്കുകയാണ്. ദേശീയസുരക്ഷയുടെ കാര്യത്തില്‍ ചിലപ്പോള്‍ മറ്റ് പാര്‍ടികളുമായി സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാര്‍ടിയോടുള്ള വിധേയത്വമില്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും തരൂര്‍ പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപ്പറേഷന്റെ രണ്ടാം വാര്‍ഷികത്തില്‍ 'സമാധാനവും ഐക്യവും ദേശീയവികസനവും' എന്ന വിഷയത്തില്‍ സംസാരിക്കവേ തരൂര്‍ നല്‍കിയത് വ്യക്തമായ സന്ദേശമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കുംവേണ്ടിയാണ് സംസാരിച്ചതെന്നും തന്റെ പാര്‍ടിക്കാര്‍ക്കുവേണ്ടി മാത്രമല്ലെന്നും തരൂര്‍ തുടര്‍ന്നുപറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. 1997ല്‍ എഴുതിയ പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിലുള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം. അത് വായിക്കാത്തവരാണ് ഇന്ന് വിമര്‍ശിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാത്തതിന് മറ്റു കാരണങ്ങളില്ല. ഇപ്പോള്‍ പങ്കെടുത്ത രണ്ട് പരിപാടികളും ക്ഷണം കിട്ടിയിട്ടുള്ളതാണെന്നും തരൂര്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് പരിപാടികളില്‍ ശശി തരൂരിനെ ബഹിഷ്‌ക്കരിക്കുകയായിരുന്നു എറണാകുളം ഡിസിസി. തരൂര്‍ കൊച്ചിയിലുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ ക്യാംപെയ്‌നിലും ക്ഷണിച്ചില്ല. വിമര്‍ശിച്ച് ആളാക്കാനുമില്ല, വേദി നല്‍കി നേതാവാക്കാനുമില്ല. വിട്ടുകളയുക. ശശി തരൂരിനോടുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലൈന്‍ ഇതാണ്. നരേന്ദ്ര മോദിയെ പ്രശംസിച്ചും അടിയന്തരാവസ്ഥയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും ജനപിന്തുണയുണ്ടെന്ന സര്‍വേ പങ്കുവച്ചും കോണ്‍ഗ്രസിനെ തരൂര്‍ വല്ലാതെ പ്രതിസന്ധിയിലാക്കി.
പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെ എന്നാതാണ് കെപിസിസി നിലപാട്. തരൂര്‍ ഈ സമയത്ത് കൊച്ചിയില്‍ പോയിട്ട് രാജ്യത്തുണ്ടാകുമോ എന്നുതന്നെ അറിയില്ലായിരുന്നു അതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് ഡിസിസി നേതൃത്വം വിശദീകരിക്കുന്നു.