ശ്രീകോവിലിനുള്ളിലെ തിരക്കില്‍ പ്രമേഹം മൂര്‍ച്ഛിച്ച് തല കറങ്ങി ഒരാള്‍ വീണത് കാണാത്ത പോലീസ്! ആ തിരക്കഥ ശ്രീകോവിലില്‍ സിസിടിവിയില്ലെന്ന സത്യം മനസ്സിലാക്കി; പുരാവസ്തു മോഷണത്തില്‍ തമാശ കലര്‍ന്ന വിശദീകരണം; പത്മനാഭസ്വാമി ക്ഷേത്ര മോഷണത്തില്‍ ദുരൂഹത മാത്രം

Update: 2024-10-22 04:08 GMT

തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയിലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ നിന്നു പുരാവസ്തു ശേഖരത്തില്‍പെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസില്‍ ദുരൂഹത തുടരുന്നു. ശ്രീകോവലിനുള്ളില്‍ നിന്നാണ് മോഷണം നടന്നത്. മോഷണമെന്ന മൊഴി നല്‍കിയിട്ടും ജാമ്യമില്ലാ കുറ്റം ചുമത്താത്തത് അത്ഭുതമായി വിശ്വാസികള്‍ കാണുന്നു. അറസ്റ്റിലായ ഓസ്‌ട്രേലിയന്‍ പൗരന്റെ മൊഴിയില്‍ ആകെ ദുരൂഹതയാണ്. എന്നാല്‍ ക്ഷേത്രത്തിലെ സിസിടിവി ഇല്ലാ ഭാഗത്ത് നിന്നായിരുന്നു മോഷണമെന്നതിനാല്‍ പ്രതികള്‍ രക്ഷപ്പെടുകയാണ്. പത്മനാഭാ സ്വാമി ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ മാത്രമാണ് സിസിടിവി ഇല്ലാത്തത്. അതുകൊണ്ട് തന്നെ മോഷണത്തില്‍ പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചു.

പ്രമേഹരോഗിയായ ഗണേഷ് ഝാ തിരക്കിനിടയിലൂടെ ശ്രീകോവിലിനു സമീപം തട്ടവുമായി പോകുമ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടു. ഇതിനിടെ കയ്യിലിരുന്ന തട്ടവും സാധനങ്ങളും തറയില്‍ വീണു. ഈ സമയം അടുത്തു നിന്നയാള്‍, തൊട്ടടുത്തു തീര്‍ഥം വച്ചിരുന്ന തളിപ്പാത്രം എടുത്തു സാധനങ്ങള്‍ വച്ചു കൊടുത്തതാണെന്നാണ് മൊഴി. ആരും കാണാതെ പൊതിഞ്ഞു കൊണ്ടു പോയെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്നെല്ലാം പറയുന്നതു പോലെ മനപ്പൂര്‍വ്വമല്ലാത്ത മോഷണം എന്ന രീതിയില്‍ വകുപ്പിട്ടു. പ്രതിയുടേത് അല്ലെന്ന് അറിഞ്ഞിട്ടും ക്ഷേത്രത്തിലെ ആണെന്ന് ബോധ്യം ഉണ്ടായിരുന്നിട്ടും ആയത് തിരികെ കൊടുക്കാതെ സ്വന്തം ആവശ്യത്തിന് കൊണ്ടു പോയി എന്ന് പോലീസും സമ്മതിക്കുന്നുണ്ട്. എന്നിട്ടും മോഷണത്തിന് ചുമത്തിയത് ബിഎന്‍എസിലെ 314 എന്ന ജാമ്യമുള്ള വകുപ്പുമാത്രം. വിലയേറിയ വസ്തുവാണ് കൊണ്ടു പോയതെന്നും അതിന് ചരിത്രപരമായ ഒരുപാട് പ്രത്യേകതകളുണ്ടെന്നും വ്യക്തമാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യത്തിലും മറ്റും ഉപയോഗിക്കുന്ന പൗരാണിക മൂല്യമുള്ള നിവേദ്യ പാത്രം മോഷണം പോയ സംഭവത്തില്‍ പോലീസ് ഇരട്ടത്താപ്പ് നടത്തുകയാണെന്ന് ഹൈന്ദവ സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ട്. എല്ലാ സുരക്ഷാ സംവിധാനവും മറികടന്ന് പൗരാണിക മൂല്യമുള്ള നിവേദ്യപാത്രം പുറത്തേക്ക് കടത്തിയത് മോഷണം അല്ല അറിയാതെ കൊണ്ടുപോയതാണ് എന്ന രീതിയില്‍ തമാശ കലര്‍ന്ന വിശദീകരണമാണ് പോലീസ് നല്‍കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിലുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും ആണ് തീര്‍ത്ഥച്ചട്ടി കടത്തിക്കൊണ്ടു പോകാന്‍ ഇടയാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി വിശദീകരിക്കുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാനും സുരക്ഷാ സംവിധാനം ശക്തമാക്കാനും ഉള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം. മോഷണം നടന്ന ശ്രീകോവിലില്‍ സിസിടിവി ഇല്ലാത്തതാണ് മറയാക്കിയതെന്ന് അവരും തിരിച്ചറിയുന്നുണ്ട്.

തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം അല്ലെന്നു വ്യക്തമായതോടെ ഹരിയാനയില്‍ നിന്നു പൊലീസ് പിടികൂടി തലസ്ഥാനത്ത് എത്തിച്ച ഓസ്‌ട്രേലിയയിലെ മൈക്രോബയോളജിസ്റ്റും ബിഹാര്‍ സ്വദേശിയുമായ ഗണേഷ് ഝായുടെ (52) അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടുകയായിരുന്നു. ഗണേഷിന്റെ ഭാര്യയെയും ഇവരുടെ സുഹൃത്തായ സ്ത്രീയെയും പ്രതി ചേര്‍ത്തില്ല. 3 പേരും അന്വേഷണം കഴിയുന്നതു വരെ തലസ്ഥാനത്ത് തുടരണമെന്ന ഉപാധിയോടെയാണു വിട്ടയച്ചത്. ഗണേഷിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ മോഷണ കുറ്റമില്ലെങ്കിലും മോശം വിചാരത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തുകയായിരുന്നു. ഇതിന് പിന്നില്‍ ചില ഒത്തുതീര്‍പ്പുകളുണ്ടെന്ന സംശയവും ശക്തമായി.

ദര്‍ശനത്തിനായി എത്തുന്നതിനു തൊട്ടുമുന്‍പ് വാങ്ങിയ തട്ടം ആയതിനാല്‍ ഇതു മാറിയ കാര്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണു ഗണേഷ് ഝായുടെ മൊഴി. ഹരിയാനയിലെ ഹോട്ടലില്‍നിന്നു തളിപ്പാത്രം കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. അതേ സമയം തളിപ്പാത്രം എടുത്തു നല്‍കിയത് ആരെന്നു കണ്ടെത്താന്‍ ക്ഷേത്ര ജീവനക്കാരില്‍ നിന്നടക്കം പൊലീസ് വിവരം ശേഖരിച്ചു വരികയാണ്. ദര്‍ശനത്തിന് എത്തിയവരാകാം തളിപ്പാത്രം മാറി എടുത്തു നല്‍കിയതെന്നാണു ജീവനക്കാരുടെ മൊഴി. പോലീസിന് കിട്ടിയത് മോഷണം പോയ തളിപ്പാത്രമാണോ എന്ന് പോലും ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥ. ചെമ്പിന്റെ തൂക്കം നോക്കിയാല്‍ വില അത്ര വരില്ലെങ്കിലും 75 വര്‍ഷത്തില്‍ അധികം പഴക്കമുള്ള തളിപ്പാത്രത്തിന് പൗരാണിക മൂല്യം ഏരെയാണ്.

ഒറ്റക്കല്‍ മണ്ഡപത്തിനു താഴെ, ശ്രീപത്മനാഭ സ്വാമിയുടെ പാദഭാഗത്തുള്ള വിശ്വക് സേന വിഗ്രഹത്തില്‍ തളിക്കാന്‍ വെള്ളം കരുതിവയ്ക്കുന്ന പിത്തള തളിപ്പാത്രം (തളിച്ചട്ടി) ആണ് കാണാതായത്. 13ന് രാവിലെ 8.30ന് പാല്‍പായസ നിവേദ്യത്തിനു ശേഷമായിരുന്നു സംഭവം. തളിപ്പാത്രം കാണാതായ ശ്രീകോവില്‍ ഭാഗത്ത് നിരീക്ഷണ ക്യാമറകള്‍ ഇല്ല. നരസിംഹ പ്രതിഷ്ഠയ്ക്കു സമീപത്തെ ക്യാമറയിലാണ് ഗണേഷ് പാത്രവുമായി പോകുന്ന ദൃശ്യം പതിഞ്ഞത്. തോളില്‍ കിടന്ന മേല്‍മുണ്ടിന്റെ തുമ്പ് കയ്യിലേക്കു വീണു കിടന്നതിനാല്‍ പാത്രം മറഞ്ഞിരുന്നു. സിസിടിവിയില്‍ ഈ ദൃശ്യം കണ്ടിട്ടാണ് മോഷ്ടിച്ചു കടത്തിയതാണെന്നു ക്ഷേത്ര അധികൃതര്‍ സംശയിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നു പാത്രങ്ങളുടെ കണക്കെടുത്തപ്പോഴാണ് തളിപ്പാത്രം കാണാതായെന്ന് തിരിച്ചറിഞ്ഞത്. 15ന് ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഹോട്ടലില്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പില്‍ നിന്നാണ് ഗണേഷിന്റെ വിവരങ്ങള്‍ ലഭിച്ചത്. വന്‍ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ട്. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷാവലയത്തിലുള്ള ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടറ്റര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ മുന്നിലൂടെയാണ് തളിപ്പാത്രം പുറത്തെത്തിയത്. എസ്പിയും ഡിവൈഎസ്പിയും 4 എസ്എച്ച്ഒമാരും അടക്കം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. എന്നിട്ടും ശ്രീകോവിനുള്ളില്‍നിന്നു പുരാവസ്തു കാണാതായതു പൊലീസിനു നാണക്കേടായി. ശ്രീകോവിലിനുള്ളില്‍ ഒരാള്‍ തളര്‍ന്നു വീണതും പോലീസുകാര്‍ കണ്ടില്ല. അതുകൊണ്ട് തന്നെ പ്രതിയുടെ മൊഴേിയില്‍ ദുരൂഹത ഏറെയാണ്.

ക്ഷേത്രത്തില്‍നിന്നു കിട്ടിയ തളിപ്പാത്രം ഗണേഷ് ഝാ ഉപയോഗിച്ചത് പ്രസാദം സൂക്ഷിക്കാനായിരുന്നു. ക്ഷേത്ര ദര്‍ശനം വഴി ലഭിച്ച പ്രസാദങ്ങള്‍ സൂക്ഷിച്ച പാത്രം വൃത്തിയായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ഹരിയാനയിലെ ഹോട്ടലില്‍നിന്നു ഗുഡ്ഗാവ് പൊലീസ് കണ്ടെത്തിയത്. കേരളാ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവരെ ഗുഡ്ഗാവ് പോലീസ് തടഞ്ഞുവച്ചത്.

Tags:    

Similar News