അയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണി
കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 21കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയിച്ചു വിവാഹം കഴിച്ചതെങ്കിലും ഷിബിലയെ യാസര്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നു. ഒരുമിച്ചുള്ള ജീവിതം മടുത്തതോടെ മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേക്ക് പോയി. അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്താന്‍ യുവതി തീരുമാനിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇയാളുടെ ശല്യം തുടര്‍ന്നുവെന്നും പറയുന്നു.
ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നാണ് വിവരം. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് യാസര്‍ പൊലീസിനോട് പറഞ്ഞത്.
അയല്‍വക്കത്തെ പ്രണയം, ഒടുവില്‍ അരുംകൊല
കക്കാട് നക്കലമ്പാട് പ്രദേശത്ത് അയല്‍വാസികളായിരുന്നു യാസിറും ഷിബിലയും. അവിടെ വച്ചാണ് ഇവര്‍ ഇഷ്ടത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം നക്കലമ്പാട് നിന്നുപോയെങ്കിലും ബന്ധം തുടര്‍ന്നു. ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷമായിരുന്നു. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് ചെയ്യിച്ചത്. എന്നാല്‍ ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു.
വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും അടിവാരത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയില്‍ ജോലി ചെയ്തിരുന്ന യാസിര്‍ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു. തട്ടുകടയുടെ പിന്നില്‍ ലഹരി ഇടപാട് ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന് അയല്‍വാസിയായ ബിജു പറഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലാതെ യാസിറിനൊപ്പം ഇറങ്ങിപ്പോയതിനാല്‍ തിരികെ വീട്ടിലേക്ക് വരാനോ പ്രശ്‌നങ്ങള്‍ പറയാനോ ഷിബിലയ്ക്ക് സാധിച്ചിരുന്നില്ല.
കുട്ടിയുണ്ടായി കുറച്ചു നാള്‍ കഴിഞ്ഞ ശേഷമാണ് ഷിബില സ്വന്തം വീട്ടിലേക്ക് വരാന്‍ തുടങ്ങിയത്. സഹോദരിയുടെ വിവാഹശേഷം ഷിബിലയുടെ സ്വന്തം വീട്ടില്‍ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രവാസിയായിരുന്ന അബ്ദുറഹ്‌മാന്‍ വീടിനോട് ചേര്‍ന്ന് കട നടത്തുകയായിരുന്നു.
ഷിബിലയും യാസിറും തമ്മില്‍ പ്രശ്‌നം രൂക്ഷമായതോടെ വാര്‍ഡ് മെമ്പര്‍ അടക്കം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ തിരിച്ചു കൊടുത്തശേഷം വൈകിട്ട് വരാമെന്നും സലാം പറഞ്ഞ് പിരിയാം എന്നും അറിയിച്ചാണ് യാസിര്‍ പോയത്. അബ്ദുറഹ്‌മാന്‍ എതിര്‍ക്കുന്നതുകൊണ്ടാണ് ഷിബില തന്റെ കൂടെ വരാത്തതെന്ന് കരുതിയ യാസിര്‍ അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് വൈകുന്നേരം കത്തിയുമായി വീണ്ടും എത്തിയത്. ഭാര്യാപിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയില്‍ സൂക്ഷിച്ചിരുന്നു.
ആദ്യം വീട്ടില്‍ നിന്നിറങ്ങി വന്നത് ഷിബിലയായതിനാല്‍ ഷിബിലയെ കുത്തുകയായിരുന്നു. ഷിബിലയുടെ കരച്ചില്‍ കേട്ടാണ് അബ്ദുറഹ്‌മാന്‍ എത്തിയത്. അബ്ദുറ്മാനെയും പിന്നാലെ എത്തിയ ഹസീനയേയും കുത്തിയ ശേഷം യാസിര്‍ കാര്‍ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. യാസിര്‍ ഉള്‍പ്പെടുന്ന വലിയൊരു ലഹരി മരുന്ന് സംഘം അടിവാരം, ഈങ്ങാപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ഷിബിലയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ല.വിവാഹശേഷം തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പ്രണയ വിവാഹമായതിനാല്‍ ഷിബില വീട്ടുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.