കരാറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല; 10 വര്‍ഷത്തേക്ക് എന്നത് കരാറില്‍ രേഖപ്പെടുത്തിയില്ല; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ വ്യക്തം; പരസ്പര ധാരണയില്‍ ടീ കോമുമായി കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവും

കരാറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല

Update: 2024-12-07 13:04 GMT

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച കരാര്‍ രേഖകളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഒളിച്ചകളി തുടരുകയാണ്. പുറമേ പൊതുസമക്ഷം പറഞ്ഞ പലകാര്യങ്ങളും പദ്ധതിയുടെ രേഖയില്‍ അടയാളപ്പെടുത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്ന വിവരം. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നതിനിടെ വീഴ്ച്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നു.

സ്മാര്‍ട്ട് സിറ്റി കരാറില്‍ സര്‍ക്കാര്‍ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് പുരത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച രേഖകള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത പ്രകാരം സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്നതാണ് സുപ്രധാന കാര്യം. പദ്ധതി എന്നാണ് പൂര്‍ത്തിയാക്കേണ്ടത് എന്നതില്‍ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

2007 ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. ഇതോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്മാര്‍ട്ട് സിറ്റിക്ക് ഇല്ലാത്ത അവസ്ഥയിലാണ്. പദ്ധതി ഒരു ഘട്ടത്തിലും സര്‍ക്കാര്‍ മേല്‍നോട്ടവും ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. നടപടികള്‍ സര്‍ക്കാര്‍ നല്‍കി പൂര്‍ത്തിയാക്കുന്ന ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് എന്നതാണ് കരാറിലെ വ്യവസ്ഥയെന്നായിന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഇതോടെ സര്‍ക്കാറിന്റെ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വിധത്തിലാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ രേഖകള്‍ എന്നാണ് വ്യക്തമാകുന്നു കാര്യം. സെസ് അനുമതി ലഭ്യമാക്കിയത് അടക്കം കൃത്യം സമയത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അതും രേഖയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

ടീകോമിന് എതിരെ സര്‍ക്കാരിന് മുന്നിലുണ്ടാകാവുന്ന നിയമ വഴി അടച്ചതും സര്‍ക്കാര്‍ തന്നെയെന്ന് ഈ രേഖകളില്‍ നിന്നും വ്യക്തമാണ്. അതായത് പദ്ധതി എന്ന് പൂര്‍ത്തിയാക്കണമെന്നതില്‍ കരാറില്‍ വ്യക്തതയില്ല. വിഷയം കോടതിയിലെത്തിയാല്‍ ക്ലോസിംങ് ഡേറ്റ് ഇല്ലാത്തതിനാല്‍ കരാര്‍ ലംഘനമില്ലെന്ന് ടീ കോമിന് വാദിക്കാം. ഇതെല്ലാം ഫലത്തില്‍ സര്‍ക്കാറിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്.

അതേസമയം ടീ കോമുമായി നിയമയുദ്ധത്തിന് പോകാതെ പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവര്‍ത്തിച്ചു രംഗത്തുവന്നു. ടീ കോമുമായി നിയമയുദ്ധത്തിന് പോവേണ്ടതില്ല എന്നായിരുന്നു ലഭിച്ച നിയമോപദേശം അതാണ് ഉചിതമെന്ന് സര്‍ക്കാരിനും തോന്നി. എത്രയും വേഗം സ്ഥലം വിനിയോഗിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. നാടിന്റെ താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

'നഷ്ടപരിഹാരം' എന്ന വാക്ക് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം.ടീകോം മുടക്കിയതില്‍ എന്ത് തിരിച്ചു കൊടുക്കാന്‍ ആവുമെന്നാണ് പരിശോധിച്ചത്. കേരളത്തില്‍ പുതിയത് ഒന്നും വരരുത് എന്ന ആഗ്രഹമാണ് ചിലര്‍ക്ക്. ചില മാധ്യമങ്ങള്‍ മാത്രം എതിര് പറയുന്നുണ്ട്. പൊതുവില്‍ സര്‍ക്കാര്‍ നടപടികളോട് അനുകൂല വികാരമാണുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

2007ല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. അതേസമയം നഷ്ടപരിഹാരം നല്‍കി ഭൂമി തിരിച്ചുപിടിക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതലും അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, സര്‍ക്കാരും ടീകോമും തമ്മിലുള്ള പൊതുധാരണ പ്രകാരമാണ് ഭൂമി തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി പദ്ധതിയില്‍ ഒരു പുരോഗതിയുമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

Tags:    

Similar News