'അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ലെന്ന്' പ്രകോപന പ്ലക്കാര്‍ഡ്; ഒപ്പം ഹമാസിന്റെ യഹിയ സിന്‍വാറിന്റേയും ബ്രദര്‍ഹുഡ് നേതാക്കളുടെയും പടങ്ങളും; കേരളത്തില്‍ കലാപത്തിന് ശ്രമമോ? കരിപ്പൂര്‍ വിമാനത്താവളത്തിലെ സോളിഡാരിറ്റി വഖഫ് സമരത്തില്‍ ഇന്റലിജന്‍സ് അന്വേഷണം
കരിപ്പൂര്‍ വിമാനത്താവളത്തിലെ സോളിഡാരിറ്റി വഖഫ് സമരത്തില്‍ ഇന്റലിജന്‍സ് അന്വേഷണം
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയും, വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐഒയും സംയുക്തമായി, കരിപ്പുര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നടന്ന ഉപരോധ സമരം രഹസ്യാന്വേഷണ ഏജന്‍സികളും പരിശോധിക്കുന്നു. സമരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും, ഹമാസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രവും ഉണ്ടായിരുന്നു. വഖഫ് ഭേദഗതി നിയമം മുസ്ലിം വംശഹത്യക്ക് കളമൊരുക്കുമെന്നാണ് സമരക്കാരില്‍ ചിലര്‍ പ്രസംഗിച്ചത്. 'അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ലെന്ന്' എന്നതടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് സമരക്കാര്‍ എത്തിയത്. കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വിത്തിടാനുള്ള ശ്രമമാണോ ഇതെന്നാണ് രഹസ്യാനേഷ്വണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് തെളിവെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ആറുപേര്‍ക്കെതിരെ കേസ്; രണ്ടുപേര്‍ റിമാന്‍ഡില്‍
അതീവ സുരക്ഷാമേഖലയായ വിമാനത്താവള പരിസരത്തെ സമരം ഏറെ ഗൗരവത്തോടെയാണ്, ഇന്റലിജന്‍സ് അധികൃതര്‍ നോക്കിക്കാണുന്നത്. സംഭവത്തില്‍, ആറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. രണ്ടുപേര്‍ റിമാന്‍ഡിലുമാണ്. എയര്‍പോര്‍ട്ട് ഉപരോധത്തിനിടെ സംഘര്‍ഷവുമുണ്ടായി. റോഡിന്റെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലീം സംഘടനകള്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്. ബംഗാളിലൊക്കെ വലിയ അനിഷ്ടസംഭവങ്ങളാണ് സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉണ്ടായത്. എന്നാല്‍ കേരളത്തിലും സിഎഎ സമരത്തിന് സമാനമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ സമരത്തില്‍ നുഴഞ്ഞുകയറിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഈജിപ്തിലെ മുസ്ലീം ബദര്‍ ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടേയും, ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസിന്റേയും, കൊല്ലപ്പെട്ട ഹമാസ് ഭീകരന്‍ യഹിയ സിന്‍വാറിന്റേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ഒരു സമരത്തില്‍ എന്തിനാണ് ആഗോള ഭീകരവാദത്തിന്റെ അപ്പോസ്തലന്‍മാരുടെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതില്‍നിന്നുതന്നെ സോളിഡാരിറ്റിയുടെ എസ്‌ഐഒയുടെയും അജണ്ട മനസ്സിലാക്കാം. വഖഫ്് സമരത്തിന്റെ മറവില്‍ ചെറുപ്പക്കാരിലേക്ക് തീവ്രവാദം കുത്തിവെക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങള്‍ പോലെ അതീവ സുരക്ഷാ മേഖലകളില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും പാടില്ല എന്ന നിയമം അറിഞ്ഞു കൊണ്ടാണ് സോളിഡാരിറ്റി പരിപാടി പ്ലാന്‍ ചെയ്തത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. പോലീസ് ഇടപെട്ടാല്‍ അത് ഇവിടുത്തെ സര്‍ക്കാരിന്റെ തോളില്‍ വച്ച് ഇരവാദം എടുക്കാം എന്ന സൗകര്യവുമുണ്ട്.
സിഎഐ സമരത്തില്‍ കണ്ടപോലെ ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചുകൊണ്ട് മുസ്ലീം ചെറുപ്പക്കാരില്‍ ഭീതി പരത്തുകയും ഇവര്‍ ചെയ്യുന്നു. വഖഫ് നിയമംകൊണ്ട് ഒരു മുസ്ലം പള്ളിക്കും ഒരു കുഴപ്പവും വരില്ല എന്നിരിക്കെ മോദി സര്‍ക്കാര്‍ പള്ളികളുടെ നിയന്ത്രണം പിടിച്ചെടുക്കും എന്നുവരെയാണ് പ്രചാരണം. വഖഫ് ഭേദഗതി നിയമം മുസ്ലിം വംശഹത്യക്ക് കളമൊരുക്കുമൊന്നും ജമാഅത്തെ ഇസ്ലാമി ഭീതിവ്യാപാരം നടത്തുന്നുണ്ട്. ഇതെല്ലാം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കയാണ്. ജമാഅത്തെ ചാനലിലും പത്രത്തിലും വന്ന കാര്യങ്ങളും പഠിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും രുക്ഷവിര്‍ശനം
അതിനിടെ തീവ്രവാദം പ്രമോട്ട് ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ എഴുതുന്നു-'എങ്ങോട്ടാണ് ഇവര്‍ കേരള മുസ്ലിംകളെ നയിക്കുന്നത്? പരമാവധി മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടും ഇക്കൂട്ടരുടെ തീവ്രവാദ ചിന്ത പുറത്തുചാടുന്നതാണ് ഇക്കാണുന്നത്. മതേതര സമൂഹം കൂടുതല്‍ ജാഗരൂകമാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിനു വിത്തുകള്‍ പാകിയ രണ്ട് നേതാക്കളാണ് സയ്യിദ് ഖുതുബും അബുല്‍ അഅലാ മൗദൂദിയും. ഖുതുബിന്റെ മആലിമുന്‍ ഫിത്തരീഖ് എന്ന പുസ്തകവും മൗദൂദിയുടെ ജിഹാദ് എന്ന പുസ്തകവും തീവ്രവാദപാഠങ്ങളാണെന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (അവരുടെ വേറെയും ഗ്രന്ഥങ്ങളുണ്ട്) വഴിയിടങ്ങള്‍ എന്ന പേരിലും ജിഹാദ് അതേ പേരിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുതുബിന്റെയും മൗദൂദിയുടേയും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും പൊളിറ്റിക്കല്‍ ഇസ്ലാമിന്റേയും തീവ്രഇസ്ലാമിന്റേയും മാഗ്നാ കാര്‍ട്ടകളാണ്. ഇരുവരുടേയും കാഴ്ച്ചപ്പാടുകള്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനായ ആയത്തുല്ലാ ഖുമൈനിയെ ഏറെ സ്വാധീനിച്ചിരുന്നതായി കാണാം.
ഇറാന്‍ വിപ്ലവത്തേയും ഖുമൈനിയേയും കേരളത്തില്‍ അവതരിപ്പിച്ചതും ആഘോഷിച്ചതും കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ട സിമിയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ സിമിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഇറാന്‍ വിപ്ലവം പ്രമേയമാക്കിയ നാടകം കളിച്ചിരുന്നു. ഖുമൈനിയായിരുന്നു കേന്ദ്ര കഥാപാത്രം. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം എന്നതായിരുന്നു ആ നാടകത്തിന്റെ സന്ദേശം. ആ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ഭയാനക മുദ്രാവാക്യം കേരളത്തിലെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ജമാഅത്തെ ഇസ്ലാമിയുടെ രക്ഷാകര്‍തൃത്വത്തിലാണ്, മൗദൂദിയുടെ അതേ ആശയങ്ങളുമായി സിമി രൂപം കൊണ്ടത്. പിന്നീട്, സ്വന്തമായി സറ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അഥവാ എസ്.ഐ.ഒ എന്ന സംഘടനക്ക് രൂപം നല്‍കിയപ്പോള്‍ ജമാഅത്തെ ഇ്സ്ലാമി സിമിയെ മാറ്റി നിര്‍ത്തുകയായിരുന്നു.
സിമിയില്‍ നിന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളും എസ്.ഐ.ഒയിലേക്ക് മാറി. സിമിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ശൈഖ് മുഹമ്മദ് കാരക്കുന്നിനെ പോലുള്ളവര്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതൃത്വത്തിലെത്തി. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയില്‍ ചേരാന്‍ മടിച്ച മുന്‍ സിമി നേതാക്കള്‍ മുന്‍കയ്യെടുത്താണ് എന്‍.ഡി.എഫിനു രൂപം നല്‍കിയത്. ഈ എന്‍.ഡി.എഫാണ് പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും എസ്.ഡി.പി.ഐയുമൊക്കെയായി മാറുന്നത്. ഇവരുടെയൊക്കെ ആശയാടിത്തറ ഒന്നു തന്നെയാണ്. അപ്പോസ്തലന്മാര്‍ മൗദൂദിയും ഖുതുബും ഖുമൈനിയുമൊക്കെ തന്നെ. ലക്ഷ്യം ഇസ്ലാമിക രാഷ്ട്രവും.'' -സാദിഖ് ചൂണ്ടിക്കാട്ടുന്നു. ഈ രീതിയില്‍ വലിയ വിമര്‍ശനം ജമാഅത്തെ ഇസ്ലാമി സോഷ്യല്‍ മീഡിയയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്.