വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ചു; ഒന്നിലധികം തവണ മലക്കം മറിഞ്ഞു; ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു; ബസിനടിയില്‍ പെട്ട് കിടക്കുന്നത് അവസാനമാണ് കണ്ടതെന്ന് നാട്ടുകാര്‍; അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചു? തെളിവായി വാട്സാപ്പ് സ്റ്റാറ്റസ്; നിഷേധിച്ച് ഡ്രൈവര്‍ നിസാം
അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചു?
കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവറുടെ വീഴ്ച കാരണമായെന്ന് സംശയം. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നു. സ്‌കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോള്‍ ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്.
അതേസമയം അപകട സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ നിസാമുദ്ദീന്‍ പ്രതികരിച്ചു. നേരത്തെ ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ആയതാകാമെന്നും ഇയാള്‍ പറഞ്ഞു. വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം നല്‍കിയ മൊഴി. ബസ്സിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ബ്രേക്കിന് ഉള്‍പ്പെടെ തകരാറുണ്ടെന്ന് സ്‌കൂള്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നതാണെന്നും നിസാം വ്യക്തമാക്കി. അവധിക്കാലം കഴിയുന്നതുവരെ ഈ ബസ് ഓടിക്കാം എന്നാണ് സ്‌കൂള്‍ അധികൃതര്‍ അന്ന് മറുപടി നല്‍കിയതെന്നും നിസാം പറയുന്നു.
ഡ്രൈവറുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച്ചയാണെന്ന് ബസ് പരിശോധിച്ചശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. ബ്രേക്കിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബ്രേക്ക് പിടിച്ചതിന്റെ പാടുകള്‍ റോഡിലുണ്ട്. പ്രത്യക്ഷത്തില്‍ ഡ്രൈവര്‍ ഓവര്‍ സ്പീഡായിരുന്നുവെന്നും അശാസ്ത്രീയമായ രീതിയിലാണ് ഡ്രൈവര്‍ വണ്ടി വളവില്‍വെച്ച് തിരിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ റിയാസ് വ്യക്തമാക്കിയിരുന്നു.
സ്‌കൂള്‍ ബസ് അപകടത്തിനു കാരണം വാഹനത്തിനു നിയന്ത്രണം നഷ്ടമായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. സ്‌കൂള്‍ വിട്ട് കുട്ടികളുമായി വരികയായിരുന്നു ബസ്. കിരാത്ത് എന്ന സ്ഥലത്ത് കുട്ടികളെ ഇറക്കിയശേഷം വളക്കൈയിലേക്ക് പോകവേ വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിലായിരുന്നു അപകടം. ഇറക്കത്തില്‍വച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിച്ചശേഷം തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലേക്ക് മറിയുകയായിരുന്നു. ഒന്നിലധികം തവണ ബസ് മലക്കംമറിഞ്ഞു.
വളവും ചെറിയ ഇറക്കവുള്ള റോഡില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ റോഡിന്റെ നിര്‍മാണം അശാസ്ത്രീയമായാണെന്നും അപകടങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബസിന്റെ മുന്‍സീറ്റിലിരുന്നയാളാണ് മരിച്ച അഞ്ചാംക്ലാസുകാരി നേദ്യ. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് ബസ് പൊക്കി നേദ്യയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വിദ്യാര്‍ഥികളും ഡ്രൈവറും ആയയുമാണ് ബസിലുണ്ടായിരുന്നത്.
'ശബ്ദം കേട്ടിട്ടാണ് ഓടി വന്നത്. ഇവിടെ കൂട്ടനിലവിളിയായിരുന്നു. കുട്ടികളെ എല്ലാം എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച കുട്ടിയെ വണ്ടിയുടെ അടിയില്‍ നിന്ന് നാട്ടുകാര്‍ എടുക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന ബസ് പൊക്കിയാണ് കുട്ടിയെ പുറത്തെടുത്തത്. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തന്നെ രക്തം വാര്‍ന്ന് അവശതയിലായിരുന്നു. ഇവിടെയുള്ള അംഗന്‍വാടി മാറ്റി സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. നിരവധി അപകടം നടന്ന ഇടത്ത് അംഗന്‍വാടി വീണ്ടും തുടരുന്നത് അപകടമാണ്'- നാട്ടുകാരന്‍ പറയുന്നു
'ഭീകരമായ ശബ്ദം കേട്ടാണ് വന്നത്. അവസാനമാണ് മരണപ്പെട്ട കുട്ടിയെ ബസിന്റെ അടിയില്‍ നിന്ന് കാണുന്നത്. പാതിവഴിയിലെത്തിയപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു'.- രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. 'കുട്ടികളെല്ലാവരും നിലവിളിക്കുകയായിരുന്നു. ചില കുട്ടികള്‍ക്ക് കടയില്‍ നിന്ന് വെള്ളം കൊണ്ടുപോയി മുഖം കഴുകി കൊടുത്തു. കുട്ടികളുടെ മൂക്കില്‍ നിന്നെല്ലാം ചോര വരുന്നുണ്ടായിരുന്നു. മുഖം കഴുകി കൊടുത്തിട്ടും ചോര നില്‍ക്കുന്നുണ്ടായിരുന്നില്ല. ഒരാണ്‍കുട്ടിക്കും മരണപ്പെട്ട കുട്ടിക്കും നല്ല പരിക്കുണ്ടായിരുന്നു'- സമീപത്തെ കടയിലെ സത്രീ പറയുന്നു
രേഖാപ്രകാരം സ്‌കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. ഡിസംബര്‍ 29-നാണ് കാലാവധി കഴിഞ്ഞത്. എന്നാല്‍ അത് ഏപ്രിലിലേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. 2011 മോഡല്‍ വണ്ടിയാണ് അപകടത്തില്‍ പെട്ടതെന്നും എം.വി.ഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.
കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ്സാണ് ബുധനാഴ്ച വൈകുന്നേരം അപകടത്തില്‍പെട്ടത്. ക്ലാസിനുശേഷം വിദ്യാര്‍ഥികളുമായി മടങ്ങുംവഴിയാണ് അപകടം. പരിക്കേറ്റ കുട്ടികള്‍ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്.