കെഎസ്ആർടിസി യുടെ വളയം നിയന്ത്രിക്കവേ ഉണ്ടായ ദേഹാസ്വാസ്ഥ്വം; യാത്രക്കാർ പരിഭ്രാന്തിയിലായപ്പോൾ മനസ് പതറാതെ കാവൽ മാലാഖയെ പോലെ മുന്നോട്ട് വന്നു; ജീവന്റെ തുടിപ്പുമായി ആശുപത്രിയിലേക്ക് ബസുമായി കുതിച്ച് ധൈര്യം; ബിജോയിയെ രക്ഷിച്ച ആ സൂപ്പർ ഹീറോ ഇവിടെയുണ്ട്; കൂടെ മറ്റൊരു ആശങ്കയും!

Update: 2025-04-02 17:14 GMT

അങ്കമാലി: കഴിഞ്ഞ ദിവസമാണ് ഏവരുടെയും മനസ് നിറച്ചൊരു സംഭവം അരങേറിയത്. കെഎസ്ആർടിസി ബസ് ഓടിക്കവേ പെട്ടെന്ന് ഡ്രൈവർക്ക് ഞെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ബസിനുള്ളിലെ യാത്രക്കാർ എല്ലാം പരിഭ്രാന്തിയിൽ ആയപ്പോൾ ഒട്ടും പതറാതെ ജീവൻ രക്ഷിക്കാൻ ഒരു യാത്രക്കാരൻ തന്നെ മുന്നോട്ട് വരുകയായിരുന്നു. സമയം ഒട്ടും കളയാതെ അദ്ദേഹം വളയത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആശുപത്രിയിലേക്ക് പായുകയായിരുന്നു.

ഇപ്പോൾ ആ നല്ല മനസിന് ഉടമയായ ആളിനെ കണ്ടെത്തിയിരിക്കുകയാണ്. ഇന്നലെ ദേശീയപാത കരിയാട് കവലക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നാല് കിലോമീറ്ററോളം ദൂരം ബസ്സോടിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അങ്കമാലി കുറുകുറ്റി പള്ളിഅങ്ങാടി തെക്കേക്കുന്നേൽ വീട്ടിൽ ഷൈൻ ജോർജാണ് (40) കഥയിലെ സൂപ്പർ ഹീറോ.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ കണ്ടെയ്നർ ഡ്രൈവറായ ഷൈൻ ഇരിങ്ങാലക്കുടയിൽ നിന്ന് എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയിക്ക് (39) ദേഹാസ്വാസ്ഥ്വം അനുഭവപ്പെട്ടത്.

കളമശ്ശേരിയിലെ സർവീസ് സെന്ററിലേക്ക് ഷൈൻ ജോലിക്ക് പോകുമ്പോൾ ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ കരിയാട് വളവിൽ വച്ചായിരുന്നു സംഭവം. വളരെ കഷ്ടപ്പെട്ട് ബസ് റോഡരികിൽ നിർത്തി ബിജോയി കുഴഞ്ഞുവീഴുകയായിരുന്നു. ഷൈൻ ഈ സമയം പിൻസീറ്റിൽ ഇരിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് അടുത്ത് ചെന്നപ്പോൾ ഡ്രൈവറുടെ കൈയ്യും കാലും തളർന്ന അവസ്ഥയിലാരുന്നു. ഡ്രൈവറെ താഴെയിറക്കാനോ, മറ്റൊരു വാഹനത്തിൽ കയറ്റാനോ സാധിക്കാത്ത അവസ്ഥയുമായിരുന്നു. അവശനായ ബിജോയി സീറ്റിൽ മലർന്ന് കിടക്കുകയായിരുന്നു. അതോടെയാണ് ബസ്സോടിക്കാൻ ഷൈൻ തന്നെ ഇറങ്ങിയത്.

ഷൈൻ തന്റെ ഹെവി ഡ്രൈവിങ് ലൈസൻസ് കണ്ടക്ടറെ കാണിച്ച് ബസ്സോടിക്കാൻ മുതിരുകയും, ദേശം സി.എ. ആശുപത്രിയിൽ അപകടരഹിതമായി എത്തിക്കുകയും ചെയ്തു. ഡ്രൈവർ അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷം നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ മടങ്ങുകയായിരുന്നു. പേരോ, ജോലിയോ, മേൽവിലാസമോ, മറ്റോ വെളിപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച വാർത്ത പുറത്ത് വന്നതോടെയാണ് ഷൈൻ ജോർജാണ് ആ സാഹസിക സേവനത്തിൻ്റെ ഉടമയെന്ന് തിരിച്ചറിഞ്ഞത്. പതിനാല് വർഷമായി ജേഷ്ഠസഹോദരന്റെ കണ്ടെയ്നർ ഓടിക്കുകയാണ്.

നിയമപരമായും, മറ്റ് വിധത്തിലുമുള്ള പ്രശ്നങ്ങളെ ഭയന്നാണ് താൻ സംഭവം കഴിഞ്ഞയുടൻ മറ്റൊരു ബസ്സിൽ കയറി യാത്ര തുടർന്നതെന്ന് പറഞ്ഞു. ലൈസൻസ് കാണിച്ചിട്ടും കണ്ടക്ടർക്ക് ആദ്യം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഡ്രൈവറുടെ നില കൂടുതൽ വഷളായപ്പോഴാണ് കണ്ടക്ടർ സമ്മതിച്ചതെന്നും ഷൈൻ പറഞ്ഞു. പ്രശ്നം മൂലമുണ്ടാകുന്ന നിയമക്കുരുക്കുകൾ ബോധ്യമുള്ളതിനാൽ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി സ്റ്റേഷൻ മാസ്റ്ററോട് സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞ ശേഷമാണ് ജോലി സ്ഥലത്തേക്ക് പോയതെന്നും ആരോടും വിവരം പങ്കുവക്കേണ്ടതില്ലെന്നും തീരുമാനിച്ചതായി ഷൈൻ വ്യക്തമാക്കി.

അതേസമയം, അദ്ദേഹം മറ്റൊരു ആശങ്കയും പങ്ക് വെയ്ക്കുന്നു. ‘കെ.എസ്.ആർ.ടി.സി ബസ് അനുമതിയില്ലാതെ ഓടിച്ചതിന്റെ പേരിൽ നടപടിയുണ്ടാകുമോയെന്ന ആശങ്ക ഉണ്ടെന്ന് പറഞ്ഞു. ഒരാളുടെ ജീവൻ രക്ഷിക്കാനായതിനാൽ എന്തുവന്നാലും നേരിടാമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോയത്. മാധ്യമങ്ങളിൽ വാർത്ത കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നി’ അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News