ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും

Update: 2024-10-15 06:48 GMT

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ്ങ് വിഷയത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമഭയില്‍ വ്യക്തമാക്കി. തീര്‍ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിച്ചു.

ഭക്തരുടെ സുഗമമായ ദര്‍ശനവും സുരക്ഷയും ഉറപ്പാക്കാന്‍ സ്പോട്ട് ബുക്കിങ് അനുവദിക്കും. വിര്‍ച്വല്‍ ക്യൂ ശക്തിപ്പെടുത്തും. ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തര്‍ക്ക് വേണ്ടി ദര്‍ശന സൗകര്യം ഒരുക്കുമെന്ന് സഭയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി തിരുത്തിയ നിലപാട് പറഞ്ഞത്. സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെര്‍ച്ചല്‍ ക്യൂ സംവിധാനം കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് തീരുമാനം.

എങ്കിലും, ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെ എത്തുന്ന ഭക്തര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ എന്നപോലെ ഈ വര്‍ഷവും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. നേരത്തെ, ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന സര്‍ക്കാറിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. സഭയില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാന്റെ നിലപാടില്‍ പ്രതിഷേധം അറിയിച്ചു.

ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

41 ദിവസത്തെ വ്രതമെടുത്ത ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിനെയും ദേവസ്വം മന്ത്രിയേയും വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ്ങിന് അവസരം നല്‍കണമെന്നും ദുശ്ശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ നിന്നും വ്യാപക എതിര്‍പ്പാണുണ്ടായത്.

ഇതിനിടെ സ്‌പോട്ട് ബുക്കിങ് വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയതോടെ സര്‍ക്കാറിന്റെ മലക്കംമറിച്ചിലിനുള്ള സാധ്യത തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സഭയില്‍ നിലപാട് വ്യക്തമാക്കിയതോടെ തീര്‍ത്ഥാടകരുടെ വലിയൊരു ആശങ്കയാണ് ഒഴിവായത്.

നേരത്തെ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഭക്തരുടെയും സംഘടനകളുടെയും ഭാഗത്തുനിന്നുയര്‍ന്നത്. സ്പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പത്തനംതിട്ട കളക്ടറേറ്റിന് മുന്നില്‍ ശബരിമല അയ്യപ്പസേവാ സമാജമുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം 90,000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. കൂടാതെ സ്പോട് ബുക്കിങ് വഴി 15,000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും ഒട്ടേറെപ്പേര്‍ക്കു ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്കു വഴി തെളിക്കുമെന്ന അവസ്ഥയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പതിനായിരക്കണക്കിനു ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരും. സര്‍ക്കര്‍ തീരുമാനം തിരുത്തിയതോടെ ്അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസമാകുന്ന കാര്യമാണുള്ളത്.

Tags:    

Similar News