സമ്പന്നരെ വലയിടാൻ സ്പെഷ്യൽ ട്രെയിനിംഗ്; 31 കോടി വാരിക്കൂട്ടി ചൈനീസ് സുന്ദരിക്ക് ഒടുവിൽ പണി കിട്ടി; പുരുഷനെ വീഴ്ത്താൻ 'കണ്ണേറ്' മുതൽ കാലുകൾ ആകർഷകമായ വെച്ച് നിൽക്കുന്ന രീതി വരെ; കോടികളുടെ നികുതി വെട്ടിപ്പും പുറത്ത്; ലക്ഷങ്ങൾ വാങ്ങുന്ന കോഴ്സുകൾക്ക് പൂട്ടിട്ട് സർക്കാർ; 'ലവ് ഡോക്ടർമാരുടെ' തട്ടിപ്പ് സാമ്രാജ്യം തകരുമ്പോൾ

Update: 2026-02-04 12:12 GMT

ബെയ്‌ജിങ്‌: സ്ത്രീകളെ പുരുഷന്മാരെ ആകർഷിക്കാൻ പരിശീലിപ്പിക്കുന്ന കോഴ്സുകളിലൂടെ 31 കോടി രൂപയോളം (24-27 ദശലക്ഷം യുവാൻ) സമ്പാദിച്ച ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഷൗ യുവാൻ അധികൃതരുടെ അന്വേഷണത്തിൽ. ഷൗവിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ട ചൈനീസ് അധികൃതർ, ഒരു പ്രത്യേക സമിതിയെയും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 'സെക്ഷ്വൽ ഇന്റലിജൻസ് ഇൻസ്ട്രക്ടർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന 40 വയസ്സുകാരിയായ ഷൗ യുവാൻ,

ഓൺലൈനിലും ഓഫ്‍ലൈനിലുമായി പതിനായിരക്കണക്കിന് സ്ത്രീകളെയാണ് തന്റെ കോഴ്സുകളിലേക്ക് ആകർഷിച്ചത്. പുരുഷന്മാരെ "കീഴടക്കാൻ" സഹായിക്കുന്ന ഈ കോഴ്സുകൾക്ക് 88,000 യുവാൻ (ഏകദേശം 11,45,457 രൂപ) വരെയും ചിലപ്പോൾ ഒരു ലക്ഷം യുവാൻ വരെയും ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി കണ്ണിൽ ദീർഘനേരം നോക്കിയിരിക്കുന്നതെങ്ങനെ, ആകർഷകമായ രീതിയിൽ കാലുകൾ പിണച്ചുവെച്ച് നിൽക്കുന്നതെങ്ങനെ തുടങ്ങിയ തന്ത്രങ്ങളാണ് ഷൗ പ്രധാനമായും സ്ത്രീകളെ പരിശീലിപ്പിച്ചിരുന്നത്.

മുൻപ് ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷൗ, പിന്നീട് ഈ വേറിട്ട പരിശീലന പരിപാടി ആരംഭിക്കുകയായിരുന്നു. പുരുഷന്മാരെ വശീകരിക്കാൻ എങ്ങനെയൊക്കെ സംസാരിക്കണം എന്നതിനെക്കുറിച്ചും ഷൗ തന്റെ ക്ലാസ്സുകളിൽ വ്യക്തമാക്കുന്നുണ്ട്. "സംസാരിക്കുമ്പോൾ ശബ്ദം മൃദുവാക്കണം, ഓരോ വാക്കിന്റെയും അവസാനം ശബ്ദത്തിന്റെ തീവ്രത അല്പം ഉയർത്തണം" എന്നൊക്കെയാണ് പങ്കാളികളെ പുകഴ്ത്തുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി ഇവർ ഉപദേശിക്കുന്നത്.

ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ നേരിട്ടുള്ള പരിശീലന പരിപാടികളും ഷൗ സംഘടിപ്പിക്കാറുണ്ട്. ലൈംഗിക വിജ്ഞാനത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾക്കുമായാണ് ഈ ക്യാമ്പ് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. സ്വന്തം വിവാഹജീവിതത്തിലെ വിരസത മാറ്റി ഉന്മേഷം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന, ഉയർന്ന പദവികളിലിരിക്കുന്ന നിരവധി സ്ത്രീകളാണ് ഈ വിചിത്രമായ പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ കോഴ്സുകൾ വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായി. ഇത് സാംസ്കാരിക മൂല്യച്യുതിയാണെന്നും ധാർമ്മികമായി തെറ്റാണെന്നും സ്ത്രീകളെ വെറും പുരുഷന്മാരെ ആകർഷിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന്, പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷൗവിന്റെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.

ചൈനയിൽ സർക്കാരിന്റെ കടുത്ത നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന "റിലേഷൻഷിപ്പ് മെന്റർമാരിൽ" ഒരാളാണ് ഷൗ. ഇക്കൂട്ടത്തിൽ ഏറ്റവും പ്രമുഖയായ ക്യു ക്യു എന്ന ഇൻഫ്ലുവൻസറെ 2023 അവസാനത്തോടെ വെയ്‌ബോ (Weibo) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നും നിരോധിച്ചിരുന്നു. പണത്തിന് മുൻതൂക്കം നൽകുന്ന പ്രണയബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം.

തുടർന്ന് 2025 ഏപ്രിലിൽ നികുതി വെട്ടിപ്പിന്റെ പേരിൽ 7.58 ദശലക്ഷം യുവാൻ (ഏകദേശം 9 കോടിയിലധികം ഇന്ത്യൻ രൂപ) ഇവർക്ക് പിഴ ചുമത്തുകയും ചെയ്തു. "പണക്കാരെ വിവാഹം കഴിക്കൂ" എന്ന ക്യു ക്യുവിന്റെ ഉപദേശങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പ്രണയബന്ധങ്ങളിൽ അധാർമ്മികവും വഞ്ചനാപരവുമായ രീതികൾ പിന്തുടരാൻ അവർ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്നതായി പലരും വിലയിരുത്തുന്നു. വിവാഹത്തെയും പ്രണയത്തെയും വെറും സാമ്പത്തിക ലാഭത്തിനുള്ള മാർഗ്ഗമായി മാത്രം കണ്ടിരുന്ന അവർ, തന്റെ അനുയായികളായ സ്ത്രീകളെയും അതേ പാത പിന്തുടരാനാണ് പഠിപ്പിച്ചിരുന്നത്.

Tags:    

Similar News