വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും ബ്രിട്ടന്‍ സമ്പൂര്‍ണമായി മഞ്ഞില്‍ മുങ്ങും; പ്രതീക്ഷിക്കുന്നത് എട്ടിഞ്ച് വരെ മഞ്ഞ് വീഴ്ച്ച; ഭാഗികമായി അടച്ച സ്‌കൂളുകള്‍ മുഴുവന്‍ അടയും; കടകള്‍ അടച്ചു പൂട്ടി; വാഹനാപകടങ്ങള്‍ പതിവ്; വിമാനങ്ങളും ട്രെയിനുകളും റദ്ദ് ചെയ്യുന്നത് തുടരും; ഫ്രാന്‍സില്‍ ആയിരകണക്കിന് കിലോമീറ്റര്‍ റോഡ് ബ്ലോക്ക്; മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ജനജീവിതം സ്തംഭിച്ചു

വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും ബ്രിട്ടന്‍ സമ്പൂര്‍ണമായി മഞ്ഞില്‍ മുങ്ങും

Update: 2026-01-07 04:41 GMT

ലണ്ടന്‍: നിരവധി കടകളും സ്‌കൂളുകളും അടച്ചു പൂട്ടിയ കടുത്ത മഞ്ഞുവീഴ്ച്ച നാളെയും മറ്റന്നാളും അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ് ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപകമായി തന്നെ മഞ്ഞുവീഴ്ച്ചയ്ക്കും മഴയ്ക്കും കാരണമാകും. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയും, ഈ കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ കടുത്ത മഞ്ഞുവീഴ്ച്ചയായിരിക്കും ഉണ്ടാവുക. എട്ട് ഇഞ്ച് കനത്തില്‍ വരെ ബ്രിട്ടനെ മഞ്ഞുപൊതിയുമെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നുണ്ട്.

ഇതുവരെ ഉണ്ടായതിലും കൂടുതല്‍ തണുപ്പായിരിക്കും ഈ ഹിമക്കൊടുങ്കാറ്റ് ബ്രിട്ടനില്‍ എത്തിക്കുക. ഫ്രഞ്ച് കാലാവസ്ഥാ കേന്ദ്രം നാമകരണം ചെയ്ത കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നിവിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെവണിലെയും കോണ്‍വാളിലേയും തുറസ്സായ തീരപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത കൈവരിക്കും എന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 8 ഇഞ്ച്കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും.

വ്യാഴാഴ്ച്ച രാത്രിയോടേ ഇംഗ്ലണ്ടിലും വെയില്‍സിലും മഞ്ഞ്‌പെയ്യാന്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി തെക്കന്‍ വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വൈകിട്ടോടെ മഞ്ഞു വീഴ്ച്ച ആരംഭിക്കും. ഗൊരേട്ടി കൊടുങ്കാറ്റ് എത്തുന്നതിന് മുന്‍പായി ഇന്ന് മുതല്‍ തന്നെ സ്‌കോട്ട്‌ലാന്‍ഡില്‍ ശൈത്യം കടുക്കാന്തുടങ്ങും. അതിനിടെ യു കെ ഹെല്‍ത്ത് സെക്യൂരിറ്റ് ഏജന്‍സി വരുന്ന ഞായറാഴ്ച വരെ ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മരണ നിരക്ക് വര്‍ദ്ദിക്കുന്നതില്‍ ആശങ്കയും ഏജന്‍സി രേഖപ്പെടുത്തുന്നുണ്ട്.


 



കടുംശൈത്യത്തില്‍, ഇന്ന്‌ലെ യു കെയില്‍ ഏതാണ്ട് വ്യാപകമായി തന്നെ ഗതാഗത കുരുക്കുകള്‍ ഉണ്ടായി. റോഡ്,റെയില്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ ചില വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യേണ്ടതായും വന്നു. നോര്‍ഫോക്കിലെ മാര്‍ഹാമിലായിരുന്നു ഇന്നലെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, മൈനസ് 12.5 ഡിഗ്രി സെല്‍ഷ്യസ്. അതേസമയം ലണ്ടന്‍, ബിര്‍മ്മിംഗ്ഹാം,ബേണ്മത്ത്, സൌത്താംപ്ടണ്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത് മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. സ്‌കോട്ട്‌ലാന്‍ഡ് ബാന്‍ഫ്ഷയര്‍, ടോമിന്‍ടോളിലായിരുന്നു ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയത്. 52 സെന്റീമീറ്റര്‍ (ഒരു അടി എട്ട് ഇഞ്ച്) കനത്തിലാണ് ഇവിടെ മഞ്ഞുവീണത്.

മഞ്ഞുവീഴ്ച്ച കനത്തതോടേ പലയിടങ്ങളിലായി ആയിരത്തിലധികം സ്‌കൂളുകള്‍ ഇന്നലെയും അടഞ്ഞുകിടന്നു. പലയിടങ്ങളിലും ഗതാഗത തടസ്സങ്ങള്‍ ഉണ്ടായി. ലിവര്‍പൂളില്‍ ഇന്നലെ ഒരു ബസ്സ് അപകടത്തില്‍ പെട്ടു. വെയില്‍സിലെ ചില ഭാഗങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും മഞ്ഞില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വലിയ തോതില്‍ തന്നെ റെയില്‍ പാളങ്ങളില്‍ മഞ്ഞ് അടിഞ്ഞുകൂടിയതോടേ സ്‌കോട്ട്‌ലാന്‍ഡിലും ഇംഗ്ലണ്ടിലും ചില റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.


 



ലണ്ടന്‍ കിംഗ്‌സ് ക്രോസ്സിനും, ലീഡ്‌സിനും, എഡിന്‍ബര്‍ഗിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബദല്‍ യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് എല്‍ എന്‍ ഇ ആര്‍ അറിയിച്ചിട്ടുണ്‍റ്റ്. റെയിലില്‍ വിള്ളല്‍ ദൃശ്യമായതിനെ തുടര്‍ന്നാണിത്. കടുത്ത മഞ്ഞ് വീഴ്ച മൂലം എഡിന്‍ബര്‍ഗിനും ആബെര്‍ഡീനും ഇടയില്‍ യാത്ര ചെയ്യരുതെന്ന മറ്റൊരു മുന്നറിയിപ്പും എത്തിയിട്ടുണ്ട്. കിംഗ്‌സ് ലൈനും എലിയ്ക്കുമിടയിലായും ഇന്നലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

യൂറോപ്പും മഞ്ഞില്‍ വലയുന്നു

അതികഠിനമായ ശീതക്കാറ്റ് ആഞ്ഞടിച്ചതോടെ യൂറോപ്പിലും സാധാരണ ജീവിതം ദുഷ്‌ക്കരമായിരിക്കുകയാണ്. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടപ്പോള്‍ പാരിസില്‍ ദര്‍ശിച്ചത് ആയിരം കിലോമീറ്റര്‍ വരെ നീണ്ട ഗതാഗത കുരുക്കായിരുന്നു. ഫ്രഞ്ച് തലസ്ഥാനത്ത് മഞ്ഞുവീഴ്ച ശക്തമായതോടെ പാരിസ് നിവാസികളില്‍ ഏറെപ്പേരും മോണ്ട്‌മെയറില്‍ സ്‌കീയിംഗിനിറങ്ങി. ഈ ആഴ്ച്ച ആദ്യം മുതല്‍ തന്നെ യൂറോപ്പിനെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ മഞ്ഞുപുതച്ചിരുന്നു. ഇത് പലയിടങ്ങളിലും യാത്രാ തടസ്സവും സൃഷ്ടിച്ചു


 



ആംസ്റ്റര്‍ഡാം ഷിഫോള്‍ വിമാനത്താവളത്തില്‍ 700 വിമാന സര്‍വ്വീസുകളാണ് റദ്ദ് ചെയ്തത്. അവിടെ നിന്നും യാത്ര തിരിക്കേണ്ടതോ,അവിടെ ഇറങ്ങേണ്ടതോ ആയ മൊത്ത വിമാനങ്ങളുടെ പകുതിയില്‍ അധികം വരും ഇത്. മോശം കാലാവസ്ഥയാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍, ഫ്രഞ്ച് കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളില്‍ 15 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലെക്ക് ട്രയിന്‍ യാത്രയ്‌ക്കൊരുങ്ങിയവരും സമാന സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്. ട്രെയിനുകള്‍ പലതും വൈകിയോടുകയാണ് ചിലവ റദ്ദാക്കെണ്ടതായും വന്നിട്ടുണ്ട്. ഇന്നലെ, ലണ്ടന്‍ സെയിന്റ് പാന്‍ക്രാസിനും പാരിസ് ഗരേ ഡി നോര്‍ഡിനും ഇടയിലുള്ള ആറ് യൂറോസ്റ്റാര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്തിരുന്നു. തെക്കന്‍ ജര്‍മ്മനിയിലെ ഹീഡില്‍ബെര്‍ഗില്‍ നിന്നും മഞ്ഞില്‍ കുളിച്ച പ്രകൃതിയുടെ അതിമനോഹര ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുദ്ധ സാഹചര്യം നിലനില്‍ക്കുമ്പോഴും യുക്രെയിനിലെ കീവില്‍ മഞ്ഞ് മൂടിയ നദിയില്‍ മുങ്ങി സ്‌നാനം നടത്തി.


 



അവിടത്തെ ഓര്‍ത്തഡോക്‌സ് കൃസ്ത്യാനികള്‍ക്ക് ഇടയിലുള്ള എപിഫാനി എന്ന പരമ്പരാഗത അനുഷ്ഠാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സ്‌പെയിനിലെ പല പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

Tags:    

Similar News