സ്ട്രെസ് മാറാന്‍ ഫീസ് അടച്ചാല്‍ റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും കെട്ടിപ്പിടിക്കാന്‍ മസിലുള്ള ആണുങ്ങള്‍ റെഡി; തിരക്കേറിയ ലോകത്ത് ആശ്വാസത്തിന്റെ കെട്ടിപ്പിടുത്തം ചൈനയിലെ പുതിയ ട്രെന്‍ഡായി മാറുമ്പോള്‍

സ്ട്രെസ് മാറാന്‍ ഫീസ് അടച്ചാല്‍ റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും കെട്ടിപ്പിടിക്കാന്‍ മസിലുള്ള ആണുങ്ങള്‍ റെഡി

Update: 2025-06-12 04:19 GMT

ബീജിംഗ്: ലോകത്ത് സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആലിംഗനം. നമ്മള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ട് വിഷമിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രിയപ്പെട്ടവര്‍ നമ്മെ ഒന്ന്കെട്ടിപ്പിടിച്ചാല്‍ അത് എത്ര ആശ്വാസകരമായിരിക്കും എന്ന് പറയേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നൊരു കാര്യം ചൈനയിലെ പെയ്ഡ് കെട്ടിപ്പിടുത്തമാണ്. നിങ്ങളുടെ സ്ര്ടെസ് മാറ്റാന്‍ ഫീസടച്ചാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കെട്ടിപ്പിടിക്കാന്‍ മസിലുള്ള ആണുങ്ങള്‍ റെഡി.

തിരക്കേറിയ ലോകത്ത് ആശ്വാസത്തിന്റെ കെട്ടിപ്പിടുത്തം ചൈനയിലെ പുതിയ ട്രെന്‍ഡായി മാറുകയാണ്. ജിമ്മില്‍ പോയി മസിലുകളൊക്കെ പെരുപ്പിച്ച് നടക്കുന്ന പുരുഷന്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരാലിംഗനം ചെയ്യുന്നതിന് അമ്പത് യുവാന്‍ വരെയാണ് ഫീസ് നല്‍കേണ്ടത്. സൗമ്യത, ക്ഷമ തുടങ്ങിയ ഗുണങ്ങള്‍ ഉള്ള വ്യക്തികളാണ് ഇവരെന്നാണ് പറയപ്പെടുന്നത്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍്ത്ഥികളും ഉള്‍പ്പെടെ

നിരവധി പേരാണ് മാനസിക സംഘര്‍ഷം കുറയ്ക്കാനായി ഈ മാര്‍ഗം തേടുന്നത്.

ഭൂഗര്‍ഭ സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം ഇത്തരക്കാരായ പുരുഷന്‍മാരുടെ സേവനം ലഭ്യമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം വൈറലായി മാറിക്കഴിഞ്ഞതായി ചൈനയിലെ പ്രമുഖ മാധ്യമമായ സൗത്ത് ചൈന മോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിപ്പിടുത്തവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പതിനായിരത്തിലധികം കമന്റുകള്‍ ലഭിച്ചതായിട്ടാണ് പറയപ്പെടുന്നത്. പലരും ഗൂഗളില്‍ മാന്‍മം എന്നപേരില്‍ നിരന്തരമായി സെര്‍ച്ച് ചെയ്യുന്നതായിട്ടാണ് പലരും പറയുന്നത്.

മാത്രമല്ല കെട്ടിപ്പിടുത്തത്തിന് മുന്നോടിയായി സ്ത്രീകളില്‍ പലരും തങ്ങളെ ആലിംഗനം ചെയ്യാന്‍ പോകുന്ന പുരുഷന്‍മാരുമായും സംസാരിക്കാനും താല്‍പ്പര്യപ്പെടുന്നുണ്ട്. അതേ സമയം ഉയരമുള്ള സ്ത്രീകളെ ആലിംഗനം ചെയ്യാനായി തേടുന്നവരും ഉണ്ട്.സോഷ്യല്‍ മീഡിയയില്‍ ഒരുസ്ത്രീ പറയുന്നത് ഒരിക്കല്‍ തന്നെ ആലിംഗനം ചെയ്ത പുരുഷന് താന്‍ ഒരു പുസ്തകവും കോഫിയും വാങ്ങിക്കൊടുത്തു എന്നാണ്. കുറേ നേരം സംസാരിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.

ആലിംഗനത്തേക്കാള്‍ തനിക്ക് ഇഷ്ടപ്പെട്ടത് അയാളുടെ ഊഷ്മളമായ പെരുമാറ്റം ആയിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. ഈലിംഗനം ചെയ്ത് മാസം തോറും വന്‍തുക സമ്പാദിക്കുന്നവരും ചൈനയില്‍ ധാരാളമായിട്ടുണ്ട്. കസ്റ്റമര്‍മാരെ സന്തോഷിപ്പിക്കാനായി മേക്കപ്പും പെര്‍ഫ്യൂമും എല്ലാം വാങ്ങിക്കാന്‍ ധാരാളം പണം ആവശ്യമായി വരും എന്നാണ ്ഇവര്‍ പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ തന്നെ ചിലര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.

കുടുംബാംഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ ആലിംഗനം തേടാതെ അപരിചതരെ കൊണ്ട് പണം കൊടുത്ത് കെട്ടിപ്പിടിക്കുന്നത് എന്തിനാണ് എന്നാണ് ഇവര്‍ ചോദിക്കുന്നത്. കുറേ പേര്‍ക്ക് പണം ഉണ്ടാക്കാനുള്ള മാര്‍ഗം മാത്രമാണ് ഇതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.

Tags:    

Similar News