അയ്യായിരം കോടിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ട 'ആഗോള വ്യവസായി'യുടെ ആസ്തി 10,000 രൂപ; കോട്ടും സ്യൂട്ടുമിട്ട് മുഖ്യമന്ത്രിക്കൊപ്പം ചായ കുടിച്ച ഷിജു എം വര്‍ഗീസിന്റെ ഇഎംസിസിക്ക് മത്സ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്ഥലവും അനുവദിച്ചു; മേഴ്‌സിക്കുട്ടിയമ്മയെ വെട്ടിലാക്കിയ അസന്റ് കരാറും പള്ളിപ്പുറം ഭുമി ഇടപാടും മറച്ചുവയ്ക്കാനാവില്ല; രേഖകള്‍ പുറത്ത്

മേഴ്‌സിക്കുട്ടിയമ്മയെ വെട്ടിലാക്കിയ അസന്റ് കരാറും പള്ളിപ്പുറം ഭുമി ഇടപാടും മറച്ചുവയ്ക്കാനാവില്ല

Update: 2025-02-23 08:26 GMT

തിരുവനന്തപുരം: 'വ്യവസായ കേരളം' എന്ന പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര നിക്ഷേപക സമാഹരണം ഒരു മറുകരയാവുമെന്ന് കരുതിയതിന്റെ ഭാഗമായാണ് അസെന്‍ഡ് കേരള പോലുള്ള ആഗോള വ്യവസായ സംഗമം നടത്തിയത്. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഈ നിക്ഷേപ യോഗത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കരാറിലൊന്നായിരുന്നു ഇഎംസിസി (EMCC) എന്ന അമേരിക്കന്‍ കമ്പനിയുമായുള്ള 5000 കോടിയുടെ സംരംഭം.  എന്നാല്‍ 'ആഗോള വ്യവസായി'യായി ചമഞ്ഞ് കരാര്‍ ഒപ്പിട്ട ഷിജു എം വര്‍ഗീസിന് 10,000 രൂപയുടെ ആസ്തി മാത്രമാണെന്ന് വ്യക്തമാകുകയും കടലാസ് കമ്പനി സര്‍ക്കാരിന് തന്നെ പാരയായി മാറുകയും ചെയ്തിരുന്നു. ഇതിനിടെ മുന്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അടക്കം വെട്ടിലാക്കിയ അസന്റ് കരാറിന്റെയും പള്ളിപ്പുറം ഭൂമി ഇടപാടിന്റെയും കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയില്‍ നിന്നെത്തിയ, സ്യൂട്ടും കോട്ടുമിട്ട ഒരു 'ആഗോള വ്യവസായി'യായ ഷിജു എം വര്‍ഗീസ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട കരാറിന് പിന്നാലെ, ചേര്‍ത്തലയില്‍ നാലേക്കര്‍ ഭൂമിയും ഈ സംരംഭത്തിനായി അനുവദിച്ചു. എന്നാല്‍ 10,000 രൂപ ആസ്തുമായി എത്തിയ നിക്ഷേപകന്‍ സര്‍ക്കാറിന് കൊടുത്തത് എട്ടിന്റെ പണിയായിരുന്നു. നിക്ഷേപ വാഗ്ദാനങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി രംഗത്ത് വരികയും കമ്മീഷന്‍ തട്ടാനുള്ള തട്ടിക്കൂട്ട് ഇടപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഏപ്രില്‍ 2018 ല്‍ മെഴ്‌സിക്കുട്ടിയുടെ ന്യുയോര്‍ക്ക് സന്ദര്‍ശനത്തോടെയാണ് ആദ്യമായി ഇഎംസിസി എന്ന കമ്പനിയുമായി ബന്ധപ്പെടുന്നതെന്ന വിവരമടക്കമാണ് പുറത്തുവന്നത്. തുടര്‍ന്ന് ഫിഷറീസ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായും 18 ജുലൈ 2019 ലും പിന്നീട് പല വട്ടവും ചര്‍ച്ചകള്‍ നടത്തി. 3.10. 2019 ന് ഇംഎംസിസി കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ച് വിദേശ മന്ത്രാലയവുമായി ഫിഷറീസ് സെക്രട്ടറി കത്തിടപാടുകള്‍ നടത്തിയതിന്റ രേഖകളടക്കം പുറത്തുവന്നിട്ടുണ്ട്.

ഇതിന് പിന്നാലെ സര്‍ക്കാര്‍ 2020ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അസന്‍ഡ് (ACSEND) എന്ന നിക്ഷേപ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (KSIDC) മാനേജിംഗ് ഡയറക്ടര്‍ എം ജി രാജമാണിക്യം ഐഎഎസും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ ലിമിറ്റഡിന്റെ (EMCC International India Ltd) പ്രസിഡന്റ് ശ്രീ. ഷിജു വര്‍ഗ്ഗീസും തമ്മില്‍ 5000 കോടി രൂപയുടെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. 'കേരള സംസ്ഥാനത്തെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന്റെ ഉയര്‍ച്ചയ്ക്കും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ലഭ്യമാക്കിയും സമയബന്ധിതമായ അനുമതികള്‍ നല്‍കിയും ആകര്‍ഷകമായ ഇന്‍സന്റീവുകള്‍ വാഗ്ദാനം ചെയ്തും വേണ്ടത്ര സഹായം നല്‍കുകയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും' എന്ന് 28.02.2020ല്‍ ഇഎംസിസിയുമായി ഒപ്പു വച്ച ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.




 


സര്‍ക്കാറിന് വേണ്ടി ശ്രീ. എംജി രാജമാണിക്യം ഒപ്പിട്ട കരാറില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് എല്ലാ നയപരമായ സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. രാജമാണിക്യം ഐ എ എസ് ഈ കാലയളവില്‍ ഫിഷറീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതിനാല്‍ സര്‍ക്കാര്‍ നയം സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമാണ് അസന്റ് ധാരണാപത്രം ഒപ്പ് വെച്ചതെന്നാണ് അനുമാനം.

കേരള സര്‍ക്കാറിന്റെ ഫിഷറീസ് നയത്തിലെ പോയിന്റ് 2.9 പ്രകാരം ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളെ പ്രോല്‍സാഹിപ്പിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇഎംസിസിക്ക് മത്സ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ KSIDC പള്ളിപുറത്ത് സ്ഥലം അനുവദിച്ചതും ഇതിന്റെ തുടര്‍ച്ചയായാണ്.

ബോട്ടുകളുടെയും ചെറുകപ്പലുകളും ഉള്‍പ്പെടെ ജലയാനങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തുകയും അതിനാവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പൊതുമേഖലയിലെ വിദഗ്ദ്ധ സ്ഥാപനമാണ് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(KSINC). സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കോര്‍പ്പറേഷന്റെ ഇടപാടുകാരായിട്ടുണ്ട്. സെന്‍ട്രല്‍ മറൈന്‍ ആന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI) ഉപയോഗിക്കുന്ന ട്രോളര്‍ KSINC നിര്‍മിച്ചുനല്‍കിയതാണ്.


 



ട്രോളറുകളും കപ്പലുകളും നിര്‍മിച്ചു നല്‍കുന്ന ജോലിക്ക് ഒരിടത്തേയും മല്‍സ്യബന്ധന നയവുമായോ ഫിഷറീസ് വകുപ്പുമായോ ബന്ധമില്ല. ഒരു കമ്പനി ബസുകള്‍ നിര്‍മിക്കുമ്പോള്‍ അവയുടെ റൂട്ടിനെപ്പറ്റിയോ നിരക്കുകളേയും അനുമതികളേയുംപറ്റിയോ ഓടിക്കുന്ന ആളിന്റെ ലൈസന്‍സിനെപ്പറ്റിയോ ആലോചിക്കാറില്ലെന്നതുപോലെയാണ് ഇതും. സമാനരീതിയില്‍, അനുമതിയും ലൈസന്‍സും ലഭിക്കുന്ന എവിടെയും KSINC നിര്‍മിച്ചുനല്‍കുന്ന ജലയാനങ്ങള്‍ വിന്യസിക്കാന്‍ അവ വാങ്ങുന്നവര്‍ക്ക് സാധിക്കും. നിയമപരമായി തടസ്സമുള്ളിടങ്ങളില്‍ സാധിക്കുകയുമില്ല. ഇന്ത്യയിലോ വിദേശത്തോ എവിടെയായാലും അത്തരം കാര്യങ്ങള്‍ KSINC യെ ബാധിക്കുന്ന ഒന്നല്ല. ഇതുവരെയും അത്തരം കാര്യങ്ങള്‍ പരിശോധിച്ചശേഷമല്ല KSINC ഏതെങ്കിലും വര്‍ക്ക് ഓര്‍ഡര്‍ സ്വീകരിച്ച് യാനങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. നിര്‍മ്മാണ(manufacturing) മേഖലയിലാണ് KSINC പ്രവര്‍ത്തിക്കുന്നത്, മത്സ്യബന്ധന(fishing) മേഖലയിലല്ല.

അസന്‍ഡില്‍ ഒപ്പുവച്ച ധാരണാപത്രം പ്രകാരമുള്ള പ്രപ്പോസലിന്റെ ഒന്‍പതാം പേജില്‍ KSINC യെ സഹകരികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനമായി പരാമര്‍ശിച്ചിട്ടുമുണ്ട്. ഈ ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണ്, ഒരു വര്‍ഷത്തിന് ശേഷം 2021 ഫെബ്രുവരി രണ്ടിന് ഇഎംസിസിയുമായി ട്രോളറുകള്‍ നിര്‍മിക്കുന്നതിനുള്ള മറ്റൊരു ധാരണാപത്രം KSINC ഒപ്പിട്ടത്. അതിനു മുന്നോടിയായി അസന്‍ഡിലെ ധാരണാപത്രം KSINC മുന്നില്‍ ഇഎംസിസി ഹാജരാക്കിയിരുന്നു. അതിനെ സംശയിക്കേണ്ട യാതൊരു കാര്യവും കെഎസ്‌ഐഎന്‍സിക്കില്ല. പള്ളിപ്പുറത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിന്റെ രേഖയും ഹാജരാക്കിയിരുന്നു. മാസങ്ങളോളം നടന്ന കത്തിടപാടുകള്‍ക്കും മീറ്റിംഗുകള്‍ക്കും ശേഷം, കേരളസര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ട ശേഷം ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് KSINC ക്ക് കപ്പല്‍ നിര്‍മ്മാണക്കരാര്‍ കിട്ടുന്നത്. നിയമപരമായി എല്ലാ കരുതലും എടുത്താണ് ധാരണാപത്രം തയ്യാറാക്കിയത്. KSINC ക്ക് വരുമാനം ലഭിക്കുകയും ഒരു തരത്തിലുള്ള റിസ്‌കും ഇല്ലാത്ത രീതിയിലാണ് ധാരണാപത്രം ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. EMCC മുന്‍കൂറായി പണം ഡെപൊസിറ്റ് ചെയ്‌തെങ്കില്‍ മാത്രമേ KSINC കപ്പല്‍നിര്‍മ്മാണ പ്രവൃത്തി ചെയ്യൂ എന്നാണ് വ്യവസ്ഥ. KSINC യും ഇഎംസിസിയും ഒപ്പുവച്ച ധാരണാപത്രത്തിന് 2021 ഫെബ്രുവരി 12നു ചേര്ന്ന് KSINC ബോര്ഡ് യോഗം അംഗീകാരം നല്കുകയും ഇത് KSINCനു ലഭിക്കുന്ന വലിയൊരു അവസരമായി വിലയിരുത്തുകയും ചെയ്തതാണ്.


 



സര്‍ക്കാരും ഇഎംസിസിയും ചേര്‍ന്ന് 2018 മുതല്‍ ചര്‍ച്ച ചെയ്ത് 2020 ല്‍ നടപ്പിലാക്കാന്‍ കരാര്‍ വെച്ച ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെക്കുറിച്ച് തീരദേശനിവാസികള്‍ ആശങ്കപ്പെടുകയും പലതരം വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടന്‍, സര്‍ക്കാര്‍ തലത്തില്‍ ഒപ്പിട്ട കരാറിനെ പൂര്‍ണ്ണമായും നിഷേധിക്കുകയും അത്തരത്തിലൊരു കരാറേ നിലവിലില്ല എന്ന് വിശദീകരിക്കുകയുമായിരുന്നു. ഇതിന്റെ അജ്ഞാതമാണ്. പുറത്ത് പറയാന്‍ ലജ്ജയും ജാള്യതയുമുള്ള പ്രവൃത്തികള്‍ ചെയ്യാതിരുന്നാല്‍ പോരേ എന്ന് ന്യായമായും തോന്നിപ്പോകും. കപ്പല്‍ നിര്‍മ്മാണ വിപണിയില്‍ വിശ്വാസയോഗ്യമായ പ്രസ്ഥാനം എന്ന പേരെടുത്ത് വന്ന KSINC ക്ക് ഈ പിന്‍മാറ്റം കാരണം വന്ന ചീത്തപ്പേര് ചെറുതല്ല. അകാരണമായി കരാറുകളില്‍ നിന്ന് പിന്‍മാറുന്ന നിങ്ങളുടെ സ്ഥാപനത്തിന് ആരിനി ഓര്‍ഡര്‍ നല്‍കും?

ഇത്തരം കരാറുകള്‍ ഉണ്ടായിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മറുപടി പറയുമ്പോള്‍, ഷിജു എം വര്‍ഗീസ് നേരിട്ട് അമേരിക്കയിലും കേരളത്തിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ തെളിവുകള്‍ പുറത്തുവന്നു. ക്ലിഫ് ഹൗസില്‍ പോലും മുഖ്യമന്ത്രിയുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഷിജു അവകാശപ്പെട്ടു. 400 ആഴക്കടല്‍ ട്രോളറുകളും 5 മത്സ്യബന്ധനക്കപ്പലുകളും ഉള്‍പ്പെടുന്ന വന്‍ പദ്ധതി സജീവമാകാനിരിക്കേ, ഈ കരാര്‍ ദുരൂഹമാണെന്ന് ആരോപണങ്ങള്‍ കനത്തതോടെ സര്‍ക്കാര്‍ പിന്നോട്ടടി കൊടുക്കുകയായിരുന്നു. ഇതോടെ ഷിജു എം വര്‍ഗീസ് ഒരു തട്ടിപ്പുകാരനാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. സ്ഥിരമായ വരുമാനമില്ലാത്ത, കൊച്ചിയില്‍ വെറുമൊരു ബോര്‍ഡും ചെറിയ ഓഫീസുമാത്രമുള്ള ഒരു തട്ടിപ്പുകാരന്‍ എന്നതായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. 5000 കോടിയുടെ കരാര്‍ ഒപ്പിട്ടപ്പോള്‍, ഇദ്ദേഹത്തിന് വെറും 10,000 രൂപ ആസ്തി മാത്രമാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിന് വീണ്ടും തലവേദനയായി.

ഈ സംഭവത്തില്‍ മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയാണ് ഷിജു എം വര്‍ഗീസ് പ്രധാന പ്രതിയാക്കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഒരു ചെറുപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയത് അതിന്റെ ഭാഗമായിരുന്നു. വ്യാജ മുതലാളിയായ ഷിജുവിന്റെ ആസ്തിവിവരങ്ങള്‍ പുറത്തായതോടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇദ്ദേഹം പരുക്കേ ചതഞ്ഞു. ആകെയായപ്പോള്‍, വോട്ടെടുപ്പ് ദിനത്തില്‍ ഒരു ക്രൈം തില്ലര്‍ കഥ നാടകീയമായി അരങ്ങേറി. 2021 ഏപ്രില്‍ 6ന്, കണ്ണനല്ലൂരില്‍ ഷിജുവിന്റെ കാറിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. സിപിഎമ്മാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ഇദ്ദേഹം ആരോപിച്ചു.

പക്ഷേ, പോലീസ് അന്വേഷണം തുടങ്ങി കണ്ടത് ഞെട്ടിക്കുന്ന സത്യമായിരുന്നു. താന്‍ തന്നെയാണ് സ്വന്തമായി ബോംബ് വെച്ച് പ്രയോഗം നടത്തിയത് എന്നതിന്റെ തെളിവുകള്‍ കണ്ടുകൂടിയപ്പോള്‍, ഷിജു എം വര്‍ഗീസ് തന്നെ പ്രതിയായി. ഒടുവില്‍ ഗോവയില്‍ നിന്നാണ് മുങ്ങിയ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ 5000 കോടിയുടെ ആഗോള നിക്ഷേപക്കാരനായി, പിന്നീട് ഉദ്ദേശപ്രേരിത കുറ്റകൃത്യങ്ങള്‍ക്ക് തന്ത്രം പതിപ്പിച്ചവനായി, ഒടുവില്‍ അന്വേഷണത്തില്‍ കുരുങ്ങിയ പ്രതിയായി ഷിജു എം വര്‍ഗീസിന്റെ കഥ അനാവരണം ചെയ്യുമ്പോള്‍, കേരളത്തിന്റെ വ്യവസായ രാഷ്ട്രീയം എത്രത്തോളം 'ഫാസ്‌കര്‍' കഥകളാല്‍ നയിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാം. കേസ് ഒടുവില്‍ അവസാനിച്ചോ? ശിക്ഷിക്കപ്പെട്ടോ? ഷിജു ഇപ്പോള്‍ എവിടെയാണ്? ഈ ചോദ്യം ഇപ്പോഴും ഒരു ദുരൂഹതയാണ്. അമേരിക്കയിലേക്ക് കടന്നോയെന്ന്, അല്ലെങ്കില്‍ ഇന്നും എവിടെയോ പുതിയ തട്ടിപ്പിന് പദ്ധതിയിടുകയാണോ? എന്നതാണ് പുതിയ സംശയം. ഈ നിക്ഷേപ സംഗമ കാലത്ത് അവര്‍ ആഹ്വാനം ചെയ്ത ആഗോള വ്യവസായികള്‍ക്കിടയില്‍ ഷിജു എം വര്‍ഗീസിന്റെ പൊടിപോലുമില്ല!

Similar News