അനേകം മരങ്ങള്‍ കടപുഴകി വീണു; പല വീടുകളുടെയും മേല്‍ക്കൂരകള്‍ പറന്ന് പോയി; അപകടങ്ങളും റോഡ് ബ്ലോക്കുകളും തുടര്‍ക്കഥ; വിമാന സര്‍വീസുകള്‍ താറുമാറായി; നാശം വിതച്ച് ഗൊരേറ്റി കൊടുങ്കാറ്റ്; മഹാ മഞ്ഞ് വീഴ്ച്ച ഇന്നും നാളെയും തുടരും; ഫ്രാന്‍സിലും ജര്‍മനിയിലും ബ്രിട്ടനേക്കാള്‍ ഭയാനക അവസ്ഥ
അനേകം മരങ്ങള്‍ കടപുഴകി വീണു; പല വീടുകളുടെയും മേല്‍ക്കൂരകള്‍ പറന്ന് പോയി
ലണ്ടന്‍: കോണ്‍വാളിലെ പ്രശസ്തമായ സെയിന്റ് മൈക്കല്‍സ് മൗണ്ടില്‍ ഗൊരേറ്റി കൊടുങ്കാറ്റില്‍ നൂറോളം വൃക്ഷങ്ങള്‍ കടപുഴകി വീണു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി വീടുകളുടെ മേല്‍ക്കൂരകളാണ് അതി ശക്തമായ കാറ്റില്‍ പറന്നുപൊന്തിയത്. ബ്രിട്ടീഷ് തീരത്തു നിന്നും മാറി സ്ഥിതിചെയ്യുന്ന, വെറും 31 പേര്‍ മാത്രം താമസിക്കുന്ന കൊച്ചു ദ്വീപില്‍ അവിടത്തെ മരങ്ങളുടെ 80 ശതമാനത്തോളം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദ്വീപില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചിരുന്നു.
സാധാരണ ജീവിതം ഏതാണ്ട് ക്ലേശമാക്കിയ ഇന്നലെ പലയിടങ്ങളിലും സ്‌കൂളുകള്‍ അടഞ്ഞുകിടന്നു. വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. വലിയൊരു ഭാഗം റെയില്‍ ഗതാഗതവും തടസ്സപ്പെട്ടു. ഇത് ഇന്നും നാളെയും തുടരും എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മെറ്റ് ഓഫീസ് പുതിയ മഞ്ഞ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. ഉരുകുന്ന മഞ്ഞിനൊപ്പം ശക്തമായ മഴ കൂടി എത്തുന്നതോടെ വരുന്ന ഏതാനും ദിവസങ്ങളില്‍ പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 107 അലര്‍ട്ടുകളും 12 മുന്നറിയിപ്പുകളുമാണ് എന്‍വിറോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെ വലിയൊരു ഭാഗത്തും വെയില്‍സിലുമായി മറ്റൊരു മഞ്ഞ മുന്നറിയിപ്പ് നിലവിലുണ്ട്. ഇന്ന് ഉച്ച വരെ അത് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മഞ്ഞിനെതിരെ ഒരു മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി വരെ അത് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഇംഗ്ലണ്ടിലും വെയില്‍സിലുമായി 64,000 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടതായി നാഷണല്‍ ഗ്രിഡ് അറിയിച്ചു. കനത്ത മഞ്ഞ് മൂടിയതോടെ ബിര്‍മ്മിംഗ്ഹാം, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കോണ്‍വാള്‍ ഉള്‍പ്പടെ വടക്കന്‍ മേഖലയില്‍ പല ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വെച്ചു.
ഹീത്രൂവില്‍ നിന്നുള്ള ചുരുങ്ങിയത് 69 വിമാന സര്‍വീസുകള്‍ എങ്കിലും റദ്ദാക്കപ്പെട്ടു. ഏകദേശം 9000 ഓളം യാത്രക്കാരെ ഇത് ബാധിച്ചു. ന്യൂനമര്‍ദ്ധത്തിന്റെ കേന്ദ്രഭാഗത്തെ മര്‍ദ്ധം അതിവേഗം കുറയുന്ന വെതര്‍ ബോംബ് പ്രതിഭാസം കാരണം ഇന്നലെ ബിര്‍മ്മിംഗ്ഹാമിലും പരിസരങ്ങളിലും ആകാശം പിങ്ക് നിറത്തിലായിരുന്നു കാണപ്പെട്ടത്. കോണ്‍വാളില്‍ പ്രദേശവാസികളോട് കഴിയുന്നതും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌കോട്ട്‌ലാന്‍ഡില്‍ താപനില്‍ പലയിടങ്ങളിലും മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതോടെ പല ഗ്രാമീണമേഖലകളും ഒറ്റപ്പെട്ട നിലയിലാണ്.
ഗൊരേറ്റിയുടെ താണ്ഡവം യൂറോപ്പിലും
തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന യൂറോപ്പില്‍ ഗൊരേറ്റി കൊടുങ്കാറ്റിന്റെ താണ്ഡവം തുടരുമ്പോള്‍ സാധാരണ ജീവിതം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. താപനില മൈനസ് 20 ല്‍ എത്തിയതോടെ കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടങ്ങളിലും റെയില്‍ റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. വ്യോമഗതാഗതനും പ്രതികൂല കാലാവസ്ഥയില്‍ ഏറെ പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഫ്രാന്‍സില്‍ കുറഞ്ഞത്30 പേരെങ്കിലും ആശുപത്രിയില്‍ ആയിട്ടുണ്ട്.
മണിക്കൂറില്‍ 135 മൈല്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിച്ച വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പലയിടങ്ങളിലും വൈദ്യുതി വിതരണം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്.വടക്കന്‍ ജര്‍മ്മനിയില്‍ ഹാംബര്‍ഗിലും പരിസരങ്ങളിലും ചുവപ്പ് മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു 15 സെന്റീമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും മേഖലകളില്‍ ബ്ലാക്ക് ഐസ് ബില്‍ഡ് അപ്പിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കന്‍ ജര്‍മ്മനിയില്‍ ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ സാധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയാഴ്ച, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി, കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് എട്ട് പേരെങ്കിലും മരിച്ചിട്ടുണ്ട്. അല്‍ബേനിയന്‍ നഗരമായ ഡ്യൂറസ്സില്‍, വെള്ളപ്പൊക്കത്തില്‍ പെട്ട് മരണമടഞ്ഞ ഒരാളുടെ മൃതദേഹം കിട്ടിയതോടെയാണ് ഔദ്യോഗിക മരണ സംഖ്യ എട്ട് ആയത്.
