താന്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16; പഴയ ഐ ഫോണ്‍ 15 കടയില്‍ കൊടുത്താണ് പുതിയത് വാങ്ങിയതെന്ന് ജസ്റ്റീസിന്റെ ചോദ്യത്തിലുള്ളത് പ്രായോഗികത; ഇരയും 2016ലെ ഫോണ്‍ നല്‍കിയില്ലെന്ന് മുകുള്‍ റോത്തഗി; പിന്നാലെ തൊണ്ട അസ്വസ്ഥമായി; കേസ് മാറ്റിവച്ച് സുപ്രീകോടതിയും; സിദ്ദിഖന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇന്നുണ്ടായത്
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖ് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റുന്നത് വക്കീലിന്റെ അസൗകര്യം പരിഗണിച്ച്. തന്റെ തൊണ്ട അസ്വസ്ഥമാണെന്ന് സിദ്ദിഖിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി അറിയിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ അടുത്ത ആഴ്ച നിര്‍ണ്ണായകമാണ്.
ജസ്റ്റിസ്മാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചുവെങ്കിലും അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്റെ തൊണ്ട അസ്വസ്ഥം ആണെന്ന് മുകുള്‍ റോത്തഗി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് അദ്ദേഹം ആവശ്യപെട്ടു. ഇത് സുപ്രീം കോടതി അംഗീകരിച്ചു.
2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സിദ്ദിഖിന് എതിരേ പറയുന്ന പ്രധാന ആരോപണം എന്ന് മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ 2016 ലെ ഫോണ്‍ ഹാജരാക്കണം എന്ന ആവശ്യത്തിലെ പ്രായോഗികതയില്‍ സംശയം പ്രകടിപിച്ചത്. ഇത് സിദ്ദിഖിന് അനുകൂലമായ വാദമായി മാറി.
താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16 ആണെന്ന് ജസ്റ്റിസ് ശര്‍മ്മ അറിയിച്ചു. എന്നാല്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ 15 കടയില്‍ മടക്കി നല്‍കിയ ശേഷമാണ് ഐ ഫോണ്‍ 16 വാങ്ങിയത് എന്നും ശര്‍മ്മ പറഞ്ഞു. അതെ സമയം ആവശ്യപ്പെട്ട സാധനങ്ങള്‍ ഹാജരാക്കിയില്ല എന്നതിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് സിദ്ദിഖ് മറുപടി നല്‍കുന്നില്ല എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു. ഫേസ്ബുക്ക് അകൗണ്ട് ഉള്‍പ്പടെ സിദ്ദിഖ് ഡി ആക്ടിവേറ്റ് ചെയ്തിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്, അതിജീവിതക്ക് വേണ്ടി അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരായത്. കേസില്‍ സിദ്ദിഖിന് കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് തുടരും.
ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നാണ് അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്.ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി പീഡന പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുന്നേയും യുവനടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഇത് പ്രകാരം പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.
പരാതിക്കാരി ബലാത്സംഗം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതുമാണ് എന്നാണ് സിദ്ദിഖിന്റെ വാദം. സൂക്ഷമമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയര്‍ത്തിയതെന്നാണ് സിദ്ദീഖ് അവകാശപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നുവെന്നാണ് സിദ്ദിഖിന്റെ പുതിയ സത്യവാങ്മൂലം. പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് എസ്ഐടി തനിക്കെതിരെ ഉന്നയിക്കുന്നതെന്നും കേസിനെ സെന്‍സേഷണലൈസ് ചെയ്യാനാണ് എസ്ഐടിയുടെ ശ്രമമെന്നുമാണ് സിദ്ദിഖിന്റെ വാദം. താന്‍ ഉന്നതനായ വ്യക്തിയല്ലെന്നും സിദ്ദിഖിന്റെ സത്യവാങ്മൂലത്തിലുണ്ട്.