സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം മുറിയില്‍ ഇനി പുതിയ ആള്‍ വരും; ഹൈക്കോടതിയോട് മുട്ടാന്‍ നില്‍ക്കാതെ സുനില്‍ സ്വാമി മലയിറങ്ങി; നിത്യപൂജയ്ക്ക് സാമഗ്രികള്‍ നല്‍കി 40 വര്‍ഷമായി സന്നിധാനത്ത് കഴിയുന്ന അയ്യപ്പഭക്തനായ വ്യവസായി മടങ്ങുമ്പോള്‍ വിവാദങ്ങള്‍ക്കും വിട

സുനില്‍ സ്വാമി മലയിറങ്ങി

Update: 2024-12-07 10:24 GMT

കൊച്ചി: ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതോടെ, സന്നിധാനത്തെ സ്ഥിരം അന്തേവാസിയായ പാലക്കാട് സ്വദേശിയായ വ്യവസായി സുനില്‍ സ്വാമി എന്തുചെയ്യും എന്നതായിരുന്നു ചോദ്യം. സുനില്‍ സ്വാമിക്ക് പ്രത്യേകമായി ഒരു പരിഗണനയും നല്‍കരുതെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. മറ്റ് ഭക്തര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം മുറി 10 വര്‍ഷമായി സുനില്‍ സ്വാമി മാത്രം ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു

എന്തായാലും സുനില്‍ സ്വാമി കോടതിയെ ചോദ്യം ചെയ്യാന്‍ ഒന്നും നിന്നില്ല. പ്രതികൂല പരാമര്‍ശം വന്ന ഉടന്‍ തന്നെ സുനില്‍ സ്വാമി സന്നിധാനത്ത് നിന്നും മടങ്ങി. ഡോളിയിലാണ് പമ്പയിലെത്തിയത്. 40 വര്‍ഷമായി തുടര്‍ച്ചയായി നടതുറക്കുന്ന നാള്‍ മുതല്‍ അടയ്ക്കുന്നത് വരെയും സുനില്‍ സ്വാമി ശബരിമലയില്‍ നിറസാന്നിദ്ധ്യമായിരുന്നു. ശബരിമലയില്‍ എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നില്‍ ഇദ്ദേഹം ഉണ്ടാകാറുണ്ട്.

വിര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. ഡോണര്‍ റൂമുകളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം ആ മുറിയില്‍ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നല്‍കി താമസിക്കാനും അനുവാദമുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം അത് കൈവശം വയ്ക്കാന്‍ കഴിയില്ല. ഇതാണ് സുനില്‍ സ്വാമി ലംഘിച്ചതെന്ന് കോടതി വിലയിരുത്തി.

ഡോണര്‍ മുറിയില്‍ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാറമടകള്‍ അടക്കമുള്ള വ്യവസായിയാണ് സുനില്‍ സ്വാമി. വിഴിഞ്ഞത്ത് അടക്കം പാറ വിതരണത്തിന്റെ കരാറുണ്ട്. ഇതിനൊപ്പം കൊല്ലം കേന്ദ്രീകരിച്ച് കശുവണ്ടി വ്യവസായവും. പാലക്കാട്ട് സ്വദേശിയായ സുനില്‍ സ്വാമിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കൊല്ലമാണ്. ശബരിമലയില്‍ നട തുറന്നിരിക്കുമ്പോഴെല്ലാം സുനില്‍ സ്വാമി ശബരിമലയിലുണ്ടാകും. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സുനില്‍ സ്വാമി. വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും, ആചാര ലംഘനം നടത്തുന്നുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ശബരിമലയില്‍ എല്ലാം ചെയ്യുന്നത് സുനില്‍ സ്വാമിയാണെന്ന പ്രചരണവുമുണ്ട്. നട തുറക്കുമ്പോള്‍ നിത്യ പൂജാ ചെലവുകള്‍ക്ക് ഏതാണ്ട് രണ്ടു ലക്ഷം രൂപ വരെ ദിവസവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ചെലവാക്കാം. ഇതിന് കണക്ക് കാട്ടേണ്ടതില്ല. പൂവും മറ്റ് പൂജാദ്രവ്യങ്ങളും വാങ്ങുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍ ഈ സാധനങ്ങളെല്ലാം ദിവസവും നേര്‍ച്ചയായി സുനില്‍ സ്വാമി നല്‍കും. അതുകൊണ്ട് തന്നെ ചില്ലി കാശ് നല്‍കാതെ അതെല്ലാം ശബരിമലയിലെ എഒയ്ക്ക് കിട്ടും. ഇങ്ങനെ വെറുതെ കിട്ടുമ്പോഴും രണ്ടു ലക്ഷത്തോളം രൂപ എല്ലാ ദിവസവും അധികാരികള്‍ എഴുതി എടുക്കാറുമുണ്ടത്രേ. അതായത് സുനില്‍ സ്വാമിയിലൂടെ എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കുമെല്ലാം ദിവസവും ലക്ഷങ്ങള്‍ വെറുതെ കിട്ടുമെന്നാണ് സന്നിധാനത്തെ വര്‍ഷങ്ങളായുള്ള പ്രചരണം. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം സുനില്‍ സ്വാമിയെ മാറ്റി നിര്‍ത്തുന്നതോടെ അത് ചില 'അഴിമതി മോഹികള്‍ക്കും' വിനയാകും.

സുനില്‍ സ്വാമി മണ്ഡലകാലത്തും മാസ പൂജയ്ക്കും നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയില്‍ താമസിക്കുകയും ശ്രീകോവിലിനു മുന്നില്‍നിന്ന് എല്ലാ ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെടുത്ത സ്വമേധയാ ഹര്‍ജിയിലാണു ഹൈക്കോടതി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മറ്റ് ഭക്തര്‍ക്ക് നല്‍കാത്ത പരിഗണന വ്യവസായിയായ സുനില്‍ സ്വാമിയ്ക്ക് സന്നിധാനത്ത് നല്‍കരുതെന്ന് കോടതി പറഞ്ഞു. നേരത്തേ ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നത്. കടമുറിയോ മറ്റോ ലേലത്തിന് എടുത്താലേ ഇനി എല്ലാ ദിവസവും സുനില്‍ സ്വാമിയ്ക്ക് സന്നിധാനത്ത് എല്ലാ ദിവസവും തുടരാനാകൂ.

ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നത് സുനില്‍ കുമാറാണെന്നും ക്ഷേത്രത്തിലേക്കുള്ള പൂജ സാധനങ്ങള്‍ സംഭാവന ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. താന്‍ സന്യാസ ജീവിതപാതയാണ് പിന്‍തുടരുന്നതെന്നും പ്രത്യേക ആനുകൂല്യമൊന്നും പറ്റുന്നില്ലെന്നും സുനില്‍കുമാര്‍ ബോധിപ്പിച്ചു. എന്നാല്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ നിത്യ പൂജകള്‍ക്കായുള്ള വസ്തുക്കള്‍ നല്‍കുന്നതും സ്വാമിയാണ്. നിരവധി കാര്യങ്ങള്‍ ശബരിമലയ്ക്കായി ചെയ്യുന്ന വ്യക്തി. പക്ഷേ എന്തുകൊണ്ടാണ് എല്ലാ ദിവസവും സന്നിധാനത്ത് തങ്ങുന്നതെന്ന ചോദ്യം പലപ്പോഴും ചര്‍ച്ചകളിലെത്തി. ഇതിന് വ്യക്തമായ ഉത്തരം ആര്‍ക്കുമുണ്ടായില്ല. ഡോണര്‍ മുറികള്‍ ബുക്കുചെയ്യാനുള്ള സൗകര്യമുള്ള വിവരം വെര്‍ച്വല്‍ ക്യൂ പ്ലാറ്റ് ഫോമിലും ദേവസ്വം വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു

ബാര്‍ കോഴയില്‍ സ്വാമിമാര്‍ക്ക് എന്ത് കാര്യമെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് കൈക്കൂലി കൊടുക്കാന്‍ ബാറുടമകള്‍ക്ക് അഞ്ചു കോടി രൂപ കടമായി നല്‍കിയതു കൊല്ലത്തുകാരനായ സുനില്‍ സ്വാമിയാണെന്നതാണ് അന്ന് ഉയര്‍ന്ന ഒരു ആരോപണം. ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലാണ് സുനില്‍ സ്വാമിയുടെ പേരുയരുന്നത്. കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ക്ക് ശബരി എന്ന ബ്രാന്‍ഡ് നെയിമാണ് സുനില്‍ സ്വാമി നല്‍കിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങള്‍. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടര്‍ന്നു കിടക്കുകയാണ് സുനില്‍ സ്വാമിയുടെ വ്യവസായ സാമ്രാജ്യം.

സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനില്‍ സ്വാമിയെന്ന് ഉറപ്പ്. പിന്നെ എന്തുകൊണ്ട് കൊല്ലത്ത് താമസിക്കുന്ന സുനില്‍, സുനില്‍ സ്വാമിയായി. ഉത്തരം ലളിതമാണ്. തികഞ്ഞ ശബരിമല ഭക്തനായതുകൊണ്ടാണ് സുനില്‍ സ്വാമിക്ക് ആ പേര് വീണത്. ശബരിമല നട തുറന്നിരുന്നാല്‍ സന്നിധാനത്ത് സുനില്‍ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിര്‍മ്മാല്യം മുതല്‍ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തന്‍. ശബരിമലയില്‍ എത്തുന്ന വിഐപികള്‍ക്കെല്ലാം പ്രിയങ്കരനാണ് സുനില്‍ സ്വാമി. മറ്റൊരു താല്‍പ്പര്യവുമില്ലാതെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് വേണ്ടി നില്‍ക്കുന്ന വ്യക്തി.

സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലായിരുന്നു സുനില്‍ സ്വാമി ശബരിമലയില്‍ ആദ്യം താമസിച്ചത്. ജീവനക്കാര്‍ക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നല്‍കുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനില്‍ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേര്‍ച്ചയ്ക്കും മറ്റുമായി സുനില്‍ സ്വാമി ചെലവാക്കുന്നത്. കൊല്ലത്തുകാരെന്ന് എല്ലാവരും വിളിക്കുന്ന സുനില്‍ സ്വാമിയുടെ യഥാര്‍ത്ഥ വീട് പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആണെന്നതാണ് വസ്തുത. കശുവണ്ടി ബിസിനസ്സാണ് സുനില്‍ സ്വാമിയുടെ വ്യവസായ മേഖല. അങ്ങനെയാണ് കൊല്ലത്ത് എത്തി അവിടെ സ്ഥിര താമസമാക്കുന്നത്. അവിവാഹിതനുമാണ്. ചേട്ടനും കൊല്ലത്ത് കശുവണ്ടി കച്ചവടം തന്നെ.

Tags:    

Similar News