'സതീശന് പിന്നില്‍ താനാണെന്ന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന ഒരു ചാനല്‍ അടിവരയിട്ടു പറയുന്നു; രണ്ടു പുരുഷ അവതാരകരും ഒരു സ്ത്രീയും തനിക്കെതിരെ ചര്‍ച്ച ചെയ്യുന്നു; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ശോഭാ സുരേന്ദ്രന്‍; പിണറായി ഡോണ്‍, ശോഭ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും വിമര്‍ശനം
'സതീശന് പിന്നില്‍ താനാണെന്ന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന ഒരു ചാനല്‍ അടിവരയിട്ടു പറയുന്നു
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ വിവാദത്തിന് പിന്നിലെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ താനാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ചു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലാണ് തനിക്കെതിരെ ഇല്ലാക്കഥ മെനയുന്നതെന്ന് ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരൂര്‍ സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ താനല്ലെന്ന് അടിവരയിട്ടാണ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയത്. ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
തിരൂര്‍ സതീശന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഏത് സഹകരണ ബാങ്കില്‍ നിന്നാണ് ലോണ്‍ എടുത്തത് എന്ന് അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രനാണ് സതീശന്റെ പിന്നിലെന്ന് പറഞ്ഞതെന്ന് ശോഭ ചോദിച്ചു. ബിജെപി ഇറങ്ങിയതിന് ശേഷം എത്ര ലക്ഷം രൂപയാണ് സഹകരണ ബാങ്കില്‍ അടച്ചു എന്നത് പരിശോധിക്കണം. പാലക്കാട് സീറ്റ് കിട്ടാത്ത ചില ആളുകള്‍ സതീശന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന ഒരു ചാനല്‍ സതിശന്റെ പിന്നില്‍ താനാണെന്ന് അടി വരയിട്ടു പറഞ്ഞെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു പുരുഷ അവതാരകയും ഒരു സ്ത്രീയും ഇരുന്നാണ് തനിക്ക് എതിരെ ചര്‍ച്ചചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് തന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കില്‍ ആമുഖപടം ചീന്തിയെറിയുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയണ് ശോഭ വിമര്‍ശനവുമായി രംഗത്തുവന്നത്. പി പി ദിവ്യ ഇറങ്ങി വരുന്നതിനെ ദൃശ്യങ്ങള്‍ ഒരു ചാനലില്‍ മാത്രം കിട്ടണമെങ്കില്‍ ദിവ്യ ആരുടെ കസ്റ്റഡിയിലായിരുന്നു എന്ന് മനസ്സിലാക്കണമെന്ന് അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശോഭ ആഞ്ഞടിച്ചു. ''ശോഭാ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇ.പി.ജയരാജനും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് വീട്ടിലേക്ക് വിടാനാണ് ആരുടെയെങ്കിലും ശ്രമമെങ്കില്‍, ആ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തിന് മുന്നില്‍ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങള്‍ എനിക്കും കേന്ദ്രത്തിലുണ്ട്. സതീശന്റെ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണ്‍കോളും എടുപ്പിക്കാന്‍ പിണറായി വിജയന്റെ കൂടെയുള്ള പൊലീസുകാര്‍ക്ക് മാത്രമല്ല കഴിവുള്ളത്. അതു മനസ്സിലാക്കണം.'' ശോഭ പറഞ്ഞു.
''വലിയ ഡോണാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ചില കാര്യങ്ങളില്‍ ചോദ്യം ചെയ്യാന്‍ പോകുന്നിതിനിടയിലാണ് പി.പി.ദിവ്യ ഇറങ്ങിവന്നത്. വീണയുടെ സുഹൃത്താണ് ദിവ്യ. കരുവന്നൂരിലെ പ്രശ്‌നം അവസാനിപ്പിച്ചില്ല. കരുവന്നൂര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍, കേസ് അട്ടിമറിക്കാന്‍ കണ്ണൂരിലെ ഇടതുനേതാക്കള്‍ ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ക്കെന്നെ കൊല്ലാം, ഇല്ലാതാക്കാന്‍ കഴിയില്ല. എന്റെ പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല'' ശോഭ പറഞ്ഞു. ആര്‍ക്കാണ് ശോഭാ സുരേന്ദ്രനോട് ഇത്ര ശത്രുതയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും അവര്‍ പ്രതികരിച്ചു.
''പിണറായി വിജയനാണ് എന്നോട് ഏറ്റവും ശത്രുത. അദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവിന്റെ കഥ കേരളത്തില്‍ പറഞ്ഞതുകൊണ്ടാണ് എന്നോട് പിണറായിക്ക് വെറുപ്പ്. വീണയ്ക്കു കരിമണല്‍ കര്‍ത്തയുമായുള്ള ബന്ധം പറഞ്ഞു. ആലപ്പുഴയില്‍ മത്സരിച്ച സമയത്ത്, അനധികൃതമായി മണലൂറ്റ് നടത്തുന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചു. ഇതെല്ലാം പറഞ്ഞാല്‍ പിന്നെ ശോഭയ്ക്കെതിരെ ശത്രുക്കള്‍ ഉണ്ടാകില്ലേ?'' അവര്‍ ചോദിച്ചു.
തനിക്കെതിരെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നു. ഇപി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിച്ച് രാമനിലയത്തില്‍ മുറിയെടുത്ത് താനുമായി ചര്‍ച്ച നടത്തിയ ആളാണ് ഇ പി ജയരാജനെന്ന് ശോഭ പറഞ്ഞു.
നിങ്ങള്‍ക്ക് എന്നെ കൊല്ലാം ഇല്ലാതാക്കാന്‍ കഴിയില്ല. പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. കരുവന്നൂര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ കെ രാധാകൃഷ്ണന്‍ വരെ ശ്രമിച്ചുവെന്ന് ശോഭ ആരോപിച്ചു. രാമനിലയത്തില്‍ എടുത്ത റൂമിന്റെ നമ്പര്‍ തന്റെ ഡയറിയില്‍ എഴുതി വച്ചിട്ടുണ്ട്. ഗോവിന്ദന്‍ മാഷിന്റെയും, ഇ പി ജയരാജന്റെയും, തന്റെയും റൂം നമ്പറുകള്‍ എഴുതി വച്ചിട്ടുണ്ട്. അത് വെളിപ്പെടുത്താന്‍ വാര്‍ത്ത സമ്മേളനം വിളിക്കുമെന്നും അവര്‍ വ്യക്തമാക്കി.
തന്റെ പ്രവര്‍ത്തനങ്ങളില്‍ സതീശന്‍ ഒരു രീതിയിലും പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന് ശോഭ വ്യക്തമാക്കി. തന്റെ കൂടെ ഡ്രൈവറായി സതീശന്‍ ജോലി ചെയ്തിട്ടില്ലെന്ന് ശോഭ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് തിരൂര്‍ സതീശനെന്നും അവര്‍ പറഞ്ഞു. കരുവന്നൂര്‍ കേസില്‍ മുന്‍മന്ത്രിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടും അന്വേഷണം നടത്തണം എന്നുമാവശ്യപ്പെട്ട് കൊണ്ടും ഏറ്റവും കൂടുതല്‍ തവണ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച പൊതുപ്രവര്‍ത്തകയാണ് താനെന്നും ശോഭ പറഞ്ഞു.