മേഘയുടെ മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു; ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ലീവെടുത്ത് വീട്ടില്‍ എത്തി പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം കാണാതായെന്ന് നാട്ടുകാര്‍; ഒളിവില്‍ പോയത് മാതാപിതാക്കളോടൊപ്പം; സുകാന്തിനെ കണ്ടെത്താനാകാതെ പൊലീസ്

സുകാന്തിനെ കണ്ടെത്താനാകാതെ പൊലീസ്

Update: 2025-03-31 11:33 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്റെ രണ്ടാംദിനമെന്ന് സുകാന്തിന്റെ സുഹൃത്തുക്കള്‍. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. എന്നാല്‍ ആശ്വസിപ്പിക്കാന്‍ കൂടെനിന്ന സുഹൃത്തുക്കളെയടക്കം കബളിപ്പിച്ചാണ് മാതാപിതാക്കള്‍ക്ക് ഒപ്പം സുകാന്ത് ഒളിവില്‍ പോയതെന്നാണ് വിവരം. ഒളിവില്‍ കഴിഞ്ഞുകൊണ്ട് സുകാന്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന വിവരം അറിഞ്ഞതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

സുകാന്തും മേഘയും തമ്മിലുള്ള പ്രണയം സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ട് മേഘ മരണപ്പെട്ട ദിവസം സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.ഈ സമയത്ത് സുകാന്ത് നിര്‍ത്താതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യാ പ്രവണത കാണിച്ച് താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുകാന്തിനെ കൊണ്ട് അവധി എടുപ്പിക്കുകയും എടപ്പാളിലെ വീട്ടില്‍ വാഹനത്തില്‍ കൊണ്ടാക്കുകയും ചെയ്തു. സുഹൃത്തുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വലിയ ദുഃഖവും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ലീവെടുത്ത് വീട്ടില്‍ എത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടില്‍ കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്ന് മുതല്‍ സുകാന്ത് ഒളിവില്‍ പോയെന്നാണ് പൊലീസ് കരുതുന്നത്. ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി മേഘയുടെ അമ്മ വെളിപ്പെടുത്തി. അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നും മൊഴി. തിങ്കളാഴ്ച രാവിലെയുണ്ടായ ഫോണ്‍ വിളികളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം. ഐബി ഉദ്യോഗസ്ഥ മേഘയെ കാമുകന്‍ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാസമയത്ത് ഫോണ്‍ ചെയ്തത് കാമുകന്‍ സുകാന്ത് ആയിരുന്നു എന്നും പിതാവ് മധുസൂദനന്‍ പറഞ്ഞു. വിവാഹ ആലോചനയ്ക്കായി വീടിന്റെ പെയിന്റിങ് അടക്കം പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് യുവാവിന്റെ പിന്‍മാറ്റവും മേഘയുടെ ആത്മഹത്യയും.

സുകാന്ത് ഒളിവില്‍പോയത് മാതാപിതാക്കളോടൊപ്പമെന്ന് സൂചന. എടപ്പാള്‍ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്.സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. കല്ല് വെട്ടാനും മറ്റും ഉപയോഗിക്കുന്ന ടൂള്‍സ് കട നടത്തുകയാണ് പിതാവ്. അമ്മ റിട്ടയേര്‍ഡ് അദ്ധ്യാപികയാണ്. ഏകമകനാണ് സുകാന്ത്.

വിവിധ ഇടങ്ങളിലായി നിരവധി ഭൂമി സുകാന്തിന്റെ പിതാവ് വാങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടുകാരുമായി യാതൊരു അടുപ്പവും സൂക്ഷിച്ചിരുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന അച്ഛന്റെ സഹോദരനുമായും ഏറെനാളായി അടുപ്പത്തിലല്ല.നാട്ടില്‍ സുഹൃത്തുക്കളൊന്നും സുകാന്തിനില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥനാണ് സുകാന്തെന്ന വിവരം പോലും നാട്ടുകാരില്‍ പലരും അറിയുന്നത് ഇപ്പോഴാണ്.

പൂജ, ജ്യോതിഷം ഉള്‍പ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരായിരുന്നു സുകാന്തും കുടുംബവുമെന്നും പറയപ്പെടുന്നു. സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍, മകളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു.

ഐ.ബി.പരിശീലനകാലത്താണ് മേഘയും സുകാന്തും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി പണം കൈക്കലാക്കി. അവസാന മാസങ്ങളില്‍ ശമ്പളം പൂര്‍ണമായും സുകാന്തിന് യുപിഐ വഴി കൈമാറ്റം ചെയ്തു. ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘ. ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോലും പണമില്ലായിരുന്നു. വന്‍ തുക വാങ്ങിയ കാമുകന്‍ ചെലവിനുള്ള പണംമാത്രം മേഘയ്ക്ക് നല്‍കിയിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

വിവാഹക്കാര്യം പറഞ്ഞെങ്കിലും കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ യുവാവ് ഒഴിഞ്ഞുമാറി. പലവട്ടം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ മേഘയുമായി ഫോണില്‍ സംസാരിച്ചിരുന്നത് സുകേഷ് ആയിരുന്നെന്നും. കൂടുതല്‍ ചൂഷണങ്ങള്‍ നടന്നെന്നും ഭീഷണി ഉണ്ടായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയായിരുന്ന മേഘ കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ആത്മഹത്യ.സംഭവത്തില്‍ പേട്ട പൊലീസും ഐബിയും അന്വേഷണം തുടരുകയാണ്.

Tags:    

Similar News