ഇംഗ്ലീഷ് പരീക്ഷ വളരെ കഠിനമായിരുന്നു എന്ന് പരാതി; പരീക്ഷയെഴുതിയവരില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് വെറും മൂന്ന് ശതമാനം പേര്‍ക്ക് മാത്രം; ദക്ഷിണ കൊറിയയിലെ പരീക്ഷാ മേധാവി രാജിവച്ചു

ഇംഗ്ലീഷ് പരീക്ഷ വളരെ കഠിനമായിരുന്നു എന്ന് പരാതി

Update: 2025-12-15 03:53 GMT

സിയോള്‍: ഇംഗ്ലീഷ് പരീക്ഷ വളരെ കഠിനമായിരുന്നു എന്ന പരാതിയെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ പരീക്ഷാ മേധാവി രാജിവച്ചു. കടുകട്ടിയായ ഈ പ്രവേശന പരീക്ഷ സാമ്പത്തിക സുരക്ഷയിലേക്കും നല്ലൊരു ദാമ്പത്യത്തിലേക്കുമുള്ള കവാടമായിട്ടാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതും പരീക്ഷയുടെ മേധാവി തന്നെയായിരുന്നു. സുനെങ് എന്നറിയപ്പെടുന്ന ഈ പരീക്ഷ പാസാകേണ്ടത് കൊറിയയിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അത്യന്താപേക്ഷിതമാണ്.

ഈ പ്രവേശന പരീക്ഷയില്‍ കടന്നുകൂടിയാല്‍ അതിലൂടെ രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളിലെ മികച്ച

കോഴ്സുകളില്‍ പ്രവേശനം നേടാനും അത് വഴി മികച്ച ജോലിയും സുരക്ഷിതമായ കുടുംബജീവിതവും സ്വന്തമാക്കാനും കഴിയും. എന്നാല്‍ ഈ വര്‍ഷം, പരീക്ഷയെഴുതിയവരില്‍ വെറും മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. 2018 ല്‍ ഈ വിഷയത്തിന് സമ്പൂര്‍ണ്ണ ഗ്രേഡിംഗ് അവതരിപ്പിച്ചതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിജയമാണ് ഇത്. 45 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 70 മിനിറ്റ് സമയമാണ് നല്‍കിയത്.

രാഷ്ട്രീയ തത്ത്വചിന്തകരായ ഇമ്മാനുവല്‍ കാന്റ്, തോമസ് ഹോബ്സ് എന്നിവരെ വിലയിരുത്താനും നിയമവാഴ്ചയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അത് പോലെ സമയത്തിന്റെയും ഘടികാരങ്ങളുടെയും സ്വഭാവം പരിഗണിക്കാനും ചോദ്യം ഉണ്ടായിരുന്നു. വീഡിയോ ഗെയിം അവതാരങ്ങള്‍ക്ക് അസ്തിത്വം എന്ന ആശയം എങ്ങനെ ബാധകമാകുമെന്നും ചോദ്യം ഉണ്ടായിരുന്നു. ഇംഗ്ലീഷ് ടെസ്റ്റിനിടെ, ശബ്ദമലിനീകരണം ഒഴിവാക്കാന്‍ രാജ്യവ്യാപകമായി 35 മിനിറ്റ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.

ഇത്രയും ഗൗരവകരമായി നടത്തുന്ന ഒരു പരീക്ഷയില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായത് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. തുടര്‍ന്നാണ് കൊറിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിക്കുലം ആന്‍ഡ് ഇവാലുവേഷന്റെ മേധാവി

ഓസ്യൂങ്-കിയോള്‍ സ്ഥാനമൊഴിഞ്ഞത്. സമ്പൂര്‍ണ്ണ മൂല്യനിര്‍ണ്ണയ തത്വങ്ങളുമായി പൊരുത്തപ്പെടാത്ത പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗത്തില്‍ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് തനിക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പരീക്ഷ എഴുതുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാക്കിയതിനും കോളേജ് പ്രവേശന പരീക്ഷയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതിനും അദ്ദേഹം ക്ഷമാപണം നടത്തി. മാത്രമല്ല ചോദ്യത്തില്‍ ഉണ്ടായിരുന്ന ചില പദപ്രയോഗങ്ങളും ആശയക്കുഴപ്പം സൃഷ്ടിച്ചു. ദക്ഷിണ കൊറിയയിലെ ഇത്തരത്തിലുള്ള പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.

കൗമാരക്കാരുടെ വിഷാദത്തിനും ആത്മഹത്യാ നിരക്കിനും ഭാഗികമായി ഇത് കാരണമാകുന്നുണ്ട്. ഈ മാസം, ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലി സ്വകാര്യ ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് പ്രവേശന പരീക്ഷകള്‍ നടത്തുന്നത് നിരോധിക്കുന്ന ഒരു ഭേദഗതി നിയമം അംഗീകരിച്ചു.

Tags:    

Similar News