അയാളെ പുഷ്പം പോലെ വെളിയില്‍ കളയും; അതില്‍ യാതൊരു സംശയവുമില്ല; നടി പരാതി നല്‍കിക്കഴിഞ്ഞു; ഇനി നോക്കിയിരിക്കാന്‍ കഴിയില്ല; ശക്തമായ നടപടിയുണ്ടാകുമെന്ന് സുരേഷ് കുമാര്‍; നടനെ 'അമ്മ' പുറത്താക്കും; ഫിലിം ചേമ്പറും നടപടിക്ക്; വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോ ഒറ്റപ്പെടുന്നു

Update: 2025-04-17 05:49 GMT

കൊച്ചി: ഷൈന്‍ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കും. നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്‌ഹോക് കമ്മിറ്റി ചേര്‍ന്ന് ഷൈനിനെതിരായ നടപടി പ്രഖ്യാപിക്കും.. നേരത്തെ നടി വിന്‍സി അലോഷ്യസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഇതോടെ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ ഒറ്റപ്പെടുകയായിരുന്നു.

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. മലയാള സിനിമ സെറ്റില്‍ കൂടെ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിന്‍സി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി. സിനിമ സെറ്റില്‍ വെച്ച് നടന്‍ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. അതിനിടെ പോലീസ് അന്വേഷണം തുടങ്ങിയതോടെ നടന്‍ ഒളിവില്‍ പോയി.

ഷൈന്‍ ടോം ചാക്കോക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സിനിമാ നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാര്‍ അറിയിച്ചു.'അയാളെ പുഷ്പം പോലെ വെളിയില്‍ കളയും.അതില്‍ യാതൊരു സംശയവുമില്ല. നടി പരാതി നല്‍കിക്കഴിഞ്ഞു. ഇനി നോക്കിയിരിക്കാന്‍ കഴിയില്ല. ശക്തമായ നടപടിയുണ്ടാകും'. സുരേഷ് കുമാര്‍ പറഞ്ഞു. 'ഇത്തരം സംഭവമുണ്ടായാല്‍ ആരും പരാതി നല്‍കുന്നില്ല എന്നതാണ് പ്രശ്നം. പലരും ഇതെല്ലാം സഹിച്ചിരിക്കുകയാണ്. പക്ഷേ പരാതി നല്‍കാന്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങിയ വിന്‍സി അലോഷ്യസിനെ അഭിനന്ദിക്കുകയാണ്. ആ നടിക്കൊപ്പം ഞങ്ങളുണ്ടാകും. തിങ്കളാഴ്ച ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതില്‍ ഇക്കാര്യത്തിലുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കും.എത്രവലിയ ആളാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും'. സുരേഷ് കുമാര്‍ പറഞ്ഞു.

ലഹരി പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങി ഓടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോര്‍ന്നതിന് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ കഴിഞ്ഞ ദിവസമാണ് വിന്‍സി അലോഷ്യസ് പരാതി നല്‍കിയത്.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.നടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. 

''ലൊക്കേഷനില്‍വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'' എന്നാണ് വിന്‍സി പറഞ്ഞത്. അതേസമയം, വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ എക്‌സൈസും പോലീസും മൊഴി രേഖപെടുത്തും.പരാതി വാങ്ങി കേസ് എടുക്കാനാണ് ശ്രമം. കേസെടുത്താല്‍ പ്രത്യേക സംഘം അന്വേഷിക്കും.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News