റാവല്‍പിണ്ടിയില്‍ പാക് സൈന്യത്തിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്ന ആ കൊടും ഭീകരന്‍ 25 കൊല്ലം മുമ്പ് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത് മലപ്പുറത്ത്; നിരോധിത സംഘടനകളുടെ സ്ഥാപനങ്ങളില്‍ ഇയാള്‍ ബന്ധം പുലര്‍ത്തിയോ എന്നും സൂചന; കാലമേറെ ആയതിനാല്‍ ഗുല്ലിന്റെ കേരളാ വേരുകള്‍ കണ്ടെത്തുക വന്‍ വെല്ലുവിളി
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരന്‍ ഷെയ്ക് സജ്ജാദ് ഗുല്ലിന്റെ വിവരങ്ങള്‍ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍. ഇയാള്‍ കേരളത്തിലെത്തി പഠിച്ചിരുന്നുവെന്നു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയ സാഹചര്യത്തിലാണ് അന്വേഷണം. എവിടെയാണ് പഠിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം.
ഭീകര സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) മേധാവി ഏതാണ്ട് 25 വര്‍ഷം മുന്‍പു കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്നു. ഇതു മലപ്പുറത്തെ ഒരു സ്ഥാപനത്തിലാണെന്ന വിവരമാണ് എന്‍ഐഎ സംസ്ഥാനത്തെ പോലീസ് നേതൃത്വത്തെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ മലപ്പുറത്തെ സ്ഥാപനം കണ്ടെത്താനാണ് നീക്കം. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് സംശയ നിഴലില്‍, സംസ്ഥാന ഇന്റലിജന്‍സ് മേധാവി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചര്‍ച്ച നടത്തി. വടക്കന്‍ മേഖലയിലെ നാലു ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍ അടക്കമുള്ളവരുമായാണ് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. വിശദമായി തന്നെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തു. വടക്കന്‍ കേരളത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും. മലപ്പുറത്താണ് ഗുല്‍ പഠിച്ചതെന്ന വിവരമാണ് കേരളത്തിന് കിട്ടിയതെന്ന് ദീപികയും കേരള കൗമുദിയും അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
ഷെയ്ക് സജ്ജാദ് മലപ്പുറത്തു ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചെന്നു വിവരം ലഭിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പായതിനാല്‍ ഇതു കണ്ടെത്തുക പ്രയാസകരമാണ്. 25 കൊല്ലം മുമ്പ് മലപ്പുറത്തുണ്ടായിരുന്ന സ്ഥാപനങ്ങളെല്ലാം നിരീക്ഷണ വിധേയമാക്കും. കോഴിക്കോട്, പാലക്കാട് ജില്ലകളിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ പ്രകോപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കി. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേര്‍ക്കു നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ടു വര്‍ഗീയ രീതിയിലുള്ള സമൂഹമാധ്യമ പോസ്റ്റുകള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് സോഷ്യല്‍ മീഡിയ പട്രോളിംഗ് ശക്തമാക്കിയത്. വര്‍ഗീയമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്പോള്‍ 50 വയസുള്ള ഗുല്‍, 25വര്‍ഷത്തോളം മുന്‍പാണ് കേരളത്തില്‍ പഠിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ അക്കാലത്ത് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്ന സംഘമാണ് ഗുല്‍ പഠിച്ചത് കേരളത്തിലാണെന്ന വിവരം ഇന്റലിജന്‍സിന് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിലാണ് മലപ്പുറത്താണ് പഠിച്ചതെന്ന് കണ്ടെത്തിയത്. ഇക്കാര്യം രേഖകള്‍ കണ്ടെത്തി ഉറപ്പിക്കേണ്ടതുണ്ടെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി. കാശ്മീരില്‍ ജനിച്ചുവളര്‍ന്ന ഗുല്‍ ശ്രീനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ പഠിച്ചശേഷമാണ് കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സിന് ചേര്‍ന്നത്. ലാബ് ടെക്‌നീഷ്യന്‍ പഠനം കഴിഞ്ഞ് ഇയാള്‍ കാശ്മീരില്‍ ലാബ് സ്ഥാപിക്കുകയും തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
ജയില്‍മോചിതനായി പാകിസ്ഥാനിലെത്തി?2002ല്‍ 5 കിലോ ആര്‍.ഡി.എക്‌സുമായി ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഗുല്ലിനെ പിടികൂടിയിരുന്നു. നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് എത്തിയതായിരുന്നു. 2017ല്‍ ജയില്‍ മോചിതനായശേഷം പാകിസ്ഥാനിലെത്തിയ ഇയാളെ ഐ.എസ്.ഐ ലക്ഷ്യമിടുകയും ലഷ്‌കറെയുടെ കീഴില്‍ ടി.ആര്‍.എഫിന്റെ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു. 2020നും 2024നും ഇടയില്‍ സെന്‍ട്രല്‍, സൗത്ത് കാശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും ആസൂത്രകന്‍ ഗുല്ലാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
പാകിസ്ഥാനിലെ റാവല്‍പിണ്ടി കേന്ദ്രമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2022 ഏപ്രിലില്‍ ദേശീയ അന്വേഷണ ഏജന്‍സി ഗുല്ലിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു 10ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണ് ഇയാള്‍ കഴിയുന്നത്.