നൂറുരൂപ വര്‍ധന ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ സമരം തുടങ്ങിയിട്ട് 209 ദിവസം; തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളത്തില്‍ 30,000 രൂപയോളം വര്‍ധിപ്പിക്കാന്‍ തീരുമാനം; ശമ്പളത്തിന്റെ 35 ശതമാനം വര്‍ധിപ്പിക്കുന്നത് ഭരണ- പ്രതിപക്ഷ യോജിപ്പോടെ; അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും
തിരുവനന്തപുരം: പ്രതിദിന ഓണറേറിയം നൂറുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ 209 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നതിനിടെ, മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം 35 ശതമാനത്തോളം കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം. ഭരണ- പ്രതിപക്ഷ കക്ഷികളുടെ യോജിപ്പോടു കൂടി അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് അംഗീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഏതാണ്ട് 25,000 രൂപ മുതല്‍ 30,000 രൂപവരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും പെന്‍ഷനും കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‍െ്റ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് (റിട്ട) സിഎന്‍ രാമചന്ദ്രന്‍ നായരെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവന്‍സും പെന്‍ഷനും 35 ശതമാനത്തോളം വര്‍ധിപ്പിക്കണമെന്നാണ് കമമീഷന്‍ ശുപാര്‍ശ ചെയ്തത്. സ്പീക്കര്‍ എ.എന്‍ ഷംസീറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
മന്ത്രിമാര്‍ക്ക് ശമ്പളത്തിന് പുറമേ കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ പരിധിയില്ലാത്ത യാത്രാബത്ത ലഭിക്കുന്നുണ്ട്. സ്റ്റാഫ് അംഗങ്ങള്‍ക്കും വാഹനത്തിനും പുറമേ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയുമുണ്ട്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളത്തിനു പുറമേ വീട് നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പയും ലഭ്യമാണ്. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്ക് ചികിത്സാ ചെലവിനായി നിശ്ചിതതുക അനുവദിക്കും. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങള്‍ക്ക് പെന്‍ഷനു പുറമേ ചികിത്സാ ചെലവും കിട്ടും. ഇതിനെല്ലാം പുറമേയാണ് ഇപ്പോള്‍ ശമ്പവും വര്‍ധിപ്പിക്കുന്നത്.
വേതന വര്‍ധവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം 209 ദിവമായിട്ടും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഓണാഘോഷങ്ങള്‍ നാടെങ്ങും പൊടിപൊടിക്കുമ്പോള്‍ ഇപ്പോഴും സമരമുഖത്ത് പൊരിവെയിലില്‍ തന്നെയാണ് ആശാ പ്രവര്‍ത്തകര്‍. കഴിഞ്ഞ ഫെബ്രുവരി പത്തിന് ആരംഭിച്ചതാണ് സമരം. പ്രതിദിനം 233 രൂപ എന്ന തുച്ഛമായ ഓണറേറിയം മിനിമം കൂലിയായി വര്‍ധിപ്പിക്കുക, ആരോഗ്യവകുപ്പിലെ അടിസ്ഥാന ജോലികള്‍ ചെയ്യുന്ന ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്. എന്നാല്‍ ശക്തമായ സമരം മാസങ്ങള്‍ പിന്നിട്ടിട്ടും അവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ തന്നെ നിയോഗിച്ച പഠനസമിതി ഓണറേറിയം വര്‍ധിപ്പിക്കണം എന്ന നിര്‍ദ്ദേശം സമര്‍പ്പിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും നിലപാട് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അതിനിടയില്‍ ആശ പ്രവര്‍ത്തകരുടെ സമരം അനാവശ്യമാണെന്ന തരത്തിലുള്ള പ്രചരണങ്ങളും സര്‍ക്കാരില്‍ നിന്നുണ്ടായി.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.