'ആ ഒറ്റകൈയ്യൻ എന്റെ മകളോട് കാട്ടിയ കൊടുംക്രൂരത അറിഞ്ഞത് ഡോക്ടറിലൂടെയാണ്; അന്ന് മറ്റൊരാളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നെങ്കിൽ ഇത്രയും കൃത്യമായ വിവരം ലഭിക്കില്ലായിരുന്നു; എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല...!!'; ഡോക്ടർ ഷേർളിയുടെ വിയോഗത്തിൽ അനുസ്മരിച്ച് സൗമ്യയുടെ അമ്മ; വേദനിപ്പിച്ച് വാക്കുകൾ
കോഴിക്കോട്: പ്രമാദമായ നിരവധി കേസുകളിൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസുവിനെ അനുസ്മരിച്ച് സൗമ്യവധക്കേസിലെ സൗമ്യയുടെ അമ്മ സുമതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് 68-ാം വയസ്സിൽ അന്തരിച്ച ഡോ. ഷേർളി വാസുവിനെ മറക്കാനാവില്ലെന്ന് സുമതി പറഞ്ഞു.
സൗമ്യയുടെ മരണത്തെക്കുറിച്ച് താൻ ആദ്യമായി അറിയുന്നത് ഡോ. ഷേർളി വാസുവിൽ നിന്നാണെന്നും, നേരിട്ട് കണ്ടിട്ടില്ലെങ്കിലും വ്യക്തിപരമായി സംസാരിച്ചതുപോലെ തോന്നിയെന്നും സുമതി ഓർത്തെടുത്തു. മറ്റൊരു ഡോക്ടറാണ് സൗമ്യയെ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നതെങ്കിൽ ഇത്രയും വ്യക്തമായ റിപ്പോർട്ട് ലഭിക്കില്ലായിരുന്നുവെന്നും, മകൾക്കുണ്ടായ അപകടത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ഡോക്ടറുടെ റിപ്പോർട്ട് സഹായിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ. ഷേർളി വാസു 2017-ൽ കേരള സർക്കാരിൻ്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് കരസ്ഥമാക്കിയിരുന്നു. നീതിയുക്തമായ അന്വേഷണങ്ങൾക്ക് അവരുടെ സംഭാവനകൾ വിലപ്പെട്ടതായിരുന്നു. ഡോ. ഷേർളി വാസുവിൻ്റെ വേർപാട് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.
68 വയസ്സായിരുന്നു ഡോക്ടർക്ക്. മെഡിക്കല്‍ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണ ഡോ. ഷേര്‍ലി വാസു അന്തരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞു വീണതും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതും. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റുമോര്‍ട്ടും നടത്തിയ ഡോക്ടറാണ് ഷേര്‍ലി. ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും ഷേര്‍ലി വാസു ഉണ്ടായിരുന്നു. ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോദിച്ചത്.
തൊടുപുഴ സ്വദേശിനിയാണ് ഷേര്‍ലി വാസു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്തു.1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ.പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.
2001 ജൂലൈയില്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സാധിച്ചത്. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി.
2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. 'പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍' പ്രധാന കൃതിയാണ്. ഏറ്റവും ഒടുവില്‍ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി ജയില്‍ ചാടിയപ്പോള്‍ അടക്കം ഷേര്‍ലി വാസുവിന്റെ വാക്കുകള്‍ നിര്‍ണായകമായിരുന്നു.
ഡോ. സൗമ്യ വധക്കേസില്‍ അടക്കം നിര്‍ണാക നിരീക്ഷണങ്ങള്‍ ഡോ. ഷേര്‍ലിയുടേതായി ഉണ്ടായിരുന്നു. സൗമ്യ ട്രെയിന്‍ നിന്ന് എടുത്തുചാടിയതല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോക്ടര്‍ ഷെര്‍ലിയായിരുന്നു. ട്രെയിനില്‍ നിന്ന് വീഴുമ്പോള്‍ 5 സെമീ മാത്രമെ ശരീരം മുന്നോട്ട് നീങ്ങിയിട്ടുളളത്. ട്രാക്ക് മാറവെ തീവണ്ടിയുടെ വേഗത കുറയുമെന്ന് കണക്കുകൂട്ടി പ്രതി വളരെ വിദഗ്ധമായാണ് സൗമ്യയെ തളളിയിട്ടതെന്നും ഡോ.ഷേര്‍ലി വാസു അന്ന് പറഞ്ഞത്.
സൗമ്യയുടെ ശരീരത്തിലേറ്റ ഓരോ പരിക്കിനും വ്യക്തമായ വിശദീകരണമുളള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തീവണ്ടിയില്‍ നിന്നും എടുത്തുചാടുമ്പോള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകാറുള്ള പരിക്കുകളൊന്നും സൗമ്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. മുടിയും കഴുത്തും വലിച്ച് പിടിച്ച് ട്രയിനിന്റെ വാതിലില്‍ ശക്തിയായി ഇടിച്ചതിന്റെ മുറിപ്പാടുകളും നഖപ്പാടുകളും സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്നു.
തീവണ്ടിയ്ക്കകത്തുവെച്ച് തന്നെ സൗമ്യയെ ക്രൂരമായി ശാരീരിക ഉപദ്രവത്തിന് വിധേയയാക്കിയതിന് വ്യക്തമായ തെളിവാണിതെന്നും ഷെര്‍ലി വാസു പറഞ്ഞു. ഇത്തരം ക്ഷതത്താല്‍ അര്‍ധ അബോധാവസ്ഥയിലായ സൗമ്യ ഇടത് കവിള്‍ ഇടിച്ച് മെയിന്‍ ട്രാക്കില്‍ നിന്നും വേര്‍പിരിഞ്ഞ് പോകുന്ന മറ്റൊരു ട്രാക്കിലേക്കാണ് വീണതെന്നും ഡോക്ടര്‍ ഷേര്‍ലി വ്യക്തമാക്കിയിരുന്നു.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.