'ഷഹബാസിനെ മര്‍ദിച്ചവര്‍ കഴിഞ്ഞ വര്‍ഷവും അവര്‍ പത്താം ക്ലാസുകാരെ ആക്രമിച്ചു; കുട്ടികളെപ്പോലെയല്ല, ക്രിമിനല്‍ മനസ്സുള്ളവര്‍; നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല; അധ്യാപകരില്‍ പലരും ഇവരെ ഭയന്നാണ് ജീവിക്കുന്നത്; ഒരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍; മറ്റൊരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലം'; അക്രമി സംഘത്തിലെ മറ്റ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണം

ഷഹബാസ് കൊലക്കേസ്: പ്രതികളിലൊരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍

Update: 2025-03-01 11:37 GMT

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് പൊലീസ്. ട്യൂഷന്‍ സെന്ററിലെ സംഘര്‍ഷത്തിനുശേഷം പ്രതികളായ വിദ്യാര്‍ത്ഥികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ 5 പേരെ മാത്രമാണ് പിടികൂടിയത്. പതിനഞ്ചോളം പേര്‍ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി അടക്കം പരിശോധിച്ച് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

ആളുകള്‍ കൂട്ടമായി ചേര്‍ന്ന് മര്‍ദ്ദിച്ചാല്‍ കേസ് എടുക്കാനാവില്ലെന്നും എസ്എസ്എല്‍സി പരീക്ഷയായതിനാല്‍ അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പ്രതികള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തതിന്റെ ഇളവ് ലഭിക്കുമെന്നും ഇവര്‍ കണക്കുകൂട്ടി. വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ നഗരമദ്ധ്യത്തില്‍ വച്ചാണ് മര്‍ദ്ദിച്ചത്. അടുത്ത സുഹൃത്തായിരുന്നു വിളിച്ചിറക്കിക്കൊണ്ടുവന്നത്.

ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷവും പത്താം ക്ലാസുകാരായ മറ്റു വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു അക്രമി സംഘം. താമരശ്ശേരി സ്‌കൂളിലെ പത്താം ക്ലാസുകാരെയാണ് മര്‍ദിച്ചത്. സ്‌കൂളിനു സമീപത്തും വയലിലുമായാണ് സംഘട്ടനമുണ്ടായത്. അന്ന് രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. രക്തമുള്‍പ്പെടെ റോഡില്‍ വീണിരുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അന്നു അക്രമ സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കള്‍ എത്തുകയായിരുന്നു. നിലവിലെ കേസില്‍ പ്രതികളായ മൂന്നു കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ അക്രമത്തിന് പിന്തുണ നല്‍കിയിരുന്നതായാണ് വിവരം. ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നഞ്ചക്ക് ലഭിക്കാന്‍ മുതിര്‍ന്നവരുടെ സഹായം ലഭിച്ചോയെന്നത് പരിശോധിക്കും. പ്രതികള്‍ അംഗങ്ങളായ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളില്‍ പ്രായപൂര്‍ത്തിയായവരുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ തള്ളി. അഞ്ചുപേരെയും ജുവനൈല്‍ ഹോമിലേയ്ക്ക് അയക്കും. പരീക്ഷ എഴുതാനുള്ള അവസരം നല്‍കും.

ഷഹബാസ് കൊലക്കേസ്: പ്രതികളിലൊരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍

കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് വിദ്യാര്‍ഥികള്‍ അക്രമം നടത്തുന്നതെന്ന് താമരശ്ശേരി സ്‌കൂള്‍ പിടിഎ അംഗമായ പി.ടി. നജീബ് മാധ്യമങ്ങളോട് പറഞ്ഞു. ''വിദ്യാര്‍ഥികളെ ശകാരിക്കുന്നതിനു പോലും അധ്യാപകര്‍ക്ക് ഭയമാണ്. വിദ്യാര്‍ഥികള്‍ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില രക്ഷിതാക്കള്‍ക്ക്. അതിനാല്‍ എന്തും ചെയ്യാമെന്ന നിലയിലേക്ക് കുറച്ചു കുട്ടികള്‍ മാറി. എന്റെ മകന്റെ അടുത്ത സുഹൃത്താണ് ഷഹബാസ്. ഷഹബാസിന്റെ പിതാവ് ഇക്ബാലും ഞാനും സഹപാഠികളായിരുന്നു. പ്രതികളായ 5 കുട്ടികളുടെയും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. പലപ്പോഴും വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല.

പല കുട്ടികളും പെരുമാറുന്നത് കുട്ടികളെപ്പോലെയല്ല. ചിലരെല്ലാം ക്രിമിനല്‍ മനസ്സുള്ളവരാണ്. അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല. അധ്യാപകരില്‍ പലരും കുട്ടികളെ ഭയന്നാണ് ജീവിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികള്‍ ചെയ്യുന്നതിനെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഷഹബാസ് യാതൊരു പ്രശ്‌നത്തിലും ഇടപെടാത്തവനാണ്. ഇതിനു മുന്‍പ് എന്തെങ്കിലും പ്രശ്‌നത്തില്‍ ഇടപെട്ടതായി അറിവില്ല.'' നജീബ് പറഞ്ഞു.

എളേറ്റില്‍ വട്ടോളിയിലെ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഷഹബാസ്. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിക്കിടെ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുമ്പോള്‍ സാങ്കേതിക തടസ്സമുണ്ടായി. പാട്ട് നിലച്ചതും താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂവി. ഇതോടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അന്ന് ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികാരം ചെയ്യാനുള്ള ആസൂത്രണങ്ങള്‍ വിദ്യാര്‍ഥികള്‍ നടത്തിയത്.

നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതിനു പിന്നില്‍ പുറത്തുനിന്നുള്ള പിന്തുണയുണ്ടായിരുന്നെന്നാണ് ഷഹബാസിന്റെ രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. മുതിര്‍ന്നവരുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് മര്‍ദനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നുമാണ് പൊലീസ് നിലപാട്.

Tags:    

Similar News