സിദ്ദിഖിന്റെ കാര്‍ പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കണ്ടെന്ന് അഭ്യൂഹം; ആലുവയിലെ 'സിനിമാക്കാര്‍' അടക്കം നിരീക്ഷണത്തില്‍; സിദ്ദിഖ് സുപ്രീംകോടതിയിലേക്കും; നടനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്

സിദ്ദിഖിന്റെ മകനും സിദ്ദിഖ് എവിടെയാണെന്ന് അറിയില്ലെന്നാണ് പുറത്തു വരുന്ന സൂചന

Update: 2024-09-25 02:10 GMT

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. അതിനിടെ സിദ്ദിഖിന്റെ കാര്‍ ആലപ്പുഴയില്‍ കണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ അടക്കം നിരീക്ഷണത്തിലാണ്. സിദ്ദിഖിന്റെ മകനും സിദ്ദിഖ് എവിടെയാണെന്ന് അറിയില്ലെന്നാണ് പുറത്തു വരുന്ന സൂചന.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥിരം സിനിമാ ലൊക്കേഷനുകളെല്ലാം പോലീസ് അരിച്ചു പെറുക്കുന്നുണ്ട്. ആലുവയിലും വ്യാപക പരിശോധനയാണ്.

കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തയാറാക്കുന്നത്. 2016 ഇല്‍ നടന്ന സംഭവത്തില്‍ 2024ല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹര്‍ജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ പരാതിക്കാരിയും തീരുമാനിച്ചു. ഇതോടെ വലിയ നിയമ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയില്‍ കണ്ടതായാണ് വിവരം. ആലപ്പുഴയിലെ പ്രധാന റിസോര്‍ട്ടുകളിലൂം സ്റ്റാര്‍ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുന്‍പില്‍ ആണ് കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇത് പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള നീക്കമായും വിലയിരുത്തലുണ്ട്. ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കീഴടങ്ങാനുള്ള ആലോചനകളും സിദ്ദിഖ് നടത്തുന്നുണ്ട്.

സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തില്‍ സമീപകാലത്ത് പരാതി നല്‍കിയത് അടക്കമുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്താനാണ് നീക്കം. സിദ്ദിഖിന്റെ മകന്‍ രാത്രി വൈകിയും കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സിദ്ദിഖിനെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനും വെല്ലുവിളിയാണ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലര്‍ത്തുന്നതെന്നാണ് ആരോപണം.

Tags:    

Similar News