ഇനി മത്സരിക്കാന്‍ താല്‍പ്പര്യമില്ല; പക്ഷേ പാര്‍ട്ടി പറയുന്നത് അനുസരിക്കും; നേമം ഉപേക്ഷിക്കാനൊരുങ്ങി ശിവന്‍കുട്ടി; പോര്‍വിളിയുമായി ബിജെപിയും രാജീവ് ചന്ദ്രശേഖറും; 2026-ല്‍ നേമത്ത് പ്രവചനാതീത പോരാട്ടം

Update: 2026-01-05 04:34 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന എ ക്ലാസ് മണ്ഡലമായ നേമത്ത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോള്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി മന്ത്രി വി ശിവന്‍കുട്ടി. ബിജെപി തങ്ങളുടെ ഏക അക്കൗണ്ട് തുറന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ തന്നെ കളത്തിലിറക്കുമ്പോള്‍, മറുഭാഗത്ത് സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടിയെ തന്നെ അണിനിരത്തി പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ഒരുങ്ങുകയാണ്. പക്ഷേ ശിവന്‍കുട്ടിയ്ക്ക് നേമത്തോട് താല്‍പ്പര്യകുറവാണ്. അതിനിടെ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി ശിവന്‍കുട്ടി രംഗത്തു വന്നു. താന്‍ മത്സരിക്കില്ലെന്നോ മത്സരിക്കുമെന്നോ പറഞ്ഞിട്ടില്ല. അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ശിവന്‍കുട്ടിയുടെ പുതിയ പ്രസ്താവന.

നേമത്ത് ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞെങ്കിലും, അന്തിമ തീരുമാനം ഇടതുമുന്നണിയുടേതും പാര്‍ട്ടിയുടേതുമായിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താന്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സൂചന അദ്ദേഹം നല്‍കിയത്. നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് തൃശൂരില്‍ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പരസ്യമായി മത്സരിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞതോടെ പാര്‍ട്ടിയുടെ തീരുമാനവും ഇനി നിര്‍ണായകമാണ്.

ബിജെപി തങ്ങളുടെ കരുത്തനായ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ തന്നെ മണ്ഡലത്തില്‍ ഇറക്കി പൂട്ടിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോള്‍, ശിവന്‍കുട്ടിയല്ലാതെ മറ്റൊരു മികച്ച ചോയ്സ് സിപിഎമ്മിന് മുന്നിലില്ലെന്നതാണ് വസ്തുത. 2011-ലും 2021-ലും ബിജെപിയുടെ വിജയസാധ്യതകളെ തകര്‍ത്ത് മണ്ഡലം ഇടതിനൊപ്പം നിര്‍ത്തിയ പോരാട്ട വീര്യമാണ് ശിവന്‍കുട്ടിക്കുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ നേടിയ 22,000 വോട്ടിന്റെ ലീഡും തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റവും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, പരാജയഭീതി മൂലമാണ് ശിവന്‍കുട്ടി പിന്മാറുന്നതെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് നേടിയ 22,000-ത്തിലധികം വോട്ടുകളുടെ ലീഡും, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ബിജെപി കാഴ്ച്ചവെച്ച മികച്ച പ്രകടനവുമാണ് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നത്. നേമം പിടിക്കാന്‍ ഇത്തവണ സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരിട്ട് എത്തുമെന്നാണ് സൂചന. 2016-ല്‍ ഒ. രാജഗോപാലിലൂടെ നേടിയ വിജയം ആവര്‍ത്തിക്കാന്‍ കെട്ടുറപ്പുള്ള സംഘടനാ സംവിധാനമാണ് ബിജെപി മണ്ഡലത്തില്‍ ഒരുക്കുന്നത്.

നേമത്തെ രാഷ്ട്രീയ ചതുരംഗത്തില്‍ വി. ശിവന്‍കുട്ടിയല്ലാതെ മറ്റൊരു പേര് സിപിഎമ്മിന് മുന്നിലില്ല. 2011-ല്‍ ഒ. രാജഗോപാലിനെ അട്ടിമറിച്ചും, 2021-ല്‍ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചും ശിവന്‍കുട്ടി തന്റെ പോരാട്ടവീര്യം തെളിയിച്ചതാണ്. കോര്‍പ്പറേഷന്‍ ഭരണത്തില്‍ ബിജെപി ഉണ്ടാക്കിയ ആധിപത്യവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയും പ്രതിരോധിക്കുക എന്നതാണ് ശിവന്‍കുട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എങ്കിലും, മണ്ഡലത്തില്‍ സുപരിചിതനായ അദ്ദേഹം തന്നെയാകും എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട്.

2021-ല്‍ കെ. മുരളീധരനെ ഇറക്കി ശക്തമായ മത്സരം കാഴ്ചവെച്ച കോണ്‍ഗ്രസ് ഇത്തവണ പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സാധ്യത. ബിജെപിക്ക് വോട്ട് മറിക്കുന്നു എന്ന ആരോപണം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിഞ്ഞ തവണ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ജി.വി. ഹരി, മണക്കാട് സുരേഷ് എന്നിവരുടെ പേരുകളാണ് പ്രാഥമികമായി പരിഗണനയിലുള്ളത്.

Similar News