'പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരുമാണ്; ഭരണകര്‍ത്താക്കള്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിമാരല്ല; സര്‍ക്കാര്‍ കോടതിയാകേണ്ട'; ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീം കോടതി
അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി
ന്യൂഡല്‍ഹി: കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരും ആണെന്നും ഭരണകര്‍ത്താക്കള്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിമാരാകാന്‍ പാടില്ലെന്നും സുപ്രീം കോടതി. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമ വിരുദ്ധവും ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയ സുപ്രീം കോടതി സുപ്രധാന നിരീക്ഷണമാണ് കേസില്‍ നടത്തിയത്.
പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു. കേസുകളില്‍ ശിക്ഷിക്കപെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്.
പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതെ സമയം വ്യക്തികളുടെ അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ പൊളിക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെട്ടിട ഉടമകള്‍ക്ക് അവസരം നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ ശിക്ഷാ നടപടിയെന്ന രീതിയില്‍ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സര്‍ക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്നും ജഡ്ജിമാരായ ബി.ആര്‍.ഗവായി, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കുറ്റാരോപിതര്‍ മാത്രമായവരെ കുറ്റക്കാരായി വിധിയെഴുതുന്നതും കോടതികളുടെ ചുമതല സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ഏറ്റെടുക്കുന്നതും അനുവദിക്കില്ല. നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ ഇടിച്ചുനിരത്തിയാല്‍ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണെന്നും അതു ഹനിക്കാന്‍ കഴിയില്ല. മറ്റ് അനധികൃത നിര്‍മാണങ്ങള്‍ തൊട്ടടുത്തുണ്ടെങ്കിലും തിരഞ്ഞുപിടിച്ചു വീടുകള്‍ പൊളിക്കുന്ന രീതി സര്‍ക്കാരുകള്‍ക്കുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
കുറ്റാരോപിതര്‍ക്കെതിരായ പ്രതികാര നടപടിയുമായി ഭാഗമായി ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന 'ബുള്‍ഡോസര്‍ നീതി' നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും സുപ്രീംകോടതി വിധിയില്‍ ഉന്നയിച്ചു. കേസുകളിലെ സത്യവസ്ഥ സംബന്ധിച്ച വിധി കല്‍പിക്കേണ്ടത് കോടതികളാണെന്നും അവരുടെ ജോലി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ ബെഞ്ച്, ബുള്‍ഡോസര്‍ നടപടികളുടെ കാര്യത്തില്‍ കര്‍ശന മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നു പിഴയീടാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഏതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതിയായി എന്നതുകൊണ്ട് ഒരാളുടെ വീട് ഇടിച്ചുനിരത്താന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ഹീനമായ കുറ്റകൃത്യത്തിലെ പ്രതിയായാല്‍ പോലും ശരിയായ നിയമവും ചട്ടവും പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തല്‍ അനുവദിക്കാന്‍ കഴിയില്ല.
കോടതി അനുമതിയില്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റ് വസ്തുക്കളും പൊളിക്കുന്ന നടപടി പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത് നിയമങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്നായിരുന്നു ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബറില്‍ കോടതി പരാമര്‍ശിച്ചത്. ഏതെങ്കിലും ഒരു വ്യക്തി കേസില്‍ പ്രതിയായി എന്ന കാരണത്താല്‍ അയാളുടെയോ ബന്ധുക്കളുടെയോ വസ്തുവകകള്‍ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കോടതി പറഞ്ഞത്:
കയ്യേറ്റം ഒഴിപ്പിക്കല്‍ നോട്ടിസിനു കൃത്യമായ മറുപടി നല്‍കാനും അപ്പീല്‍ നല്‍കാനും മതിയായ സമയം അനുവദിക്കണം.
കുറഞ്ഞത് 15 ദിവസത്തെയെങ്കിലും നോട്ടിസ് നല്‍കിയിരിക്കണം.
റജിസ്‌ട്രേഡ് തപാല്‍ വഴി നല്‍കുന്ന നോട്ടിസ് വീടിനു പുറത്തു പതിക്കണം.
സര്‍ക്കാരിന് കോടതിയും ജഡ്ജിയുമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തല്‍ ഭരണഘടനാവിരുദ്ധം
കുറ്റവാളിയെന്നു വിധിക്കപ്പെടുന്നവരുടെ വീടുകള്‍ പോലും ഇടിച്ചുനിരത്തുന്നത് അനുവദനീയമല്ല.
കേസുകളിലെ പ്രതികളെ വിചാരണയ്ക്ക് മുന്‍പ് ശിക്ഷിക്കരുത്.
മുന്‍സിപ്പല്‍ നിയമങ്ങളുടെ കാര്യത്തില്‍ പോലും ഇതു ബാധകം.
കുട്ടികളും സ്ത്രീകളും വഴിയാധാരമാകുന്നതു സന്തോഷകരമായ കാഴ്ചയല്ല.
സാവകാശം നല്‍കിയെന്നു കരുതി ആകാശം ഇടിഞ്ഞുവീഴില്ല.
കയ്യേറ്റമൊഴിപ്പിക്കല്‍ അനിവാര്യമെങ്കില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നോട്ടിസ് നല്‍കണം.
അപ്പീല്‍ നടപടിക്കും ബന്ധപ്പെട്ട കക്ഷിക്കു തന്നെ കയ്യേറ്റം നീക്കം ചെയ്യാനുമായി 15 ദിവസം വീതം അനുവദിക്കണം.
കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയെടുക്കുന്നുണ്ടെങ്കില്‍ അതു വിഡിയോയില്‍ ചിത്രീകരിക്കണം.
നിര്‍ദേശങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നടപ്പാക്കണം, കയ്യേറ്റമൊഴിപ്പിക്കല്‍ നോട്ടിസുകള്‍ക്കായി മൂന്നു മാസത്തിനുള്ളില്‍ പോര്‍ട്ടല്‍ ഒരുക്കണം.