അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്

അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക

Update: 2025-04-07 06:12 GMT

ന്യൂയോര്‍ക്ക്: ഓപ്പണ്‍ എ-ഐയുടെ വിസില്‍ ബ്ലോവര്‍ ആയിരുന്ന സുചിര്‍ ബാലാജിയുടെ മരണത്തില്‍ ദുരൂഹതആരോപിച്ച് വീണ്ടും കുടുംബം രംഗത്ത് എത്തി. സുചിര്‍ബാലാജിയെ അമേരിക്കയിലെ ഫ്ളാറ്റില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുചിര്‍ ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് അധികൃതര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതൊരു കൊലപാതകമാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ഇതിന് ഉപോത്ബലകമായ പല വാദഗതികളും അവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സുചിര്‍ ബാലാജിക്ക് രണ്ട് തവണ വെടിയേറ്റു എന്നാണ് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ തലയില്‍ ഒരു വെടിയേറ്റാണ് മരിച്ചത് എന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഓട്ടോപ്സിയില്‍ രണ്ടു വെടിയേറ്റ കാര്യം വ്യക്തമാക്കിയിട്ടില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഇരുപത്തിയാറിനാണ് സുചിറിന്റെ മൃതദേഹം കണ്ടെടുത്തത്. ഓപ്പണ്‍ എ-ഐയുെട ചാറ്റ് ജി.പി.ടിയുമായി ബന്ധപ്പെട്ട ചില അനധികൃതമായ ഇടപാടുകള്‍ വെളിപ്പെടുത്തി ഒരു മാസം കഴിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം.

സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ മിന്റ് ഹില്ലിലുള്ള അപ്പാര്‍ട്ടമെന്റിലാണ് സുചിറിന്റെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതിലിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ച് സുചിറിന്റെ കുടുംബം മറ്റൊരു വ്യക്തിയെ സമാന്തരമായി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. സുചിര്‍ ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താതിരിക്കാന്‍ എതിരാളികള്‍ കൊന്നു എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ഇത്,സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണ് സുചിറിന്റെ മാതാപിതാക്കളായ ബാലാജി രാമമൂര്‍ത്തിയും പൂര്‍ണിമ രാമറാവുവും കുറ്റപ്പെടുത്തുന്നു. സുചിറിനെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കൊല നടത്തിയതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. സുചിറിന്റെ തലയുടെ സി.ടി സ്‌ക്കാന്‍ റിപ്പോര്‍ട്ട് വിദഗ്ധര്‍ക്ക് അയച്ചു കൊടുത്തു എങ്കിലും കൃത്യമായ അന്വേഷണം ഇനിയും നടന്നിട്ടില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ടാമത്തെ വെടിയുണ്ട വായ്ക്കുള്ളിലൂടെ ആണ് കടന്ന് പോയതെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.

മെഡിക്കല്‍ എക്സാമിനര്‍മാരുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. സുചിറിന്റെ കാല്‍മുട്ടിലും പരിക്കേറ്റിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നത് ആരോ ശാരീരികമായും അദ്ദേഹത്തെ ആക്രമിച്ചു എന്നാണെന്നും കുടുംബം പറയുന്നു. ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് കാണപ്പെട്ടതിലും ദുരൂഹതയുണ്ട്. കൂടാതെ മൃതദേഹത്തിന് സമീപം കാണപ്പെട്ട കൃത്രിമ മുടി ആരുടേതാണെന്ന് അന്വേഷിച്ചില്ലെന്നും കുടുംബം പറയുന്നു. സുചിറിന്റെ മരണത്തിന് മുമ്പ് ആരുമായോ ഏറ്റുമുട്ടല്‍ ഉണ്ടായി എന്നത് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുചിര്‍ പുതിയ പിസ്റ്റള്‍ വാങ്ങിയത്. എന്നാല്‍ വീട്ടില്‍ നിന്ന് കണ്ടെടുത്ത പിസ്റ്റളില്‍ രക്തക്കറ കാണുന്നില്ല.

സുചിറിന്റെ രക്തത്തില്‍ അമിതമായ തോതില്‍ മദ്യം കണ്ടെത്തിയതിനെയും കുടുംബം ചോദ്യം ചെയ്യുകയാണ്. സുചിര്‍ ഒരിക്കലും അമിതമായ തോതില്‍ മദ്യപിക്കുന്ന ആളായിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. മാത്രവുമല്ല അവസനാമായി പുറത്തു വന്ന സിസി ടി.വി ദൃശ്യങ്ങളില്‍ സുചിര്‍ അങ്ങേയറ്റം ആഹ്ലാദവാനായിട്ടാണ് കാണപ്പെടുന്നതും.


മരിക്കുന്നതിന് മുമ്പ് സുചിര്‍ അച്ഛനുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്നും ജനുവരിയില്‍ കാണാമെന്ന് പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ തള്ളിക്കളയുകയാണ്. സുചിര്‍ നന്നായി മദ്യപിച്ചിരുന്നതായും മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞതായി അവര്‍ വെളിപ്പെടുത്തുന്നു.

Tags:    

Similar News