ബിരുദം നേടിയ ഉടന്‍ ഇനി ജഡ്ജിയാകാന്‍ കഴിയില്ല; ജുഡീഷ്യല്‍ സര്‍വീസ് നിയമനത്തിന് മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിയമം പുനസ്ഥാപിച്ച് സുപ്രീം കോടതി; ജഡ്ജി നിയമന പ്രക്രിയകള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പഴയ രീതിയില്‍ നിയമനം തുടരാം.

ബിരുദം നേടിയ ഉടന്‍ ഇനി ജഡ്ജിയാകാന്‍ കഴിയില്ല

Update: 2025-05-20 11:43 GMT

ന്യൂഡല്‍ഹി: സിവില്‍ ജഡ്ജി നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ നിയമ പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പുനസ്ഥാപിച്ച് സുപ്രീം കോടതി. കോടതികളിലെ നീതി നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ വിട്ടു വീഴ്ച വരുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2002ലാണ് മികച്ച ആളുകളെ സര്‍വീസില്‍ ലഭ്യമാക്കാന്‍ വേണ്ടി മൂന്നു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കിയത്.

2002ല്‍ ഇളവു പ്രഖ്യാപിച്ച ശേഷം നിയമ ബിരുദധാരികളുടെ ജുഡീഷ്യല്‍ സര്‍വീസിലേക്കുള്ള നിയമനം ഇതുവരെ വിജയകരമായി നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസുമാരായ എ.ജി മാസി, കെ.വി വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. ഹൈകോടതികളില്‍ ജഡ്ജിമാരായി നിയമിക്കപ്പെടുന്ന പുതിയതായി ബിരുദം നേടിയിറങ്ങുന്നവര്‍ക്ക് കോടതി നിയമ നടപടികളെക്കുറിച്ച് അറിവു കുറഞ്ഞതും തിരിച്ചടിയായി മാറി. ഇതോടെയാണ് പഴയ നിയമന മാനദണ്ഡങ്ങള്‍ സുപ്രീംകോടതി പുനസ്ഥാപിച്ചിരിക്കുന്നത്.

അഭിഭാഷക ജോലിയിലെ അനുഭവം മാനുഷിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംവേദനക്ഷമത കൂട്ടുമെന്നും കോടതി വിധിപ്രസ്ഥാവത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെയും ഹൈകോടതികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഉത്തരവ്. പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്ക് മാത്രമേ നിയമ വ്യവഹാരത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാകൂവെന്ന് അഭിപ്രായപ്പെട്ട കോടതി, മൂന്നു മാസത്തിനുള്ളില്‍ നിയമന പ്രക്രിയകള്‍ ഭേദഗതി ചെയ്യണമെന്ന് സംസ്ഥനങ്ങളെയും ഹൈകോടതികളെയും അറിയിച്ചു.

ചൊവ്വാഴ്ച വിധി വരാനിരിക്കെ ചില സംസ്ഥാനങ്ങളിലെ നിയമനപ്രകിയ കോടതി തടഞ്ഞിരുന്നു. ജഡ്ജി നിയമന പ്രക്രിയകള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പഴയ രീതിയില്‍ നിയമനം തുടരാം.അവര്‍ക്ക് അടുത്ത നിയമനത്തിലാവും റൂളുകള്‍ ബാധകമാവുക. പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നത് മുതലുള്ള ദിവസം എക്‌സ്പീരിയന്‍സില്‍ കണക്ക് കൂട്ടും. ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ വഴിയാണ് രജ്‌സ്‌ട്രേഷന്‍ നല്‍കുന്നത്.

ജുഡീഷ്യല്‍ സര്‍വീസിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും എക്‌സ്പീരിയന്‍സുള്ള അഭിഭാഷകനില്‍ നിന്നുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം സമര്‍പ്പിക്കാന്‍. പ്രിന്‍സിപ്പല്‍ ജുഡീഷ്യല്‍ ഓഫീസറാണ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുക. ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ ജഡ്ജ് അഗീകരിച്ച സര്‍ട്ടിഫിക്കറ്റ് വേണം സമര്‍പ്പിക്കാന്‍. 1993 ലെ ഓള്‍ ഇന്ത്യ ജഡ്ജസ് അസോസിയേഷന്‍ കേസിലാണ് സുപ്രീം കോടതി ജൂഡീഷ്യല്‍ നിയമനത്തിന് മൂന്ന് വര്‍ഷത്തെ എക്‌സീപീരിയന്‍സ് വേണമെന്ന് ഉത്തരവിട്ടത്. 1996ല്‍ രൂപീകരിച്ച ഷെട്ടി കമീഷന്‍ ഇത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.

Tags:    

Similar News