'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' പറന്നുയര്‍ന്നു! നാസയുടെ സൂപ്പര്‍സോണിക് ജെറ്റ് ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി; 247 മില്യണ്‍ ഡോളര്‍ ചിലവഴിച്ചുമുള്ള വിമാനം നാസക്കായി നിര്‍മ്മിച്ചത് ലോക്ക്ഹീഡ് മാര്‍ട്ടിന്‍; പരീക്ഷണ പറക്കലില്‍ വിമാനം പറന്നത്് പന്ത്രണ്ടായിരം അടി ഉയരത്തില്‍
'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' പറന്നുയര്‍ന്നു!
കാലിഫോര്‍ണിയ: 'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' എന്ന് വിളിക്കപ്പെടുന്ന നാസയുടെ സൂപ്പര്‍സോണിക് ജെറ്റ് അതിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോക്ക്ഹീഡ് മാര്‍ട്ടിനാണ് നാസയ്ക്കായി ഈ വിമാനം നിര്‍മ്മിച്ചത്. ഇതിന് നൂറടി ഉയരമുണ്ട്. 247 മില്യന്‍ ഡോളര്‍ ചെലവിട്ടാണ് ഈ വിമാനം നിര്‍മ്മിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാലിഫോര്‍ണിയയിലെ പാംഡെയ്ല്‍ റീജിയണല്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. ഏകദേശം ഒരു മണിക്കൂര്‍ പറന്നതിന് ശേഷം വിമാനം നാസയുടെ ആംസ്ട്രോംഗ് ഫ്ലൈറ്റ് റിസര്‍ച്ച് സെന്ററില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഈ പരീക്ഷണ പറക്കലില്‍ വിമാനം പന്ത്രണ്ടായിരം അടി ഉയരത്തിലാണ് പറന്നത്. എന്നാല്‍ ഇതിന് അമ്പത്തി അയ്യായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എക്സ്-59 എന്നറിയപ്പെടുന്ന ഈ വിമാനം, മണിക്കൂറില്‍ 925 മൈല്‍ വരെ 'സൂപ്പര്‍സോണിക്' വേഗതയില്‍ സഞ്ചരിക്കാന്‍ ഉതകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ ഇതിന് യാത്രക്കാരെ എത്തിക്കാന്‍ കഴിയും. തിരക്കുള്ള ബിസിനസുകാര്‍ക്കും മറ്റും ഇത് ഏറെ പ്രയോജനപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതായി ലോക്ഹീഡ് മാര്‍ട്ടിന്റെ വക്താവ് വെളിപ്പെടുത്തി. ഇത് കമ്പനിയുടെ നവീകരണത്തിനും വൈദഗ്ധ്യത്തിനും ഉള്ള തെളിവാണെന്നും കമ്പനി വ്യക്തമാക്കി.
പരീക്ഷണ പറക്കലില്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചിരുന്നത് പോലെ തന്നെയാണ് സംഭവിച്ചു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ പരീക്ഷണ പറക്കലുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പ് നിലത്തിറക്കിയ
കോണ്‍കോര്‍ഡ് വിമാനത്തിന്റെ പിന്‍ഗാമിയായിട്ടാണ് കരുതപ്പെടുന്നത്. ശബ്ദത്തേക്കാള്‍ വേഗതയില്‍ പറക്കുന്ന വിമാനമായിരുന്നു കോണ്‍കോര്‍ഡ്. കോണ്‍കോര്‍ഡ് വിരമിക്കുന്നതിന് കാരണമായ പ്രശ്നങ്ങളിലൊന്ന് അത് പറക്കുമ്പോള്‍ പുറപ്പെടുവിച്ച സോണിക് ബൂമുകള്‍ ആയിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക്്് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നവയായി വിശേഷിപ്പിച്ചിരുന്നു.
നാസ ഇതുവരെ തിരഞ്ഞെടുക്കാത്ത അമേരിക്കയില്‍ ഉടനീളമുള്ള നഗരങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറത്തും. എക്സ് 59 പരീക്ഷണ വിമാനങ്ങളില്‍ ഒന്നാണെന്നും യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്ത വാണിജ്യ വിമാനമല്ലെന്നും നാസ ഊന്നിപ്പറയുന്നു. സോണിക് ബൂമുകള്‍ മൂലമുണ്ടായ അസ്വസ്ഥതകള്‍ കാരണം 50 വര്‍ഷത്തേക്ക് യുഎസ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിരോധിച്ചിരുന്നു. നാസക്കൊപ്പം തന്നെ മറ്റ് ചില രാജ്യങ്ങളും സൂപ്പര്‍ സോണിക്ക് വിമാനങ്ങള്‍ നിര്‍മ്മിക്കുകയാണ്.
