ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം അടങ്ങിയ ഫയല്‍ വിവാദമായപ്പോള്‍ അനങ്ങിയില്ല; ജയിലിലെ മര്‍ദ്ദനം കേസിലായിട്ടും കാരണവര്‍ വധക്കേസ് പ്രതി അധികൃതര്‍ക്ക് നല്ലപുള്ളി; മോചനം നീളുന്നതിനിടെ ഷെറിന് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍; പരോളിന് പിന്നിലും പ്രവര്‍ത്തിച്ചത് ഉന്നതസ്വാധീനം; 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഷെറിന് ലഭിച്ചത് 500 ദിവസത്തെ പരോള്‍
14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഷെറിന് ലഭിച്ചത് 500 ദിവസത്തെ പരോള്‍
തിരുവനന്തപുരം: വിവാദമായ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് മോചനം അനുവദിച്ചു കൊണ്ട് സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്തെങ്കിലും ഇതു സംബന്ധിച്ച ഫയല്‍ രാജ്യസഭയില്‍ എത്തിയിരുന്നില്ലെന്ന വാര്‍ത്തകള്‍ ഏതാനും ദിവസം മുമ്പാണ് വന്നത്. ഫയല്‍ ഗവര്‍ണര്‍ മടക്കുമെന്ന സൂചന വന്നതോടെ സര്‍ക്കാര്‍ ഷെറിനു ശിക്ഷാകാലയളവില്‍ ഇളവു നല്‍കി വിട്ടയയ്ക്കാനുള്ള തീരുമാനം തല്‍ക്കാലം മരവിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഇെേതാടെ ഷെറിന് ശിക്ഷാ ഉളവു നല്‍കി വിട്ടയക്കാനുള്ള ശ്രമം നീണ്ടുംപോകുകയാണ്. ഈ പശ്ചാത്തലത്തില്‍ ഭാസ്‌ക്കര കാരണവര്‍ കേസിലെ പ്രതിക്ക് പരോള്‍ അനുവദിച്ചിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍.
ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സര്‍ക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവര്‍ക്ക് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയല്‍ നീങ്ങിയതെന്നായിരുന്നു ആരോപണം.
14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവുംകൂടി പരോള്‍ ലഭിച്ചിരുന്നു. ഇത്രയേറെ പരോള്‍ ഷെറിന് ലഭിച്ചതിന് പിന്നില്‍ സ്വാധീന ശക്തി തന്നെയാണ്. മറ്റു സാധാരണ തടവുകാര്‍ ഉള്ളില്‍ കിടക്കുമ്പോഴാണ് ഷെറിന്‍ ഒരു ഒന്നര വര്‍ഷത്തിലേറെ ജയിലിന് പുറത്തു കഴിഞ്ഞത്.
ഇതിനിടെയാണ് ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാര്‍ശ എന്നായിരുന്നു ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശ. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവര്‍ക്ക് തിരിച്ചടിയായി. ലഹരിക്കേസില്‍ അറസ്റ്റിലായ നൈജീരിയക്കാരിയെയാണ് ഷെറിന്‍ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് കൂടുതല്‍കാലം പരോള്‍ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്‌നമുണ്ടാക്കിയതിന് ജയില്‍ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു.
ജയിലില്‍ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി. ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയല്‍ രാജ്ഭവനില്‍ എത്തിയിരുന്നില്ല. ഷെറിനെ വിട്ടയയ്ക്കുന്നതില്‍ ബാഹ്യസമ്മര്‍ദമുണ്ടായെന്ന് ആരോപണമുയര്‍ന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസില്‍ ഇവര്‍ പ്രതിയായതിനാലുമാണു പിന്‍മാറ്റം.
ഷെറിന് അകാലവിടുതല്‍ നല്‍കാന്‍ ജനുവരിയില്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ഫയല്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചില്ല. ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കു പരാതി ലഭിച്ചിരുന്നു. ഇതില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കുമെന്ന സൂചനയും സര്‍ക്കാരിനു ലഭിച്ചു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയല്‍ ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാര്‍ശ നല്‍കിയത്.
കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്തൃപിതാവായ ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകന്‍ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയില്‍ വന്നിട്ടില്ല. കൊല്ലത്ത് കാമുകനൊപ്പംചേര്‍ന്ന് ഭര്‍ത്താവിനെ വിഷം നല്‍കി കൊന്ന കേസില്‍ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശുപാര്‍ശയും ഗവര്‍ണറുടെ പരിഗണനയിലാണ്.
2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.
ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
ഭാസ്‌കര കാരണവരുടെ ഇളയമകനായ ബിനു പീറ്റര്‍ കാരണവരുടെ ഭാര്യയാണ് ഷെറിന്‍. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കന്‍ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഷെറിന്റെ കുടുംബത്തിന് സാമ്പത്തികപരാധീനതകളില്‍നിന്നുള്ള മോചനംകൂടിയായിരുന്നു.
2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയില്‍ എത്തി. അമേരിക്കയില്‍ ഭാസ്‌കരകാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. അമേരിക്കയില്‍വെച്ച് സാമ്പത്തികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയര്‍ന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തര്‍ക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു.
2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി. ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു.
ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
നാട്ടിലെത്തിയതിന് പിന്നാലെ പണം ധൂര്‍ത്തടിക്കുകയായിരുന്നു ഷെറിന്‍. കാരണവര്‍ മാസംതോറും നല്‍കുന്ന 5000 രൂപ പോലും തികയാതായി. പലരില്‍നിന്നും കടം വാങ്ങി. ഒടുവില്‍ ഈ കടമെല്ലാം വീട്ടുന്നത് ഭാസ്‌കര കാരണവരും. സീരിയല്‍ നടന്മാര്‍ മുതല്‍ പലരും ഷെറിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നതായി അന്ന് പോലീസ് പറഞ്ഞിരുന്നു. സീരിയല്‍ നടനൊപ്പം മൂന്നാറിലും ചെന്നൈയിലും ഷെറിന്‍ യാത്രപോയതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായി. രാത്രി വൈകുംവരെ മദ്യപാനമായിരുന്നുവത്രെ ഷെറിന്റെ പതിവ്. സുഹൃത്തുക്കളായിരുന്നു യുവതിക്ക് മദ്യം എത്തിച്ച് നല്‍കിയിരുന്നതെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.
ഷെറിന്റെ സൗഹൃദവലയത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. ഓര്‍ക്കൂട്ട് വഴിയായിരുന്നു ഇയാളുമായി പരിചയം. സ്വത്തിലെ അവകാശം നഷ്ടമായതോടെ കാരണവരെ വകവരുത്തി ബാസിത് അലിക്കൊപ്പം ജീവിക്കാനായിരുന്നു ഷെറിന്‍ പദ്ധതിയിട്ടത്. ഇതിനായി വാതില്‍തുറന്ന് നല്‍കിയതും കിടപ്പുമുറിയിലേക്ക് കൂട്ടുപ്രതിയെ കൊണ്ടുപോയതുമെല്ലാം ഷെറിനായിരുന്നു.
അന്വേഷണം, ചോദ്യംചെയ്യല്‍; ഷെറിന്‍ പിടിയില്‍....
ഭാസ്‌കര കാരണവരുടെ കൊലപാതകത്തില്‍ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. സിനിമകളും സീരിയലുകളും കണ്ട് കൊലപാതകം ആസൂത്രണംചെയ്ത ഷെറിന് പോലീസിന്റെ ചോദ്യംചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മരുമകള്‍ ഷെറിനാണു വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് എളുപ്പത്തില്‍ രണ്ടാംനിലയിലേക്കു പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാല്‍, ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്‍ക്കാന്‍ കഴിയില്ല. തിരച്ചിലില്‍ പറമ്പില്‍ മതിലിനോടുചേര്‍ന്നു ഒരു ഏണി പോലീസ് സംഘം കണ്ടു. എന്നാല്‍, അതില്‍ മുഴുവന്‍ പൊടിപിടിച്ചിരിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പോലീസിന് മനസ്സിലായി.
കാരണവര്‍ രണ്ടു നായ്ക്കളെ വളര്‍ത്തിയിരുന്നു. സംഭവദിവസം അവ കുരച്ചിരുന്നില്ല. അതിനാല്‍ മോഷ്ടാക്കള്‍ക്കു വീട്ടില്‍നിന്ന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസിന് മനസ്സിലായി. ഇതിനിടെ ഷെറിന്റെ ഫോണ്‍ കോള്‍പട്ടിക എടുത്തപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു അത്.
കൊല്ലപ്പെട്ട കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നു പിന്നീടു തെളിഞ്ഞു. കൊലയ്ക്കുദിവസങ്ങള്‍ക്കു മുന്‍പ്, ഒന്നിച്ചുജീവിക്കാമെന്നു തീരുമാനിച്ച്, ബാസിത് ഷെറിന് അണിയിച്ച വെള്ളിമോതിരം ഷെറിന്റെ മുറിയില്‍നിന്നു ലഭിച്ചു. ഇതോടെ കേസില്‍ നിര്‍ണായക തെളിവുകളായി. പ്രതികളെല്ലാം പിടിയിലായി. 89-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ പ്രതികളെ കോടതി ശിക്ഷിക്കുകയുംചെയ്തു.