സൗദിയും യുഎഇയും പോലും കരിമ്പട്ടികയില്‍ പെടുത്തി; അല്‍ഖാദിയക്ക് പ്രചോദനമായ സംഘടന; കേരളത്തിലെ വഖഫ് പ്രതിഷേധവും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധമെന്ത്? സമരലക്ഷ്യത്തെ ജമാഅത്തെ ഇസ്ലാമി വഴിതിരിച്ചു വിട്ടു; സംഘ പരിവാറിന് വടികൊടുക്കുന്ന നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് സമരത്തിനെതിരെ എ പി കാന്തപുരം വിഭാഗം

സൗദിയും യുഎഇയും പോലും കരിമ്പട്ടികയില്‍ പെടുത്തി; അല്‍ഖാദിയക്ക് പ്രചോദനമായ സംഘടന

Update: 2025-04-12 04:39 GMT

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന - വിദ്യാര്‍ത്ഥി സംഘടനകളായ സോളിഡാരിറ്റിയുടെയും എസ്ഐഒയുടെയും നേതൃത്വത്തില്‍ നടന്ന സമരം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ തീവ്ര ഇസ്ലാമിസ്റ്റുകളായ ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു രാഷ്ട്രീയ സമരത്തില്‍ തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്തിനാണെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമര്‍ശനം.

തീവ്ര മുസ്ലിം ആശയങ്ങളോട് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും തുടരുന്ന ബന്ധത്തിന്റെ സൂചനയാണിതെന്നും വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ ഹസനുല്‍ ബന്ന, ആദ്യകാല നേതാക്കളിലൊരാളായ സയിദ് ഖുതുബ് എന്നിവരുടെ ചിത്രങ്ങളാണ് എയര്‍പോര്‍ട്ട് മാര്‍ച്ചിനിടെ സോളിഡാരിറ്റി - എസ്ഐഒ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചത്.

1928 ല്‍ ഈജിപ്തിലെ ഇസ്മയിലയില്‍ വെച്ച് രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡ്, മതരാഷ്ട്രവാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് സംഘടനയാണ്. തീവ്രവാദ സംഘടനയെന്ന് കണ്ടെത്തി നിരവധി മുസ്ലിം രാജ്യങ്ങളില്‍ അടക്കം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഈജിപ്ത് പ്രസിഡണ്ടിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 1966 ല്‍ തൂക്കിലേറ്റപ്പെട്ട തീവ്ര ഇസ്ലാമിസ്റ്റ് നേതാവാണ് സയിദ് ഖുതുബ്. ഐഎസ്, അല്‍ഖൈ്വദ തുടങ്ങിയ ഭീകരവാദ സംഘനടകളെ അടക്കം ആശയപരമായി സ്വാധീനിച്ചിട്ടുള്ള നേതാവ് കൂടിയാണ് സയിദ് ഖുതുബ്. ഇത്തരത്തില്‍ കൊടും ഭീകരരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍നം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് നിയമ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ എപി വിഭാഗം സമസ്ത വിഭാഗവും രംഗത്തുവന്നു. മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലിലാണ് വിമര്‍ശനം ഉന്നയിച്ചത്. വഖഫ് വിരുദ്ധ സമരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണ വേദിയാക്കിമാറ്റി. സമരത്തില്‍ ഉയര്‍ത്തിയത് ബ്രദര്‍ഹൂഡ് നേതാക്കളുടെ ചിത്രമുയര്‍ത്തി. വഖഫ് പ്രതിഷേധവും ഇസ്ലാമിക് ബ്രദര്‍ഹൂഡും തമ്മില്‍ എന്ത് ബന്ധമെന്നും ചോദ്യം.

നിയമത്തെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടയും മതേതര പാര്‍ട്ടികളും ഒന്നിച്ചു എതിര്‍ത്തതാണ്. സമരലക്ഷ്യത്തെ ജമാഅത്തെ ഇസ്ലാമി വഴിതിരിച്ചു വിട്ടു. ഇത് മുസ്ലിം ഇതര സംഘടനകളെ സമരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇടവരുത്തും. സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകള്‍ക്കും കൈല്‍ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തി.

സിറാജ് ദിനപത്രത്തിന്റെ എഡിറ്റോറിയലിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വഖ്ഫ് സംരക്ഷണ പ്രക്ഷോഭവും ബ്രദര്‍ഹുഡും തമ്മില്‍?

എന്താണ് ഇന്ത്യയിലെ വഖ്ഫ് നിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭവും ഈജിപ്തില്‍ ഉദയം ചെയ്ത മുസ്്‌ലിം ബ്രദര്‍ഹുഡും തമ്മില്‍ ബന്ധം? വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച ജമാഅത്തെ ഇസ്്‌ലാമിയുടെ യുവജന- വിദ്യാര്‍ഥി സംഘടനകളായ സോളിഡാരിറ്റിയും എസ് ഐ ഒയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ചുമായി ബന്ധപ്പെട്ട് മതേതര കേരളത്തിന്റേതാണ് ഈ ചോദ്യം.

പൊളിറ്റിക്കല്‍ ഇസ്്‌ലാം സംഘടനയായ മുസ്്‌ലിം ബ്രദര്‍ഹുഡിന്റെ നേതാക്കളായ ഹസനുല്‍ബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ മാര്‍ച്ച് നടത്തിയത്. ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ സംഘടനയാണ് മുസ്്‌ലിം ബ്രദര്‍ഹുഡ്. അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം ബ്രദര്‍ഹുഡാണെന്ന് വിലയിരുത്തപ്പെടുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ജമാല്‍ അബ്ദുന്നാസിര്‍ വധക്കേസില്‍ 1966 ആഗസ്റ്റ് 29നു തൂക്കിക്കൊല്ലുകയായിരുന്നു മുഹമ്മദ് ഖുത്വുബിനെ.

മുസ്്‌ലിംകളെ ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കിയതെങ്കിലും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമെന്ന നിലയില്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഈ നിയമത്തെ പ്രതിരോധിക്കാന്‍ രംഗത്തുവന്നിട്ടുണ്ട്. പാര്‍ലിമെന്റിലെ വോട്ടെടുപ്പ് വേളയില്‍ ഇന്ത്യാ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്യുകയുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ വഖ്ഫ് നിയമത്തിനെതിരെയെന്ന പേരില്‍ സംഘടിപ്പിച്ച സമരം സോളിഡാരിറ്റിയും എസ് ഐ ഒയും തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

പാരമ്പര്യ ഇസ്്‌ലാമിനെ തള്ളിപ്പറഞ്ഞുകൊണ്ട് അബുല്‍ അഅ്‌ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്്‌ലാമിയുടെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ബ്രദര്‍ഹുഡ് എന്നതിനാല്‍ ഇരുസംഘടനകള്‍ക്കുമിടയില്‍ ആഴത്തിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്. കേരള ജമാഅത്തെ ഇസ്്‌ലാമിയുടെ പ്രസാധകവിഭാഗം, അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ കൃതികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു.

ഇതുപക്ഷേ അവരുടെ സംഘടനാ താത്പര്യം. എന്നാല്‍ മതേതര ഇന്ത്യ ഒന്നിച്ച് ഏറ്റെടുത്ത വഖ്ഫ് നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്്‌ലാമി അവരുടെ സംഘടനാ താത്പര്യവും മതരാഷ്ട്ര നിലപാടും പ്രകടിപ്പിക്കണമായിരുന്നോ? മുസ്്‌ലിമേതര സംഘടനകള്‍ പ്രക്ഷോഭ രംഗത്തു നിന്ന് മാറിനില്‍ക്കാന്‍ ഇത് വഴിവെച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വഖ്ഫ് നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ വഴിതിരിച്ചുവിടുന്ന വിവേകശൂന്യതയാണ് ജമാഅത്തിന്റെ യുവജന- വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുണ്ടായിരിക്കുന്നത്.

ജമാഅത്തെ ഇസ്്‌ലാമി ഇതാദ്യമല്ല, മതേതര പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തങ്ങളുടെ ആശയ- രാഷ്ട്രീയ പരിസരം വികസിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരങ്ങളിലും അവര്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റിയിട്ടുണ്ട്. ജമാഅത്തെ ഇസ്്‌ലാമിയുടെ ആദ്യകാല വിദ്യാര്‍ഥി സംഘടനയായിരുന്ന സിമിയുടെ ചില പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി മുസ്ലിം സമൂഹം തെറ്റിദ്ധരിക്കപ്പെടാനിടയാക്കി. ജമാഅത്തെ ഇസ്്‌ലാമിയെത്തന്നെ വിഴുങ്ങുന്ന നിലയിലേക്ക് സിമി തീവ്രസ്വഭാവം കൈവരിച്ചപ്പോഴാണ് സംഘടനയെ കൈയൊഴിച്ച് ജമാഅത്ത് നേതൃത്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന മറ്റൊരു വിദ്യാര്‍ഥി സംഘടനക്ക് രൂപം കൊടുത്തത്.

''ഹുകൂമത്തെ ഇലാഹി'യെന്ന അബുല്‍ അഅ്‌ലാ മൗദൂദി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമാണ് ജമാഅത്തെ ഇസ്്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം. അത്തരമൊരു ഭരണകൂടവുമായല്ലാതെ മുസ്്‌ലിംകള്‍ സഹകരിക്കാന്‍ പാടില്ലെന്നാണ് അവരുടെ നിലപാട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ ആദ്യകാല ഗ്രന്ഥങ്ങളിലൊക്കെ ഇക്കാര്യം അര്‍ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഷങ്ങളോളം ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാതെ സംഘടന വിട്ടു നിന്നതും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനോ സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കാനോ പാടില്ലെന്ന് പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം മൗലിക പ്രധാനമാണ് ഹുകൂമത്തെ ഇലാഹിയെന്നും ആരാധനകള്‍ പൂര്‍ണമാകണമെങ്കില്‍ പോലും ഹുകൂമത്തെ ഇലാഹി നിലവില്‍ വരണമെന്നും ജമാഅത്തിന്റെ പ്രമുഖ നേതാക്കള്‍ പലവേദികളിലും പറഞ്ഞതാണ്. ഈ നിലപാടുമായി മുന്നോട്ടുപോയാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് പില്‍ക്കാലത്ത് ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിക്കാനും സ്വന്തം രാഷ്ട്രീയ കക്ഷി രൂപവത്കരിച്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ജമാഅത്തെ ഇസ്്‌ലാമി മുന്നോട്ടുവന്നതിന്റെ കാരണം.

എവിടെ സമരം നടത്തണം, എപ്പോള്‍ നടത്തണം എന്നതൊക്കെ ആ സംഘടനയുടെ ഹിതമാണ്. പക്ഷേ ഇന്ത്യയിലെ ജനാധിപത്യമനുഷ്യരെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഒരു പ്രമേയത്തെ ''സംഘടനാ ദൃശ്യത' എന്ന സങ്കുചിത ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്തുക വഴി വഖ്ഫ് കൊള്ളക്കെതിരായ പൊതുവികാരത്തെ അട്ടിമറിക്കുകയാണ് ജമാഅത്തെ ഇസ്്‌ലാമി ചെയ്തിരിക്കുന്നത്. അവധാനത തൊട്ടുതീണ്ടിയിട്ടില്ലാത്ത എടുത്തുചാട്ടം കൊണ്ട് സംഭവിച്ചതെന്താണ്? ''തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കേരളം' എന്ന് കെ സുരേന്ദ്രനെ പോലുള്ളവര്‍ക്ക് വിളിച്ചുപറയാനും കുളം കലക്കാനും അവസരം നല്‍കി.

ഒരു കാരണവുമില്ലാതെ തന്നെ മുസ്്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നത് ശീലമാക്കിയവര്‍ക്ക് കുറേ നാളത്തേക്ക് ഉപയോഗിക്കാവുന്ന വടി കൈയില്‍ വെച്ചുകൊടുത്തു സോളിഡാരിറ്റിയും എസ് ഐ ഒയും. അവര്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും വഖഫ്വിരുദ്ധ ക്യാമ്പയിനിന് തുടക്കം കുറിക്കുന്ന സംഘ്പരിവാറിനും വഖ്ഫ് നിയമ ഭേദഗതിക്ക് പിന്തുണ നല്‍കുന്ന തീവ്രക്രൈസ്തവ ഗ്രൂപ്പുകള്‍ക്കും പ്രചാരണായുധം നല്‍കിയിരിക്കുന്നു ജമാഅത്തെ ഇസ്്‌ലാമി. മുസ്്‌ലിം സമുദായത്തിന് ആകെയും പരുക്കേല്‍പ്പിക്കുന്ന അവിവേകമായി അത് മാറിക്കഴിഞ്ഞു. യുവജന-വിദ്യാര്‍ഥി സംഘടനകളെ കയറൂരി വിടാതെ നിലയ്ക്ക് നിര്‍ത്താന്‍ ജമാഅത്തെ ഇസ്്‌ലാമി നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം.

Tags:    

Similar News