കാട്ടുപന്നികളെ കുഴിച്ചിടേണ്ട പകരം, വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കണം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എംഎല്‍എ; പരാമര്‍ശം മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കൊട്ടിയൂരില്‍ വെച്ച്

കാട്ടുപന്നികളെ കുഴിച്ചിടേണ്ട പകരം, വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കണം

Update: 2025-01-29 06:44 GMT

കണ്ണൂര്‍: കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കൊട്ടിയൂരില്‍ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

'കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം. പരസ്യമായി പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും യുഡിഎഫ് കണ്‍വീനറയുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പറയുകയാണ്, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണം' എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം.

വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും ബഫര്‍സോണില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിമാണ് പ്രതിപക്ഷ നേതാവിന്റെ മലയോര സമര യാത്ര. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം അമ്പൂരിയിലാണ് ജാഥയുടെ സമാപനം. അതേസമയം കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.

കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News