പത്ത് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ മൂന്നോ നാലോ പേര്‍ മാത്രം; കടലിലേക്ക് ഇറങ്ങിയതിന് പിന്നാലെ ശക്തമായ തിരമാലയില്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു; സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു; ഇരുവരെയും രക്ഷിച്ചത് ലൈഫ്ഗാര്‍ഡുമാര്‍

സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2025-05-26 12:33 GMT

ഭുവനേശ്വര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സ്‌നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. ഒഡിഷയിലെ പുരിയില്‍ ഞായറാഴ്ചയാണ് കടലില്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. സ്‌നേഹാശിഷും ഭാര്യയുമായിരുന്നു സ്പീഡ് ബോട്ടിലുണ്ടായിരുന്നത്.

സൗരവ് ഗാംഗുലിയുടെ സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലി, ഭാര്യ അര്‍പിത എന്നിവരാണ് സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടത്. പുരിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ഇരുവരും. കടല്‍ പ്രക്ഷുബ്ധമായിരിക്കെയാണ് ദമ്പതിമാര്‍ അടക്കമുള്ളവരെ സ്പീഡ് ബോട്ടില്‍ കയറ്റി കടലില്‍ കൊണ്ടുപോയത്. എന്നാല്‍, ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളാണ് സഞ്ചാരികളെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ബോട്ട് കടലില്‍ തലകീഴായി മറിഞ്ഞതോടെ കടലില്‍ വീണ ഇരുവരെയും ലൈഫ് ഗാര്‍ഡുമാര്‍ റബ്ബര്‍ ഫ്‌ലോട്ടുകള്‍ നല്‍കിയാണ് രക്ഷിച്ചത്. കടല്‍ പ്രക്ഷുബ്ധമായിരുന്നതും അപകടത്തിന് കാരണമായതായി പറയപ്പെടുന്നു. യാത്ര പുറപ്പെടും മുമ്പ് കടല്‍ പ്രക്ഷുബ്ധമായതും ബോട്ടില്‍ ആവശ്യത്തിന് ഭാരമില്ലാത്തതും ചൂണ്ടിക്കാട്ടിയെങ്കിലും അത് കുഴപ്പമില്ലെന്ന നിലപാടായിരുന്നു ബോട്ട് ഓപ്പറേറ്ററുതേടെന്ന് അര്‍പിത പറഞ്ഞു.

അതേസമയം, ബോട്ടില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ബോട്ടിന് ഭാരം കുറവായിരുന്നുവെന്നും ഇതാണ് ബോട്ട് മറിയാന്‍ കാരണമായതെന്നും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അര്‍പിത ഗാംഗുലി ആരോപിച്ചു. ''കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. പത്തുപേര്‍ക്ക് കയറാന്‍ കഴിയുന്ന ബോട്ടായിരുന്നു അത്. എന്നാല്‍, പണത്തോടുള്ള ആര്‍ത്തി കാരണം മൂന്നോ നാലോ യാത്രക്കാരുമായി അവര്‍ സര്‍വീസ് നടത്തി. അന്ന് കടലില്‍ പോകുന്ന അവസാനത്തെ ബോട്ട് കൂടിയായിരുന്നു അത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ യാത്രയെക്കുറിച്ച് ഞങ്ങള്‍ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍, ഒന്നും പേടിക്കേണ്ടെന്നും കുഴപ്പമില്ലെന്നുമാണ് ഓപ്പറേറ്റര്‍മാര്‍ പറഞ്ഞത്. പക്ഷേ, കടലിലേക്ക് ഇറങ്ങിയതിന് പിന്നാലെ വലിയ തിരമാല വന്ന് ബോട്ടില്‍ തട്ടി. ലൈഫ് ഗാര്‍ഡുകള്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടുമായിരുന്നില്ല. ഞാന്‍ ഇപ്പോഴും അതിന്റെ ആഘാതത്തിലാണ്. ഇതുപോലെയൊന്ന് ഒരിക്കലും ഇതിന്റെ മുന്‍പ് അനുഭവിച്ചിട്ടില്ല. ഒരുപക്ഷേ, ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് മറിയുമായിരുന്നില്ല'', അര്‍പിത ഗാംഗുലി പറഞ്ഞു.

നിലവില്‍ പുരി ബീച്ചില്‍ കടല്‍ വളരെ പ്രക്ഷുബ്ധമാണെന്നും അതിനാല്‍ ഇത്തരം വാട്ടര്‍ സ്പോര്‍ട്സ് റൈഡുകള്‍ അധികൃതര്‍ നിര്‍ത്തിവെക്കണമെന്നും അര്‍പിത ഗാംഗുലി ആവശ്യപ്പെട്ടു. പോലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് കത്തയക്കുമെന്നും അവര്‍ വ്യക്തമാക്കി.

Similar News