പൊതുഖജനാവിലെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ? പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി; തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; ഉത്തരവ് തിരുനെല്‍വേലിയില്‍ കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്
പൊതുഖജനാവിലെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ?
ന്യൂഡല്‍ഹി: പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെതിരെ സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിഎംകെ നേതാവും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും നിര്‍ണായക ഉത്തരവുണ്ടായത്. തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
പൊതു ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല നേതാക്കളെ മഹത്വവല്‍ക്കരിക്കാന്‍ എന്തിനാണ് പൊതു ഖജനാവിലെ പണം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
തിരുനെല്‍വേലി ജില്ലയിലെ വള്ളിയൂര്‍ വെജിറ്റബില്‍ മാര്‍ക്കറ്റിന് സമീപം മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനായിരുന്നു ഡിഎംകെ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ പ്രതിമകളും മറ്റും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കി കമാനം നിര്‍മ്മിച്ചിട്ടുണ്ടെന്നും, ഇതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതിനാല്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി കൂടി നല്‍കണമെന്നും തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളെ ഗ്ലോറിഫൈ ചെയ്യാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.