ആ ടെലഗ്രാം ചാറ്റിലുണ്ടായിരുന്നത് 'നീ എന്ന് മരിക്കും' എന്നതുള്‍പ്പെടെ മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളും രൂക്ഷഭാഷയും; ലൈംഗീകമായും സാമ്പത്തികമായും ചതിച്ച ശേഷം ആ യുവതിയെ സമ്മര്‍ദ്ദത്തിലാക്കിയത് ഹൈക്കോടതിയും തിരിച്ചറിഞ്ഞു; പുറത്തു വന്നത് പ്രതിയുടെ ചാറ്റുകളെന്ന് പരോക്ഷമായി സമ്മതിച്ച് പ്രതിഭാഗം; സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല; മുന്‍ ഐബിക്കാരന് അഴിക്കുള്ളില്‍ കഴിയേണ്ടി വരും; നീതിയുറപ്പാക്കാന്‍ ഹൈക്കോടതി വിധി

Update: 2025-05-26 05:24 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്കു പിന്നിലെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ സുകാന്തിന് കീഴടങ്ങേണ്ടി വരും. സുകാന്തിനെ അഴിക്കുള്ളില്‍ അടയ്ക്കാനുള്ള അവസരമാണ് പോലീസിന് ഇതോടെ കിട്ടുന്നത്. നേരത്തെ സുകാന്തിന്റെ ശാരീരിക-മാനസിക പീഡനമായിരുന്നു ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് കാരണം എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കുനയിച്ച ടെലിഗ്രാം ചാറ്റുകളാണ് പോലീസ് കണ്ടെടുത്തത്. സുകാന്തിന്റെ ഐഫോണില്‍നിന്നാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചത്. ഈ ചാറ്റുകള്‍ ചോര്‍ന്നത് പ്രതിഭാഗം ഹൈക്കോടതിയില്‍ ചര്‍്ച്ചയാക്കി. ഫലത്തില്‍ ചാറ്റുകള്‍ സുകാന്തിന്റേതാണെന്ന് സ്ഥിരീകരിക്കുക കൂടിയായിരുന്നു ഈ വാദം. ചാറ്റുകള്‍ ചോര്‍ന്നത് എങ്ങനെയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ഐബി ഉദ്യോഗസ്ഥയെ സാമ്പത്തികമായും മാനസികമായും പ്രതി തകര്‍ത്തുവെന്ന നിരീക്ഷണം കോടതി നടത്തി. ചാറ്റുകള്‍ ചോര്‍ന്നത് പോലീസില്‍ നിന്ന് തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

സുകാന്തിനോട് കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നേരത്തെ സുകാന്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. കേസില്‍ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യുവതിയുടെ മരണശേഷം ഒളിവില്‍ പോയ സുകാന്തിനെ ഇനിയും പൊലീസിനെ കണ്ടെത്താനായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സുകാന്തിന് കീഴടങ്ങേണ്ടി വരും.

'നീ എന്ന് മരിക്കും' എന്നതുള്‍പ്പെടെ മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളും രൂക്ഷഭാഷയുമാണ് സന്ദേശങ്ങളിലുള്ളത്. യുവതിയുടെ ആത്മഹത്യക്കുപിന്നാലെ ഒളിവില്‍പ്പോയ സുകാന്തിന്റെ അമ്മാവന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഇയാളുടെ ഫോണില്‍നിന്നാണ് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. 'എന്നുമരിക്കും' എന്ന സുകാന്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടിയും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്‍പതിനാണ് ടെലിഗ്രാം ആപ്പിലൂടെ ഈ സംഭാഷണം നടന്നത്. മാര്‍ച്ച് 24-നാണ് തിരുവനന്തപുരം പേട്ടയ്ക്കുസമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭാഷണങ്ങളാണ് ആത്മഹത്യയിലേക്ക് യുവതിയെ കൊണ്ടു പോയത്.

ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത് രണ്ടുമാസം പിന്നിട്ടിട്ടും സുകാന്ത് സുരേഷ് ഒളിവില്‍ത്തന്നെ തുടരുകയാണ്. പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും കേരളത്തിനുപുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുകയുംചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈക്കോടതി തിങ്കളാഴ്ചവരെ അറസ്റ്റ്് തടഞ്ഞു. ഇത്രനാളായിട്ടും പ്രതിയെ പിടികൂടാത്ത പോലീസിനെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിര്‍ശിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് തടഞ്ഞതു കൊണ്ട് പ്രതിയ്ക്ക് ജാമ്യം കൊടുക്കുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാല്‍ കോടതി അതിരൂക്ഷ വിമര്‍ശനങ്ങളോടെ ജാമ്യാപേക്ഷ തള്ളുന്നു. സുകാന്തില്‍നിന്ന് യുവതി ലൈംഗികചൂഷണം നേരിട്ടിരുന്നയതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

പുറത്തായ ചാറ്റ് ചുവടെ

സുകാന്ത്: എനിക്ക് നിന്നെ വേണ്ട

യുവതി: എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല

സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍പറ്റൂ

യുവതി: എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല

യുവതി: അതിന് ഞാന്‍ എന്തുചെയ്യണം?

സുകാന്ത്: നീ പോയി ചാകണം

സുകാന്ത്: നീ എന്നുചാകും??

യുവതി: ഓഗസ്റ്റ്ഒന്‍പതിന് ഞാന്‍ മരിക്കും...

Tags:    

Similar News