ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം സമുചിതമാക്കും; ശിവഗിരിയെ അടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഇടതുകോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ 'ഈഴവ ഓപ്പറേഷന്‍'; രാഹുല്‍ ഗാന്ധി നേരിട്ടെഴുതും; ജാതി-സാമുദായിക സമവാക്യങ്ങള്‍ തിരുത്തിയെഴുതാന്‍ യുഡിഎഫും; വെള്ളാപ്പള്ളി ഇഫക്ടിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്

Update: 2026-02-05 05:37 GMT

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാതി-സാമുദായിക സമവാക്യങ്ങള്‍ തിരുത്തിയെഴുതാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍. ശ്രീനാരായണ ഗുരുമഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം ശിവഗിരി മഠവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ നിര്‍ണ്ണായകമായ ഈഴവ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഫെബ്രുവരി 18-ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതോടെ സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകോട്ടകളില്‍ വിറയലുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

യു.ഡി.എഫില്‍ മുസ്ലീം ലീഗിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്ന സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും നിരന്തരമായ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. സംസ്ഥാന ജനസംഖ്യയുടെ 24 ശതമാനം വരുന്ന ഈഴവ സമുദായത്തിന് കോണ്‍ഗ്രസിനുള്ളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നിലവില്‍ കോണ്‍ഗ്രസിന് ഈ സമുദായത്തില്‍ നിന്ന് ഒരു എം.എല്‍.എ. മാത്രമാണുള്ളത്. ഈ വിടവ് നികത്താനും സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുമായി യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം നേതാക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

ശിവഗിരി മഠവുമായുള്ള കോണ്‍ഗ്രസിന്റെ ഈ സഹകരണം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുരുഗാന്ധി കൂടിക്കാഴ്ചയുടെ പ്രാധാന്യം വേണ്ടവിധം പരിഗണിച്ചില്ലെന്നും എന്നാല്‍ എ.ഐ.സി.സി. ഇതിനായി മുന്നിട്ടിറങ്ങിയെന്നുമാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചത്. കെ.സി. വേണുഗോപാലും അടൂര്‍ പ്രകാശും നേരിട്ട് നടത്തിയ ചര്‍ച്ചകളാണ് മഠത്തെ കോണ്‍ഗ്രസുമായി അടുപ്പിച്ചത്. ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നിരന്തര ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശിവഗിരിയെ ചേര്‍ത്തു നിര്‍ത്തുന്ന ഓപ്പറേഷന്‍.

വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവെച്ച നായര്‍-ഈഴവ ഐക്യനീക്കം പാളിയ സാഹചര്യത്തില്‍, ഇരു സമുദായങ്ങളെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്താനുള്ള അവസരമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. എസ്.എന്‍.ഡി.പി. യോഗത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശിവഗിരി മഠം ഔദ്യോഗികമായി കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നത് ഈഴവ വോട്ടുകളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കൊല്ലത്തെ ചടങ്ങ് കേരളത്തിലെ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടും.

യുഡിഎഫില്‍ മുസ്ലീംലീഗിന്റെ സ്വാധീനത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു എന്ന ആക്ഷേപം സിപിഎമ്മും ബിജെപിയും നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കാനുള്ള വേദിയായി പരിപാടിമാറുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഹിന്ദു വിഭാഗങ്ങള്‍ക്കിയിലെ ഏറ്റവും വലിയ സമൂഹമാണ് സംസ്ഥാന ജനസംഖ്യയുടെ 24% വരുന്ന ഈഴവ വിഭാഗം. ഈഴവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിച്ച് സമുദായത്തെ കൂടെ നിര്‍ത്താന്‍ ആണ് കോണ്‍ഗ്രസ് നീക്കം.

എഐസിസി മുന്‍കൈയെടുത്താണ് ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ ശിവഗിരി മഠവുമായി സഹകരിച്ച് നടത്തുന്നതെന്ന് പരിപാടിയുടെ സ്വീകരണ സമിതി ചെയര്‍മാന്‍ എം ലിജു പ്രതികരിച്ചു. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തതെന്നും എം ലിജു പറഞ്ഞു.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമായുള്ള സഹകരണം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സ്ഥിരീകരിക്കുന്നു. 2025 മാര്‍ച്ചില്‍ ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ് കൊല്ലത്തെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി. പ്രിയദര്‍ശിനി ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസിമാര്‍ പങ്കെടുക്കും.

2025 ഡിസംബറില്‍ എഐസിസി മംഗളൂരുവില്‍ സംഘടിപ്പിച്ച സമാനമായ പരിപാടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തതെന്നും പരിപാടിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശിവഗിരി ട്രസ്റ്റ് അംഗം സ്വാമി ജ്ഞാന തീര്‍ത്ഥ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ഗുരു പരിനിര്‍വാണ പൂജയും യതി പൂജയും ഉണ്ടായിരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുരു - ഗാന്ധി കൂടിക്കാഴ്ച സംബന്ധിച്ച ആഘോഷങ്ങളോട് മറ്റ് പാര്‍ട്ടികള്‍ സഹകരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു.

Tags:    

Similar News