കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത് 99-ാം ദൗത്യം; ജനവരിയില്‍ വിക്ഷേപിക്കാനിരിക്കുന്നത് 100-ാം വിക്ഷേപണ ദൗത്യം; റോക്കറ്റുകളിലെ ബാഹുബലിയായ ജിഎസ്എല്‍വി ഉപയോഗിച്ച് നാവിഗേഷന്‍ ഉപഗ്രഹം എന്‍എവി 02 വിണ്ണിലെത്തിക്കുക; ഉപഗ്രഹ വിക്ഷേപണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം
ചെന്നൈ: ഉപഗ്രഹ വിക്ഷേപണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജനുവരിയില്‍ വിക്ഷേപിക്കാനിരിക്കുന്ന ജിഎസ്എല്‍വി റോക്കറ്റ് ഇവിടെ നിന്നുള്ള 100 -ാം വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. തിങ്കളാഴ്ച 99 -ാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
'ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99ാ -ാമത് വിക്ഷേപണമായ പിഎസ്എല്‍വി സി60 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിങ് നടക്കുകയെന്നും' എസ് സോമനാഥ് പറഞ്ഞു.
രണ്ട് വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമാണ് സ്പെഡെക്സ്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുന്നത്. ശേഷം ഇവ തമ്മിലുള്ള അകലവും വെലോസിറ്റിയും ഘട്ടം ഘട്ടമായി കുറച്ച ശേഷമാണ് ഡോക്കിങ് നടക്കുക.
2025ല്‍ നിരവധി ദൗത്യങ്ങള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 'ജനുവരിയില്‍ ജിഎസ്എല്‍വി എന്‍വിഎസ്- 02 എന്നീ വിക്ഷേപണ ദൗത്യം നമുക്ക് മുന്നിലുണ്ട്. 2023 മെയ് മാസത്തില്‍ ജിഎസ്എല്‍വിയില്‍ 2,232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്- 01 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തില്‍ എന്‍വിഎസ് 02 വിജയകരമായി വിക്ഷേപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും' എസ് സോമനാഥ് അറിയിച്ചു.
പിഎസ്എല്‍വി-സി60 വിജയകരമായി വിക്ഷേപിക്കാന്‍ സാധിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ സ്പേസ് ഡോക്കിങ് പരീക്ഷണങ്ങള്‍ നടത്തുമെന്ന് സോമനാഥ് വ്യക്തമാക്കി. അതേസമയം, പിഎസ്എല്‍വി-സി60 റോക്കറ്റിന്റെ ഷെഡ്യൂള്‍ 9.58 മുതല്‍ ഡിസംബര്‍ 30ന് രാത്രി 10 വരെ പുനഃക്രമീകരിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ഒരു ഭ്രമണപഥത്തിലേക്ക് പോകുന്ന ഉപഗ്രഹം അതേ ഭ്രമണപഥത്തില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു ഉപഗ്രഹത്തോട് വളരെ അടുത്ത് വരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞര്‍ ഒരു സംയോജന പഠനം നടത്തും. ഉപഗ്രഹങ്ങള്‍ക്കിടയില്‍ ഏതെങ്കിലും സാമീപ്യമുണ്ടെന്ന് കണ്ടെത്തിയാല്‍, ഞങ്ങള്‍ നിലവിലെ ഉപഗ്രഹം അല്‍പ്പം മാറ്റണം. ഒന്നുകില്‍ തങ്ങള്‍ വിക്ഷേപണം വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നേരത്തെയാക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ദൗത്യം വിജയകരമായാല്‍ ബഹിരാകാശ ഡോക്കിങ്ങിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ചാന്ദ്ര പര്യവേഷണങ്ങളും ഭാരതീയ അന്തരീക്ഷ സ്റ്റേഷനും ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കായുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇന്ത്യയുടെ സ്പെഡ്ക്സ്.