'ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന്‍ കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട'; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും സി ദിവാകരന്‍
'ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന്‍ കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലത്തെ കുറിച്ചുള്ള പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ വിശദീകരണവുമായി സിപിഐ നേതാവ് സി. ദിവാകരന്‍. ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ വച്ച് ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന്‍ കഴിക്കാതെ ഇറങ്ങിപ്പോയി എന്നായിരുന്നു ദിവാകരന്റെ പ്രസ്താവന. കൗതുകമായി നടത്തിയ പ്രതികരണം മാത്രമാണ് അതെന്നും, ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും ദിവകാരന്‍ പറഞ്ഞു. അന്നത്തെ അനുഭവം പറഞ്ഞത് വിവാദമാക്കേണ്ട എന്നും ദിവാകരന്‍ പ്രതികരിച്ചു.
ആനത്തലവട്ടം ആനന്ദന്റെ മകന്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, താന്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് എങ്ങനെയാണ് തെറ്റാണെന്ന് പറയാന്‍ കഴിയുകയെന്നും സി. ദിവാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് നടന്ന ഒരു ഉച്ചഭക്ഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായ അതൃപ്തിയെക്കുറിച്ചും പിന്നീട് അത് പരിഹരിച്ചതിനെക്കുറിച്ചുമുള്ള സി. ദിവാകരന്റെ പ്രസ്താവനയാണ് വിവാദമായത്. അന്ന് മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അവിടെ വിളമ്പിയ വറുത്ത മീന്‍ കഷ്ണം അമര്‍ത്തി പരിശോധിച്ച ശേഷം ഇത് ഏത് മീനാണെന്ന് പിണറായി ചോദിച്ചുവെന്നും 'ചൂര' മീനാണെന്ന് അറിഞ്ഞപ്പോള്‍ പിണറായിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്നുമായിരുന്നു സി. ദിവാകരന്‍ പറഞ്ഞത്. അദ്ദേഹം ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയെന്നും ഈ സംഭവത്തെത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശന്‍ ഉള്‍പ്പെടെയുള്ളവര്‍ അച്ചടക്ക നടപടി ഭയന്ന് വലിയ ആശങ്കയിലായതായും ദിവാകരന്‍ പറഞ്ഞിരുന്നു.
പിണറായി ഒരു വട്ടമാണ് വീട്ടില്‍ വന്നതെന്നും അന്ന് സന്തോഷത്തോടെ ആണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദന്‍ പ്രതികരിച്ചു. നേതാക്കളും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും ജീവ എഫ്ബിയില്‍ കുറിച്ചു.
ജീവ ആനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്
ഭക്ഷണത്തിന്റെ രാഷ്ട്രീയം
പാര്‍ടിയുടെ തലമുതിര്‍ന്ന സഖാക്കള്‍ ഇ.എം.എസ്സും ബി.ടി.ആറും തുടങ്ങി സാധാരണ സഖാക്കളും നാട്ടുകാരുമൊക്കെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. വിശപ്പിന്റെ വില നന്നായി അറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ടു തന്നെ കിട്ടുന്ന ഭക്ഷണം കഴിക്കും. പരാതി പറഞ്ഞതായി ഇന്നു വരെ കേട്ടിട്ടില്ല. അമ്മയ്ക്ക് ഭക്ഷണവും മരുന്നാണ്.. ഇതു വീട്ടില്‍ വരുന്ന പല സഖാക്കള്‍ക്കും അറിയാം. പലപ്പോഴും ഗുണമുള്ള മലക്കറി സൂപ്പും പലധാന്യ കുറുക്കുമെല്ലാം രുചിയില്ലെങ്കിലും ഗുണത്തെ ഓര്‍ത്തു പലരും കുടിച്ചിട്ടുണ്ട്.
സഖാവ് ഇ.എം.എസ് കഴിക്കുന്ന ഭക്ഷണ രീതി കണ്ടും കേട്ടുമാണ് വളര്‍ന്നിട്ടുള്ളത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രത്തില്‍ കളയാന്‍ ഒന്നും കാണില്ല. എല്ലാം കഴിച്ചു പാത്രത്തില്‍ എന്തെങ്കിലും പറ്റിയിരുന്നാല്‍ അതും എടുത്തു കഴിച്ച് ക്ലീന്‍ ആക്കി വയ്ക്കും. ഞങ്ങള്‍ കഴിക്കുമ്പോള്‍ ഒരു ചോറു താഴെ പോയാല്‍ അതെടുത്ത് കഴിച്ചേ മതിയാകൂ. കളയാന്‍ അമ്മ സമ്മതിക്കില്ല. ചോറു താഴെ പോയാല്‍ അപ്പോള്‍ സഖാവ് ഇ.എം.എസ്. ഭക്ഷണം കഴിക്കുന്ന രീതി പറഞ്ഞു തരും.
തെരഞ്ഞെടുപ്പു കാലങ്ങളിലും പാര്‍ടി സമ്മേളനങ്ങള്‍ നടക്കുമ്പോഴും നേതാക്കള്‍ ചിറയിന്‍കീഴ് വരുമ്പോള്‍ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു. നേതാക്കള്‍ക്ക് ഭക്ഷണത്തില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കില്‍ അതു എ.കെ.ജി. സെന്ററില്‍ നിന്നും വിളിച്ചറിയിക്കും. സ. ഇ.എം.എസ്സിനു കറികളില്‍ ഉപ്പും എരിവും പുളിയുമൊന്നും പാടില്ല. തേങ്ങാപ്പാലില്‍ മീന്‍ വേവിച്ച് അതില്‍ ഒരു തക്കാളി അരിഞ്ഞു ഇടും. അങ്ങിനെയാണ് സ. ഇ.എം.എസ്. കഴിക്കുന്നത്. ബി.ടി.ആറിനും എരിവും ഉപ്പും പാടില്ല. ബി.ടി.ആറിനു തയ്യാറാക്കിയ ഭക്ഷണം പാത്രത്തിലാക്കി പ്രത്യേകം പേരെഴുതി ഒട്ടിച്ചു വച്ചിരുന്നു എന്നു അമ്മ ഓര്‍ക്കുന്നു.
സ. ഗൌരിയമ്മയ്ക്ക് പൊടിയരി കഞ്ഞിയും കായ് കൊണ്ടുള്ള അവിയലും. അതില്‍ കടുക് വറുക്കാന്‍ പാടില്ല. കുഞ്ഞന്മാര്‍ക്ക് കൊടുത്തോടൊ എന്നു ചോദിച്ചിട്ടേ സ. ഗൌരിയമ്മ കഴിക്കൂ... സുശീല സഖാവിനു എന്തു കൊടുത്താലും കഴിക്കും.. അതു കൊണ്ടു തന്നെ അമ്മയ്ക്ക് ടെന്‍ഷനുമില്ല.
അമ്മയ്ക്ക് ഇപ്പോഴും വിഷമമുള്ളത് ഒരു ദിവസം ഉച്ചയ്ക്ക് ഊണു നേരം കഴിഞ്ഞ ശേഷം അച്ഛന്‍ പിരപ്പന്‍കോട് മുരളി സഖാവിനെയും കൊണ്ടു വന്നപ്പോള്‍ ചോറും കുറച്ച് നെത്തോലിക്കറിയും മാത്രമാണ് ഉണ്ടായിരുന്നത്. കൊടുത്ത ഭക്ഷണം കഴിച്ചു സഖാവ് സന്തോഷത്തോടെ പോയി. നായനാര്‍ സഖാവ് പല പ്രാവശ്യം വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. സഖാവ് വി.എസ്. ഒരിക്കല്‍ എത്തുമെന്ന് പറഞ്ഞ ദിവസം വന്നില്ല. പക്ഷെ പിന്നൊരിക്കല്‍ വന്നപ്പോള്‍ കൂവരക് കാച്ചിയത് കുടിച്ചു, ഒരു പഴവും കഴിച്ചു. മറ്റു ഭക്ഷണമൊന്നും കഴിച്ചില്ല.
കാട്ടായിക്കോണം സഖാവ് എല്ലാ അശ്വതി-ഭരണി ഉത്സവത്തിനും അശ്വതി ദിവസം ആശാരി സഖാവും ആയി എത്തുമായിരുന്നു. ആല്‍ത്തറമൂട് കരയില്‍ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരവും വളയപ്പെട്ടി സുബ്രഹ്‌മണ്യത്തിന്റെ തകിലും കേള്‍ക്കാന്‍. അപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കും.
പിണറായി സഖാവ് ഒരിക്കല്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി നോക്കി നില്‍ക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോള്‍ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛന്‍ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയത്.
കരിമീനും പരിച്ചിലുമായിരിക്കും മിക്കവാറും നേതാക്കള്‍ വരുമ്പോള്‍ ഉള്ള സ്‌പെഷ്യല്‍. നാട്ടിലെ സഖാക്കളാണ് മീന്‍ എത്തിക്കുന്നത്. നക്‌സല്‍ മാമന്‍, തുളസി മാമന്‍ എന്നിവരൊക്കെ. ഭക്ഷണം പാചകം ചെയ്യാന്‍ അമ്മയെ സഹായിക്കാനായി ഭാരതി അമ്മ വരും. ഭാരതി അമ്മ സൂപ്പറായി മീന്‍കറി വയ്ക്കും. അമ്മ ചപ്പാത്തി ഉണ്ടാക്കും. അതിനു മാവു കുഴയ്ക്കാനും മറ്റും ഞങ്ങളും സഹായിക്കും. ഒരിക്കല്‍ കൊഞ്ച് നുള്ളിയെടുത്തത് ഞാനായിരുന്നു.. ഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നത് കനകന്‍ മാമന്‍ (സ. കനകദാസ്) ആണ്. മാമന്‍ ആകുമ്പോള്‍ എല്ലാര്‍ക്കും വിളമ്പി എത്തിക്കും.
മേല്‍പ്പറഞ്ഞവര്‍ മാത്രമല്ല, മുതിര്‍ന്ന സഖാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുമുണ്ട്. 2016, 2017 ഓണത്തിനുള്ള വള്ളംകളിക്കു പക്ഷേ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണമല്ലായിരുന്നു. പുറത്തു നിന്നും വരുത്തി നല്കുകയായിരുന്നു.
അച്ഛന്‍ എം.എല്‍.എ ആയിരുന്ന കാലഘട്ടത്തിലൊക്കെ അവധി ദിവസങ്ങളില്‍ അച്ഛനെ കാണാന്‍ വരുന്നവരൊക്കെ പോയി അച്ഛനും ഇറങ്ങിയ ശേഷമായിരുന്നു ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. കാരണം വരുന്നവരില്‍ ചിലരോടെങ്കിലും ഭക്ഷണം കഴിച്ചോ എന്നു അച്ഛന്‍ ചോദിക്കുമ്പോള്‍ കഴിച്ചില്ല എന്നു പറഞ്ഞാല്‍ ലൈലേ... കാപ്പി കൊടുക്കൂ എന്ന് വിളിച്ചു പറയും. ഉണ്ടാക്കിയ ഭക്ഷണം തീര്‍ന്നു പോയാല്‍ അമ്മയ്ക്ക് അങ്കലാപ്പാകും. ഇതു മനസ്സിലാക്കി ഞാന്‍ അത്തരം ദിവസങ്ങളില്‍ ആളൊഴിഞ്ഞ ശേഷം ഉച്ചയോടെ ആയിരിക്കും രാവിലത്തെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ..
ഇതൊന്നും പറയണമെന്ന് വിചാരിച്ചതല്ല..
