ഹെല്‍മറ്റിനുള്ളില്‍ മാത്രമല്ല ബൈക്കിന്റെ പിടിയിലും പാമ്പ് ഒളിച്ചിരിക്കും; ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച യുവാവ് അപ്രതീക്ഷിതമായി ആ 'അതിഥി'യെ കണ്ട് ഞെട്ടി; വളവഴപ്പന്‍ പാമ്പെന്ന മോതിര വളയന്‍ ഇഴഞ്ഞു പോയതും അതിവേഗം; അടിമാലി അമ്പലപ്പടിയിലെ ബിനീഷ് രക്ഷപ്പെട്ട കഥ

Update: 2025-06-25 05:20 GMT

അടിമാലി: ഇതൊരു അത്ഭുത രക്ഷപ്പെടല്‍ കഥയാണ്. ഹെല്‍മറ്റിനുള്ളില്‍ മാത്രമല്ല ബൈക്കിന്റെ പിടിയിലും പാമ്പ് ഒളിച്ചിരിക്കും. ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച യുവാവ് അപ്രതീക്ഷിതമായി ആ 'അതിഥി'യെ കണ്ട് ഞെട്ടി. അതിന് മുമ്പ് ഭാര്യയും മകളുമായി ആ യുവാവ് ഇതേ ബൈക്കില്‍ സഞ്ചരിച്ചത് 5 കിലോമീറ്ററാണ്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോള്‍ എന്തോ ഒരു കുഴപ്പം. കൈ മാറ്റി നോക്കുമ്പോള്‍ ഹാന്‍ഡിലില്‍ നീളത്തില്‍ കിടക്കുന്ന വളവഴപ്പന്‍ പാമ്പ്.

അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷ് ഇതിനെ കുറിച്ച് ഓര്‍ക്കുന്നത് ഞെട്ടലോടെയാണ്. ചിലയിടങ്ങളില്‍ മോതിരവളയന്‍ എന്നും അറിയപ്പെടുന്ന ഇതു വിഷപ്പാമ്പാണ് ബൈക്കിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോള്‍ ശക്തമായ മഴ. തുടര്‍ന്നു ഭാര്യയെയും മകളും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു.

അതു കഴിഞ്ഞ് ബൈക്കില്‍ ഒറ്റയ്ക്ക് യാത്ര തുടങ്ങി. അപ്പോഴാണ് പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. ഇതിനിടെ പാമ്പ് ഇഴഞ്ഞു രക്ഷപ്പെടുകയും ചെയ്തു.

Tags:    

Similar News