തിരുവനന്തപുരത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കും; സ്പാകളുടെ മറവില്‍ ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുന്നു; ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കും; പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മേയര്‍ വി വി രാജേഷ്
തിരുവനന്തപുരത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം: തിരുവല്ലയിലെ സ്പായില്‍ നടന്ന അതിക്രമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. തലസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വ്യക്തമാക്കി.
സ്പാകളുടെ മറവില്‍ ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുന്നുവെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.'തിരുവല്ലയില്‍ സ്പാ സെന്ററിന്റെ മറവില്‍ നടന്ന സംഭവം കേരള മനഃസാക്ഷിയെ മുഴുവന്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ വിവിധയിടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് വലിയ ആഘാതമുണ്ടാക്കും. ഈ പശ്ചാത്തലത്തില്‍ പൊലീസുകാരുമായി ഒരു ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരവും ഇതില്‍ നിന്ന് മുക്തമല്ലയെന്നുള്ള വിവരമാണ് ലഭിച്ചത്. തിരുവനന്തപുരം കോര്‍പറേഷന്‍ കൊടുത്തിരിക്കുന്ന എല്ലാ സ്പാകളുടെയും ലൈസന്‍സ് പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്. അവിടങ്ങളില്‍ പരിശോധനയും നടത്തും.കോര്‍പറേഷനും പൊലീസും സംയുക്തമായി ഈ മേഖലയില്‍ ചില ഇടപെടലുകള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കും.
ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുകയാണ്. സെന്ററുകളില്‍ മാസിയര്‍, ഡോക്ടര്‍ എന്നിവര്‍ വേണം. ചില ഡോക്ടര്‍മാര്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അവര്‍ കോര്‍പറേഷന്റെയും പൊലീസിന്റെയും കര്‍ശന നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കൗണ്‍സിലിനെ വിവരമറിയിക്കും. ഇത്തരം കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള പൊലീസുകാരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്'- മേയര്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്പാ ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പലയിടത്തും ഡോക്ടേഴ്‌സും, അംഗീകൃത മസാജര്‍മാരുമില്ല. കൂണുകള്‍ പോലെ സ്പാകള്‍ വരുന്നതിന് പിന്നില്‍ ക്രമക്കേട് എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് 200 ഓളം സ്പാകളാണ് നിലവിലുള്ളത്. കൊച്ചിയില്‍ 500 ല്‍ അധികം സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില സ്പാകളില്‍ ഗുണ്ടകളുടെ നിരന്തര സാന്നിധ്യമുണ്ട്. സ്പാകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണമെന്നും നിയമപരമായ മാറ്റങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു.
